ബെംഗളൂരു: ട്രെയിൻ വൈകിയതിനാൽ കർണാടകയിൽ 500 ഓളം വിദ്യാർഥികൾക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് (നാഷ്ണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഹംബി എക്സ്പ്രസ് ആറു മണിക്കൂറോളം വൈകിയതാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാവാതെ വന്നതെന്നാണ് റിപ്പോർട്ട്. 16591-ഹംബി എക്സ്പ്രസ് ബെംഗളൂരുവിൽ ഉച്ചയ്ക്ക് 2.30 നാണ് എത്തിയത്. നീറ്റ് പരീക്ഷ എഴുതുന്നവർക്കുളള റിപ്പോർട്ടിങ് സമയം 1.30 ആയിരുന്നു.

വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതെ പോയതിൽ ഇന്ത്യൻ റെയിൽവേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ”മറ്റുളളവരുടെ നേട്ടങ്ങൾ സ്വന്തം പേരിലാക്കുന്ന നരേന്ദ്ര മോദി, സ്വന്തം ക്യാബിനറ്റിലെ മന്ത്രിമാരുടെ കഴിവില്ലായ്മയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. ട്രെയിൻ വൈകിയതിനാൽ കർണാടകയിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. അടുത്ത ഏതാനും ദിവസത്തേക്കെങ്കിലും ശരിയായ വണ്ണം ജോലി ചെയ്യാൻ പീയുഷ് ഗോയലിനോട് നരേന്ദ്ര മോദി പറയണം. ഇന്നു പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർഥികൾക്ക് വീണ്ടും എഴുതാനുളള അവസരം ഒരുക്കണം,” സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

NEET 2019: പഠിച്ചതുകൊണ്ട് കഴിഞ്ഞില്ല; നീറ്റ് പരീക്ഷയിൽ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം

”എന്റെ പരീക്ഷാ കേന്ദ്രം ബെംഗളൂരുവിലെ ദയാനന്ദ് സാഗർ കോളേജ് ആയിരുന്നു. എനിക്ക് ഇന്നു പരീക്ഷ എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല,” വിദ്യാർഥി സുഹാസ് ട്വിറ്ററിൽ കുറിച്ചു.

സൗത്ത് സെൻട്രൽ ഡിവിഷനിലെ ഗുണ്ട്കലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ വൈകിയതെന്ന് റെയിൽവേ വിശദീകരിച്ചു. ”ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർക്കെല്ലാം ട്രെയിൻ സമയം പുനഃക്രമീകരിച്ചത് സംബന്ധിച്ച മുന്നറിയിപ്പ് മൊബൈലിൽ എസ്എംഎസ് അയച്ചിരുന്നു,” സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഇ.വിജയ പറഞ്ഞു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിരവധി വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റിയിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയായിരുന്നു നീറ്റ് പരീക്ഷ. രാജ്യത്താകമാനം 15.19 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷം പേരാണ് ഇത്തവണ കൂടുതലായി പരീക്ഷ എഴുതിയത്. കേരളത്തിൽ വിവിധ ജില്ലകളിലായി 96,.535 പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ പരീക്ഷ മാറ്റിവച്ചു. എംബിബിഎസ്, ബിഡിഎസ് ഉള്‍പ്പെടെയുളള മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഇന്ന് നടന്നത്.

നീറ്റ് പരീക്ഷയുടെ സുതാര്യമായ നടത്തിപ്പിന് നാഷണൽ ടെസ്റ്റിങ് ഏജൻസി കർശന നിയന്ത്രണങ്ങൾ ഇത്തവണ ഏർപ്പെടുത്തിയിരുന്നു. ഡ്രസ് കോഡ് ആയിരുന്നു പ്രധാനമായും ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡ്രസ് കോഡാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി നിഷ്‌കർശിച്ചത്. ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കുവാൻ. ഫുൾ സ്ളീവ് വസ്ത്രങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ഷൂ ധരിക്കുന്നതും ഒഴിവാക്കണമെന്ന് നിഷ്‌കർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook