scorecardresearch
Latest News

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഘട്ടംഘട്ടമായി; സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് 2.6 ലക്ഷം കുട്ടികള്‍ക്കാണ് ഡിജിറ്റല്‍ ക്ലാസ് സൗകര്യമില്ലാത്തത്

V Sivankutty, Education Minister
ഫൊട്ടോ: ഫേസ്ബുക്ക്/ വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഡിജിറ്റല്‍ ക്ലാസുകള്‍ രണ്ട് ആഴ്ച ട്രയല്‍ അടിസ്ഥാനത്തിലായിരിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഉറപ്പാക്കിയ ശേഷമാണ് തുടർ ക്ലാസുകൾ നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി. റോജി എം.ജോണിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസിനായിരുന്നു മറുപടി.

“ഓൺലൈൻ ക്ലാസുകൾ ഘട്ടംഘട്ടമായി നടപ്പാക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർനെറ്റ് സൗകര്യവും 1.2 ലക്ഷം ലാപ്ടോപ്പുകളും 70,000 പ്രോജക്ടുകളും പഠനത്തിന് ഉപയോഗിക്കാൻ ഈ വർഷവും അനുമതി നൽകിയിട്ടുണ്ട്,” മന്ത്രി വ്യക്തമാക്കി

2020 – 21 അധ്യയനവർഷം സ്കൂൾ തുറന്ന് യഥാർത്ഥ ക്ലാസ് തുടങ്ങാൻ സാധിച്ചില്ല. ആയതിനാൽ പരമാവധി അധ്യയന ദിനം ലഭ്യമാകുന്ന വിധത്തിൽ അവധിദിനം കൂടി പ്രയോജനപ്പെടുത്തി. കൈറ്റ് – വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് നൽകാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 2020 ജൂൺ ഒന്നുമുതൽ രണ്ടാഴ്ചത്തേക്ക് ട്രയലായും പിന്നീട് സാധാരണ രീതിയിലും ക്ലാസുകൾക്ക് തുടക്കംകുറിച്ചു.

Also Read: സ്കൂളുകളിൽ അധ്യയന വർഷം ആരംഭിച്ചു; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ക്ലാസ് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ട്രയൽ നടത്താൻ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഡിജിറ്റൽ വീഡിയോ ക്ലാസ് കാണുന്നതിന് ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് ഒരു സർവേ നടത്തി. ഏകദേശം 2.6 ലക്ഷം കുട്ടികൾക്ക് ഇപ്രകാരമുള്ള സൗകര്യം ഇല്ലെന്ന് പ്രാഥമികമായി കണ്ടെത്തി.

ട്രയൽ ക്ലാസുകളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ടോയെന്നും അവർക്ക് ക്ലാസുകൾ കാണുന്നതിനുള്ള ഉപകരണങ്ങളുടെ ദൗർലഭ്യത ഉണ്ടോയെന്നും സ്കൂൾ- ക്ലാസ് തലത്തിൽ അധ്യാപകർ നേരിട്ട് വിലയിരുത്തുകയും കുടുംബശ്രീ, പിടിഎ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവയുടെ സഹകരണത്തോടെ അടിയന്തര യോഗങ്ങൾ ചേർന്ന് ഓരോ കുട്ടിക്കും ക്ലാസുകൾ ലഭിക്കുന്നതിനുള്ള ശ്രമം നടത്തിയെന്ന് മന്ത്രി വിശദീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Online class facilities will be ensured says education minister