ന്യൂഡൽഹി: ന്യൂനപക്ഷ മാനജ്മെന്റ് സ്ഥാപനങ്ങളടക്കം എല്ലാ എയ്ഡഡ്, അൺ എയ്ഡഡ് കോളേജുകളിലെയും മെഡിക്കൽ ഡെന്റൽ കോഴ്സുകൾക്ക് നീറ്റ് പ്രവേശന പരീക്ഷ ബാധകമാണെന്ന് സുപ്രീം കോടതി.

ഭരണഘടന പ്രകാരം ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ നീറ്റ് ഹനിക്കുന്നതല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 30-ാം വകുപ്പ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഭരണഘടനയുടെ മറ്റ് വകുപ്പുകൾക്ക് മുകളിലല്ലെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് നിരീക്ഷിച്ചു.

Read More: ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് തിരിച്ചുവരാം; നോർക്ക രജിസ്‌ട്രേഷൻ ഇന്നുമുതൽ

മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 30ആം വകുപ്പ് പ്രകാരമുള്ള അവകാശങ്ങൾ ലംഘിക്കാതെ യുക്തിസഹമായ നിയന്ത്രണങ്ങൾ വരുത്താമെന്നും കോടതി ഉത്തരവിൽ പറയുന്നു.

വിദ്യാഭ്യസത്തെ സേവനമായി കണ്ടുകൊണ്ട് നീറ്റിനെ വ്യാഖ്യാനിക്കുമ്പോൾ ഭരണഘടനയുടെ ഏത് സ്വഭാവമാണ് നഷ്ടപ്പെടുന്നതെന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ സംവിധാനത്തിലെ തിന്മകളെ ഒഴിവാക്കാനും തെറ്റായ കാര്യങ്ങളെ തടയാനുമാണ് നീറ്റ് പോലുള്ള നടപടികൾ ലക്ഷ്യമിടുന്നത്. അത് ഭരണഘടനയുടെ 30ആം വകുപ്പിൽ ഇടപെടുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Read More: ശസ്ത്രക്രിയ വിജയം, കോവിഡ് ഭേദമായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി

2012ലാണ് നീറ്റ് പരീക്ഷയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജി കോടതിയിൽ സമർപ്പിച്ചത്. പ്രതിവർഷം 15 ലക്ഷത്തോളം വിദ്യർഥികളാണ് മെഡിക്കൽ, ഡെന്റൽ ബിരുദ പ്രവേശനത്തിനായി നീറ്റ് എഴുതുന്നത്. മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കായി പ്രത്യേകം നീറ്റ് പരീക്ഷയും നടത്തും. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിൽ വഴിയാണ് നീറ്റ് പരീക്ഷയെത്തുടർന്നുള്ള കൗൺസിലിങ്ങ്, പ്രവേശന നടപടികൾ.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook