ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്-യുജി) ഫലം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. മൃണാൾ കുട്ടേരി, തൻമയ് ഗുപ്ത, മലയാളിയായ കാർത്തിക ജി നായർ എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാംറാങ്ക് കരസ്ഥമാക്കി.
റോൾ നമ്പർ, ജനന തീയതി എന്നിവ നൽകി neet. nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. സ്കോർകാർഡ് വിദ്യാർത്ഥികൾക്ക് ഇ-മെയിൽ മുഘേനയും ലഭിക്കും.
ഒന്നാം റാങ്ക് നേടിയ മൂന്ന് വിദ്യാർത്ഥികളും മുഴുവൻ മാർക്കായ 720ൽ 720 ഉം നേടിയവരാണ്. കാർത്തിക ജി നായരാണ് പെൺകുട്ടികളിൽ ഒന്നാം റാങ്ക്. മലയാളിയായ കാർത്തിക മുംബൈയിൽ ആണ് സ്ഥിരതാമസം. മൃണാൾ ആഗ്ര സ്വദേശിയും തൻമയ് ഗുപ്ത ദില്ലി സ്വദേശിയുമാണ്. കേരളത്തിൽ നിന്നുള്ള ഗൗരിശങ്കർ എസ് 17-ാം റാങ്ക് നേടി. ആകെ 8,70,081 പേരാണ് യോഗ്യത നേടിയത്.

സെപ്റ്റംബർ 12 നാണ് നീറ്റ് പരീക്ഷ നടന്നത്. രാജ്യത്തെ 202 നഗരങ്ങളിലെ 3,858 കേന്ദ്രങ്ങളിലായി 16,14,777 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.