/indian-express-malayalam/media/media_files/uploads/2023/06/Students-1.jpg)
(എക്സ്പ്രസ് ഫൊട്ടോ: ഗർമീത് സിങ്/ പ്രതീകാത്മക ചിത്രം)
ചെന്നൈ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു തമിഴ്നാട് സർക്കാർ. എന്നാൽ പരീക്ഷയുടെ ഫലപ്രഖ്യാപനം വന്നപ്പോൾ ആദ്യ 50 സ്ഥാനങ്ങളിൽ എക്കാലത്തെയും ഉയർന്ന നേട്ടം സംസ്ഥാനം കൈവരിച്ചു. രാജ്യത്തെ നീറ്റ് ടോപ്പറിനൊപ്പം ഏറ്റവും അധികം ഉദ്യോഗാർത്ഥികൾ യോഗ്യത നേടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനവും തമിഴ്നാട് നേടി. അഞ്ച് വർഷം മുൻപ് സംസ്ഥാനത്തിന് ആദ്യസ്ഥാനങ്ങളിൽ പ്രാതിനിധ്യം പോലും ഉണ്ടായിരുന്നില്ല.
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ചൊവ്വാഴ്ച രാത്രിയാണ് നീറ്റ് യുജി ഫലം പുറത്തുവിട്ടത്. അതിൽ ആദ്യ 10 റാങ്കുകളിൽ നാലെണ്ണം തമിഴ്‌നാട്ടിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് നേടിയത്. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ പ്രഭഞ്ജൻ ജെ, ആന്ധ്രാപ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിക്കൊപ്പം 720 മാർക്കോടെ ഒന്നാം റാങ്ക് പങ്കിട്ടപ്പോൾ തമിഴ്നാട് സ്വദേശിയായ കൗതവ് ബൗരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
2019ലും 2021ലും നീറ്റിന്റെ ആദ്യ 50 റാങ്കുകളിൽ സംസ്ഥാനത്തിന് പ്രാതിനിധ്യം ഇല്ലായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷം, തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് ഉദ്യോഗാർത്ഥികൾ ഈ എലൈറ്റ് ലീഗിലെത്തി. ഈ വർഷം, ആറ് പേർ ഉയർന്ന റാങ്കുകൾ നേടിയത് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന നേട്ടമായി അടയാളപ്പെടുത്തുന്നു. എട്ട് പേരുമായി ഡൽഹിയും ഏഴ് പേരുമായി രാജസ്ഥാനുമാണ് മുൻപിലുള്ള മറ്റു സംസ്ഥാനങ്ങൾ.
എൻടിഎയിൽ നിന്ന് ഇന്ത്യൻ എക്‌സ്‌പ്രസിന് ലഭിച്ച ഡാറ്റാ പ്രകാരം തമിഴ്‌നാട്ടിൽ 95 ശതമാനവും അതിൽ കൂടുതലും സ്‌കോർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 2,307 വിദ്യാർത്ഥികളിൽ നിന്ന് ഇരട്ടിയായി. സംസ്ഥാനത്ത് നിന്ന് പരീക്ഷയെഴുതുന്ന മൊത്തം വിദ്യാർത്ഥികളുടെ 1.87 ശതമാനത്തിൽനിന്നു 3.48 ശതമാനമായി. എന്നിരുന്നാലും, ഇത് ആദ്യമായി സംസ്ഥാനത്ത് നിന്നുള്ള നിരവധി ഉദ്യോഗാർത്ഥികൾ ആദ്യ 50-ൽ ഇടംപിടിച്ചു.
2017 മുതൽ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്. നീറ്റ് അനുവദിക്കില്ല എന്നത് ഭരണകക്ഷിയായ ഡിഎംകെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളെ നീറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് വാദിച്ച് കഴിഞ്ഞ വർഷം നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നതിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർണായക പങ്ക് വഹിച്ചിരുന്നു. ബില്ലിന് ഏകകണ്ഠമായ പിന്തുണ ലഭിച്ചെങ്കിലും നാളിതുവരെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
സുപ്രീം കോടതി വിധിയെത്തുടർന്ന്, 2017-18ലാണ് രാജ്യവ്യാപകമായി എല്ലാ മെഡിക്കൽ സ്‌കൂളുകളുടെയും ഗേറ്റ്‌വേ പരീക്ഷയായി നീറ്റ് മാറിയത്. ഇതിനുമുൻപ് തമിഴ്‌നാട് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് ബോർഡ് മാർക്കുകളെയാണ് ആശ്രയിച്ചിരുന്നത്.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ നീറ്റിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നഗരപ്രദേശങ്ങളിലെ വിദ്യാർഥികളെ അപേക്ഷിച്ച് ഗ്രാമീണ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ഞെരുക്കങ്ങൾ കാരണം കോച്ചിങ് നേടാൻ കഴിയുന്നില്ല. ഇത് അസമത്വങ്ങൾ വർധിപ്പിക്കുന്നു
മെഡിക്കൽ പ്രവേശനത്തിൽ നീറ്റിന്റെ സ്വാധീനം വിലയിരുത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഒമ്പതംഗ പാനൽ, തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ചേരുന്ന ഗ്രാമീണ വിദ്യാർത്ഥികളുടെ അനുപാതം ശരാശരി 61.45 ശതമാനത്തിൽ ( 2016-17 നീറ്റിന് മുൻപ്) നിന്ന് 50.81 ( 2020-21 നീറ്റിന് ശേഷം) ശതമാനമായി കുറഞ്ഞതായി കണ്ടെത്തി.
ഈ വർഷം, മൊത്തം 11.44 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷയ്ക്ക് യോഗ്യത നേടിയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 1.52 ലക്ഷം കൂടുതലാണ്. 2022-ല്‍ നിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗങ്ങളിലും കട്ട് ഓഫ് മാർക്കുകൾ ഇത്തവണ ഉയര്‍ത്തിയിരുന്നു. 2023ലെ അൺ റിസർവ്ഡ് വിഭാഗം വിദ്യാർത്ഥികളുടെ കട്ട് ഓഫ് കഴിഞ്ഞ വർഷം 715-117 ആയിരുന്നത് 720-137 ആയി ഉയർന്നു. അതുപോലെ, എസ്‌സി, എസ്ടി, ഒബിസി മെഡിക്കൽ ഉദ്യോഗാർത്ഥികളുടെ കട്ട് ഓഫ് ഈ വർഷം 116-93 ൽ നിന്ന് 136-107 ആയി ഉയർന്നു.
സംസ്ഥാനാടിസ്ഥാനത്തിൽ, 1.4 ലക്ഷം ഉദ്യോഗാർത്ഥികൾ യോഗ്യത നേടിയ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര (1.3 ലക്ഷം), രാജസ്ഥാൻ (1 ലക്ഷം) എന്നിവർ തൊട്ടുപിന്നിലുണ്ട്. മെയ് 7 ന് നടന്ന നീറ്റ് യുജി പ്രവേശന പരീക്ഷയ്ക്ക് 20.87 ലക്ഷം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നു. ഏകദേശം 98 ശതമാനം ഹാജർ രേഖപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us