സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി 2023 ജനുവരി ഏഴ് വരെ നീട്ടി. 2022-23 അധ്യായന വര്‍ഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുക.
കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇസിആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ടവരുടെയും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടേയും(വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല) മക്കളുടെ ഉപരിപഠനത്തിനാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
പഠിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക്കുള്ളവരും, റഗുലര്‍ കോഴ്സിന് പഠിക്കുന്നവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷകര്‍.
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. http://www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (918802012345 (വിദേശത്തുനിന്നും മിസ്സ്ഡ്സ കോള്‍ സര്‍വ്വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന സര്‍ക്കാര്‍ വിഹിതവും, നോര്‍ക്കറൂട്ട്സ് ഡയറക്ടേഴ്സ് വിഹിതവും ഉള്‍പ്പെടുത്തിയാണ് നോര്‍ക്ക ഡയറക്ടേഴസ് സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ അധ്യായന വര്‍ഷം 350 വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം രൂപ സ്കോളര്‍ഷിപ്പിനത്തില്‍ അനുവദിച്ചിരുന്നു. നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്‍മാനും ഡയറക്ടറുമായ എം.എ.യൂസഫലി, ഡയറക്ടര്‍മാരായ ഡോ.ആസാദ് മൂപ്പന്, ഡോ, രവി പിളള, ജെ.കെ.മേനോന്, സി.വി.റപ്പായി, ഒ.വി.മുസ്തഫ എന്നിവരാണ് പദ്ധതിക്കായി തുക സംഭാവന ചെയ്തിട്ടുള്ളത്.