scorecardresearch
Latest News

വിദേശപഠനത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയം ഫിസിക്കൽ സയൻസസ്; എൻജിനീയറിങ്ങ് സാധ്യത മങ്ങുന്നു

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ യുഎസിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികളുടെ ശതമാനം 34ൽ നിന്നു 17 ആയി കുറഞ്ഞു. ശ്രീനിധി ബാലകൃഷ്ണൻ തയാറാക്കിയ റിപ്പോർട്ട്

Indian Students, Canada, IE Malayalam

യുഎസിൽ ബിരുദത്തിനായി തയാറെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി ഫിസിക്കൽ സയൻസ്. ഇത് എൻജീനീയറിങ്ങ് പഠനത്തിന്റെ സാധ്യത കുറയ്ക്കുന്നതായി റിപ്പോർട്ട്.

എൻജീനീയറിങ്ങിനായി ഗ്രാജുവേറ്റ് റെക്കോർഡ് എക്സാമിനേഷിൽ (ജിആർഇ)
എഴുതുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ശതമാനത്തിൽ കുറവ് വന്നതായി ഡാറ്റയിൽ കാണിക്കുന്നു. അതേസമയം, ഫിസിക്‌സ്, കെമിസ്ട്രി, എർത്ത് സയൻസ് എന്നിവയുൾപ്പെടെയുള്ള ഫിസിക്കൽ സയൻസസ് വിഷയങ്ങളാണ് ഇപ്പോൾ ബിരുദത്തിനായി കൂടുതൽ തിരഞ്ഞെടുക്കുന്നത്. ജിആർഇ പരീക്ഷാ സമയത്ത് അവർ എടുക്കാൻ ഉദ്ദേശിച്ച വിഷയം വ്യക്തമാക്കിയവരുടെ വിവരങ്ങൾ അനുസരിച്ചാണ് ഡാറ്റ തയാറാക്കിയത്.

വിദേശത്തെ ബിരുദാനന്തര (യുഎസിൽ അതിനെ ഗ്രാജുവേറ്റ് എന്നാണ് പറയുന്നത്) പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണ് ജിആർഇ., പ്രത്യേകിച്ച് യുഎസിൽ. യുകെ, കാനഡ, ഓസ്‌ട്രേലിയ, അയർലൻഡ് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജിആർഇ സ്കോർ അംഗീകരിക്കാറുണ്ട്. സർവകലാശാലകൾക്ക്, ലോകമെമ്പാടുമുള്ള അപേക്ഷകരെ താരതമ്യം ചെയ്യുന്നതിനുള്ള ഒരു പൊതു മാനദണ്ഡമായി ഇത് പ്രവർത്തിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എജ്യുക്കേഷണൽ ടെസ്റ്റിംഗ് സർവീസസ് (ഇടിഎസ്) നടത്തുന്ന ജിആർഇ, ഗണിതശാസ്ത്രത്തിലും വായനയിലും എഴുത്തിലുമുള്ള പ്രാവീണ്യം വിലയിരുത്തുന്നു.

യുഎസിൽ എൻജീനീയറിങ് പഠിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയുന്നതും പ്രധാനമാണ്. പത്ത് വർഷം മുമ്പ് 34% ആയിരുന്നത് 2021-22 17% ആയി കുറഞ്ഞു. ഫിസിക്കൽ സയൻസിൽ താൽപര്യമുള്ള ജിആർഇ ഉദ്യോഗാർത്ഥികളുടെ എണ്ണം ഇതേ കാലയളവിൽ 27% ൽ നിന്ന് 37% ആയി വർധിച്ചു.

ഈ പ്രവണതയെത്തുടർന്ന്, അമേരിക്കയിലെ ഫിസിക്കൽ സയൻസ് ബിരുദ പ്രോഗ്രാമുകൾക്ക് എൻജിനീയറിങ്ങിനെ അപേക്ഷിച്ച് ജിആർഇ സ്കോറുകൾ ആവശ്യപ്പെടാൻ സാധ്യതയുള്ളതായി, മന്യ ദി പ്രിൻസ്റ്റൺ റിവ്യൂ എന്ന വിദേശ കൺസൾട്ടൻസിയുടെ അഡ്മിഷൻസ് എഡിറ്റിങ് ഹെഡ് ജി.ശാരദ പറയുന്നു. “ഉദാഹരണത്തിന്, ലൊസാഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ (യു‌സി‌എൽ‌എ) ഫിസിക്സ്, കെമിസ്ട്രി ബിരുദ പ്രോഗ്രാമുകൾക്ക് ജിആർഇ സ്കോർ ആവശ്യമാണ്. അതേസമയം, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് തുടങ്ങിയവയ്ക്ക് ഇത് നിർബന്ധമല്ലെന്ന് അവർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും നോൺ പ്രോഫിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എജ്യുക്കേഷനും ചേർന്ന് തയാറാക്കിയ ഓപ്പൺ ഡോർസ് റിപ്പോർട്ടും ഇത് സ്ഥിരീകരിക്കുന്നു. റിപ്പോർട്ട് പ്രകാരം, യുഎസിൽ എൻജിനീയറിങ് പഠിക്കുന്ന ഇന്ത്യക്കാരുടെ അനുപാതം 2009-10 ലെ 38.8 ശതമാനത്തിൽനിന്നു 2021-22ൽ 29.6 ശതമാനത്തിലേക്ക് എത്തി.

