JEE Main 2020 Exam: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് (ജെഇഇ) പരീക്ഷകൾ തുടങ്ങി. കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെയാണ് പരീക്ഷകൾ നടക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി പരീക്ഷ നടത്തുന്ന ഏജൻസി പ്രത്യേക സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Read in English: NTA JEE Main 2020 LIVE UPDATES: Shoes with thick sole not allowed in exam hall, check new guidelines
പരീക്ഷാ ഹാളുകൾ കൃത്യമായി അണുവിമുക്തമാക്കിയും മാസ്കുകളും കയ്യുറകളും നിർബന്ധമാക്കിയുമാണ് പരീക്ഷകൾ നടക്കുന്നത്. ഇതിനായി ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 10 ലക്ഷം മാസ്കുകൾ, 10 ലക്ഷം ജോഡി കയ്യുറകൾ, 1,300 ഇൻഫ്രാറെഡ് തെർമോമീറ്റർ ഗൺ, 6,600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, തുല്യ അളവിൽ അണുനാശിനി ദ്രാവകം, 6,600 സ്പോഞ്ചുകൾ, 3,300 സ്പ്രേ ബോട്ടിലുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷാഹാളും പരിസരവും വൃത്തിയാക്കാനും മറ്റുമായി 3,300 ക്ലീനിംഗ് സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. 13 കോടിയോളമാണ് ഈ സുരക്ഷാക്രമീകരണങ്ങൾക്കായി ചെലവിട്ടിരിക്കുന്നത്. 570 പരീക്ഷാകേന്ദ്രങ്ങൾ എന്നത് ഈ വർഷം വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് 660 കേന്ദ്രങ്ങളായി വിപുലീകരിച്ചിട്ടുണ്ട്. കേരളത്തിൽ 13 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിങ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ന് മുതൽ സെപ്റ്റംബർ 6 വരെ എല്ലാ ദിവസവും മൂന്ന് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ്. രണ്ടാമത്തെ ഷിഫ്റ്റ് 3 മണിക്ക് ആരംഭിക്കും. പരീക്ഷകൾക്ക് ഇടയിൽ പരീക്ഷാകേന്ദ്രങ്ങൾ പൂർണമായും അണുവിമുക്തമാക്കാനുള്ള സമയം ലഭിക്കാനാണ് 2 മണിയ്ക്ക് തുടങ്ങേണ്ട ഷിഫ്റ്റ് 3 മണിയായി ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് എത്തുന്ന ആദ്യ ഷിഫ്റ്റിലേക്കുള്ള വിദ്യാർത്ഥികൾ ഏഴു മണി മുതലും രണ്ടാം ഷിഫ്റ്റിലേക്കുള്ളവർ 11 മണി മുതൽ റിപ്പോർട്ട് ചെയ്തു തുടങ്ങണം. രജിസ്ട്രേഷൻ റൂമിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ ശരീര താപനില തെർമൽ ഗൺ ഉപയോഗിച്ച് രേഖപ്പെടുത്തും. കൃത്യമായ പരിശോധനയ്ക്ക് ശേഷം, അലോക്കേഷൻ ചാർട്ട് പരിശോധിച്ച് റോൾ നമ്പർ അനുസരിച്ച് വിദ്യാർത്ഥികളെ പരീക്ഷാ മുറിയിലേക്ക് കടത്തിവിടും.
കോവിഡ് പശ്ചാത്തലത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നതിനെതിരെ കോൺഗ്രസ് ഉൾപ്പെടെ വിവിധ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ആ പ്രതിഷേധങ്ങൾക്കിടെയാണ് പരീക്ഷകൾ നടക്കുന്നത്.