ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-പിജി) 2022 മാറ്റിവച്ചു. മാർച്ച് 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ആറ് മുതൽ എട്ട് ആഴ്ചവരെയാണ് മാറ്റിവെച്ചത്. മാറ്റിവെക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നീറ്റ്-പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് തീരുമാനം. ആറ് വിദ്യാർത്ഥികൾ ജനുവരി 25ന് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഇന്റേൺഷിപ്പ് കാലയളവ് പൂർത്തിയാകാത്തതിനാൽ നിരവധി എംബിബിഎസ് ബിരുദധാരികൾക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് അറിയിച്ചാണ് ഹർജി.
പലരും കോവിഡ് ഡ്യൂട്ടിയിലാണെന്നും അവരുടെ ഇന്റേൺഷിപ്പുകൾ മാറ്റിവച്ചുവെന്നും ഇതുമൂലം 2022 മെയ് 31-ന് തീരുമാനിച്ചിരിക്കുന്ന ഇന്റേൺഷിപ്പ് സമയപരിധി പാലിക്കാൻ കഴിയില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സമയപരിധി നീട്ടി നൽകണമെന്നും അങ്ങനെയാണെങ്കിൽ ഇന്റേൺഷിപ് കാലാവധി പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് ഹർജിയിലെ ആവശ്യം.
Also Read: ഗേറ്റ് 2022 മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി