ന്യൂഡൽഹി: അടുത്ത വർഷം മേയ് മൂന്നിനു നടക്കുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് ആചാരപ്രകാരമുളള വസ്ത്രം ധരിക്കാൻ അനുമതി. ഇത്തരം വസ്ത്രം ധരിക്കുന്നവർ അനുവദിച്ച പരീക്ഷാ സെന്ററിൽ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ റിപ്പോർട്ട് ചെയ്യണം. ഉച്ചയ്ക്ക് 1.30 നുശേഷം പരീക്ഷാ സെന്ററിൽ എത്തുന്ന വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.

നീറ്റ് പരീക്ഷയ്ക്കെത്തുന്നവർ ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന നീറ്റ് പരീക്ഷയിൽ ആചാര പ്രകാരമുളള വസ്ത്രം ധരിക്കാൻ വിദ്യാർഥികൾക്ക് അനുമതി നൽകിയത്.

നീറ്റ് പരീക്ഷയ്ക്ക് ഇന്നു മുതൽ അപേക്ഷിക്കാം. അപേക്ഷ ഫോം നാഷണൽ ടെസ്റ്റിങ് ഏജൻസി ഇന്നു വൈകീട്ട് നാലു മണിയോടെ പ്രസിദ്ധീകരിക്കും. nta.ac.in അല്ലെങ്കിൽ ntaneet.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

ഡിസംബർ 31 വരെ അപേക്ഷ അയയ്ക്കാം. 2020 ലെ നീറ്റ് പരീക്ഷ മേയ് മൂന്നിനു തീയതി ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയാണ് നടക്കുക. 2020 മാർച്ച് 27 മുതൽ വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 2020 ജൂൺ നാലിന് പരീക്ഷാ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook