NTA NEET 2021 on 12th September: Application Date Announced: മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഈ വർഷം സെപ്തംബർ 12ന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. നീറ്റിനായി ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അപേക്ഷാ പ്രക്രിയ ആരംഭിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്താകെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ സംഘടിപ്പിക്കുക എന്ന് മന്ത്രി അറിയിച്ചു. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വെബ്സൈറ്റുകൾ വഴി പരീക്ഷയ്ക്ക് അപേക്ഷിക്കാം.
സാമൂഹ്യ അകല ചട്ടങ്ങൾ പാലിക്കുന്നതിനായി നീറ്റ് സംഘടിപ്പിക്കുന്ന നഗരങ്ങളുടെ എണ്ണം വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു. 155ൽ നിന്ന് 198 ആയാണ് ഉയർത്തിയത്.
പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 3862 പരീക്ഷാ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഇതിൽ നിന്ന് വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെ മാസ്ക് ലഭ്യമാക്കും എന്നും മന്ത്രി അറിയിച്ചു. കോവിഡ് നിയന്ത്രണ ചട്ടങ്ങൾ ഉറപ്പാക്കുന്നതിനാണ് ഇതെനന്നും മന്ത്രി പറഞ്ഞു.
“കോവിഡ് ചട്ടങ്ങൾ ഉറപ്പാക്കാൻ പരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാ പരീക്ഷാർത്ഥികൾക്കും മാസ്ക് നൽകും,” മന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.
ഘട്ടം ഘട്ടമായാണ് പരീക്ഷാ ഹാളുകളിലേക്ക് പ്രവേശനം അനുവദിക്കുക. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതും ഇതേ രീിയിലാവും. സമ്പർക്കമില്ലാത്ത രീതിയിലാകും പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷനെന്നും മന്ത്രി അറിയിച്ചു.
“എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ കൃത്യമായ സാനിറ്റേഷൻ സൗകര്യങ്ങൾ ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ചാവും ഇരിപ്പിടങ്ങൾ സ്ഥാപിക്കുക,” മന്ത്രി അറിയിച്ചു.
Read More: CBSE Class 10th, 12th result: 10, 12 പരീക്ഷാ ഫലം വൈകുമെന്ന് സിബിഎസ്ഇ; ഈ ആഴ്ച പ്രഖ്യാപിക്കില്ല