Kerala Plus One Admission: തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ //hscap.kerala.gov.in/ വെബ്‌സൈറ്റ് വഴി ഇന്ന് വൈകുന്നേരം അഞ്ചു മുതൽ ഓൺലൈനായി നൽകാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 14 ആണ്.

Read Here: Kerala Plus One Result 2020: കേരള പ്ലസ് വൺ; പരീക്ഷാഫലം ഓൺലൈനായി എങ്ങനെ അറിയാം

അപേക്ഷയോടൊപ്പം ഇപ്പോൾ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും ഓൺലെെൻ അപേക്ഷയുമായി ബന്ധപ്പെട്ട് സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. പ്രധാനാധ്യാപകന്റെ നേതൃത്വത്തിലായിരിക്കും സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുക. വിദ്യാർഥികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനു വേണ്ടിയാണിത്. മൊബെെൽ ഫോൺ വഴിയും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

പൂർണമായും ഓണലെെൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർഥികൾക്ക് തങ്ങളുടെ താൽപര്യത്തിനനുസരിച്ച് കോഴ്‌സും വിദ്യാലയവും തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ഉണ്ട്.

ട്രയൽ അലോട്ട്‌മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് 24 നുമാണ്. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കുമായി ഒറ്റ അപേക്ഷ മതി. ഒരാൾക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാൻ തടസമില്ല. വിഎച്ച്‌എസ്‌ഇ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളും ഇന്ന് മുതൽ നൽകാം.

ഹയർസെക്കൻഡറി സീറ്റ് വർധനയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. നിലവിൽ 3. 61 ലക്ഷം സീറ്റുകളാണ് ഉള്ളത്. എന്നാൽ, 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്.

അതേസമയം, പ്ലസ് വൺ ക്ലാസുകൾ എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് മാസം കൂടി സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook