ഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്താനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചു. മാർച്ച് രണ്ട് മുതൽ പതിനേഴ് വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെയാണ് പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട് പരീക്ഷക്ക് 15 ദിവസം മുൻപ് പ്രഖ്യാപിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 14 മുതൽ നൽകിയിരുന്നു.
Read Also: ഐസിഎസ്ഇ പത്താംക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി
കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും ഉദ്യോഗാര്‍ഥികളുടേയും പരീക്ഷ നടത്തിപ്പുകാരുടേയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് യുജിസി-നെറ്റ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് യുജിസി പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ മാറ്റി വെച്ചിരുന്നു. ഏപ്രിൽ 18 ഞായറാഴ്ച നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വെച്ചത്. അതുകൂടാതെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി വെക്കുകയും ചെയ്തിരുന്നു.