“ബിടെക് ബിരുദധാരികൾ ഇന്ത്യയിൽ കോളേജ് കഴിഞ്ഞ് ഉയർന്ന ശമ്പളമുള്ള ജോലികൾ നേടുന്നതും 50 ലക്ഷം രൂപ വാർഷിക പാക്കേജ് ലഭിക്കുന്നതും ഇപ്പോൾ സാധാരണമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. അതുകൊണ്ടായിരിക്കാം യുഎസിൽ എൻജിനീയറിങ് പഠിക്കുന്ന ഇന്ത്യക്കാരെ പണ്ടത്തെപ്പോലെ കണ്ടെത്താൻ കഴിയാത്തത്. വാസ്തവത്തിൽ, ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായതായി നിങ്ങൾ കാണും. കാരണം ഇന്ത്യയിൽ ഈ മേഖലയിലെ തൊഴിലവസരങ്ങൾ അത്ര മികച്ചതല്ല, ”ഐഐടി ഹൈദരാബാദ് ഡയറക്ടർ ബി.എസ്. മൂർത്തി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഇതുകൂടാതെ, കൂടുതൽ വിദ്യാർത്ഥികൾ ബിസിനസും ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്നു. 2012-13ൽ 1,697 പേർ മാത്രമാണ് ബിസിനസിൽ ബിരുദാനന്തര ബിരുദം നേടാനായി ജിആർഇ എടുത്തത്. 2021-22ൽ ഇത് നാലിരട്ടിയായി വർധിച്ച് 7,912 ആയി. ഹ്യുമാനിറ്റീസ്, ആർട്‌സ് വിഷയങ്ങൾ തേടുന്നവരുടെ എണ്ണം വളരെ ചെറുതാണ്. 2012-13 ലെ 0.3 ശതമാനത്തിൽ നിന്ന് 2020-21 ലും 2021-22 ലും പരീക്ഷ എഴുതുന്നവരുടെ 0.1 ശതമാനമായി കുറഞ്ഞു.

ലൈഫ് സയൻസസിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. 2012-13ൽ, ഇത് 5% ആയിരുന്നു. ഇപ്പോൾ 2% എന്ന തോതിൽ എത്തിയിരിക്കുന്നതായി ഇടിഎസിലെ ഗ്ലോബൽ ഹയർ എജ്യുക്കേഷന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ആൽബെർട്ടോ അസെറെഡ പറയുന്നു. സാമ്പത്തിക സാമൂഹിക ഘടകങ്ങൾക്ക് പുറമേ കോവിഡ്-19 പോലുള്ളയവയും ചില ബയോമെഡിക്കൽ സയൻസ് പ്രോഗ്രാമുകൾക്ക് ഇനി ജിആർഇ ആവശ്യമില്ലെന്ന പ്രവണതയ്ക്ക് ഭാഗികമായി കാരണമാകാം.

വാൻഡർബിൽറ്റ് സർവകലാശാലയും ഷാർലറ്റിലെ നോർത്ത് കരോലിന സർവകലാശാലയും ചേർന്ന് 2017-ൽ നടത്തിയ സർവേയിലൂടെ ജിആർഇ സ്കോറുകളും ബയോമെഡിക്കൽ വിജയവും തമ്മിൽ പരിമിതമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിലൂടെ മാറ്റത്തെ ഭാഗികമായി വിശദീകരിക്കാമെന്ന് ശാരദ അഭിപ്രായപ്പെട്ടു. പിഎച്ച്ഡി പ്രോഗ്രാമുകൾ, ബയോളജി, മെഡിസിൻ, അനുബന്ധ ഫാക്കൽറ്റികൾ എന്നിവ പ്രവേശന പ്രക്രിയയുടെ ഭാഗമായി ജിആർഇ സ്കോറുകൾ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

ചില വിദ്യാർത്ഥികൾക്ക് ലൈഫ് സയൻസസ് പഠത്തിന് ചായ്‌വുള്ളതായി ഓപ്പൺ ഡോർസ് റിപ്പോർട്ടിൽ പറയുന്നു. ലൈഫ് സയൻസ് പ്രോഗ്രാമുകളിൽ എൻറോൾ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 2013-14-ൽ 10% ആയിരുന്നത് 2021-22-ൽ 6.5% ആയി കുറഞ്ഞിരുന്നു.

എന്നിരുന്നാലും, പരീക്ഷസമായത്ത് ലഭിച്ച ഡാറ്റ മാത്രമാണിതെന്ന് ഇടിഎസ് പറയുന്നു. എൻറോൾ ചെയ്തുകഴിഞ്ഞാൽ വിഷയങ്ങൾ മാറിയേക്കാം.

യുഎസ് സർവകലാശാലകളിലെ രാജ്യാന്തര വിദ്യാർത്ഥികളിൽ രണ്ടാം സ്ഥാനം ഇന്ത്യൻ വിദ്യാർഥികൾക്കാണ്. 2021-22 ൽ, ഇന്ത്യയിൽനിന്നും 199,182 വിദ്യാർത്ഥികൾ അമേരിക്കയിൽ പഠനത്തിനെത്തി , മുൻ വർഷത്തേക്കാൾ 18.9% വർധനവ്. ബിരുദ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വളർന്നു. 2021-22 ൽ 48% വർധനവോടെ അത് 1,02,024 ആയി. ഇത് ഇന്ത്യയിൽ ജിആർഇയുടെ പ്രധാന്യം വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ 1,11,476 പേരാണ് പരീക്ഷയെഴുതിയത്, ഇത് ചൈനയിലേതിന്റെ ഇരട്ടിയിലധികമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Physical sciences replace engineering as top choice for indian students taking gre