ന്യൂഡൽഹി: ഇന്ത്യയിലും വിദേശത്തുമുള്ള അംഗീകൃത സർവകലാശാലകളിൽ/സ്ഥാപനങ്ങളിൽ നിന്നും ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർത്ഥികളിൽ നിന്നും ഇന്റേൺഷിപ്പിനായി നിതി ആയോഗ് അപേക്ഷ ക്ഷണിച്ചു. നിതി ആയോഗിന്റെ സെല്ലുകൾ/ഡിവിഷനുകൾ എന്നിവയുമായി അടുത്ത് പ്രവർത്തിക്കാൻ അപേക്ഷകർക്ക് അവസരം ലഭിക്കും.
എല്ലാ മാസവും ഒന്നാം തീയതി മുതൽ പത്താം തീയതി മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് തുറന്നിരിക്കും. ഇന്റേൺഷിപ്പ് സമയത്ത് വേതനം ലഭിക്കില്ല.
യോഗ്യത
അപേക്ഷകർ ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിലെ/സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരിക്കണം.
ബിരുദ അപേക്ഷകർ നാലാം സെമസ്റ്റർ അല്ലെങ്കിൽ രണ്ടാം വർഷ ടേം-എൻഡ് പരീക്ഷകൾ പൂർത്തിയാക്കിയിരിക്കണം. കൂടാതെ, 12-ാം ക്ലാസിൽ കുറഞ്ഞത് 85 ശതമാനം മാർക്ക് നേടിയിരിക്കണം.
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ഒന്നാം വർഷ അല്ലെങ്കിൽ രണ്ടാം സെമസ്റ്റർ പരീക്ഷകൾ പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ബിരുദപഠനത്തിൽ 70 ശതമാനത്തിൽ താഴെ മാർക്ക് നേടിയിരിക്കരുത്.
ഗവേഷക വിദ്യാർത്ഥി ബിരുദത്തിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
കാലയളവ്
ഇന്റേൺഷിപ്പിന്റെ കാലയളവ് കുറഞ്ഞത് ആറാഴ്ചയെങ്കിലും ആയിരിക്കുമെങ്കിലും ആറ് മാസത്തിൽ കൂടരുത്.
ഹാജർ
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇന്റേണുകൾക്ക് കുറഞ്ഞത് 75 ശതമാനം ഹാജർ വേണം. ഹാജർനില 75 ശതമാനത്തിൽ കുറവാണെങ്കിൽ, ഇന്റേൺഷിപ്പ് കാലാവധി നീട്ടിനൽകില്ല.
അപേക്ഷിക്കേണ്ട വിധം
https://workforindia.niti.gov.in/intern/InternshipEntry/homepage.aspx എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികൾ https://www.niti.gov.in/sites/default/files/2023-01/NITI_Internship_Guidelines_17012023.pdf ഈ ലിങ്ക് തുറക്കുക.