ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകള്‍ക്കു കാമ്പസുകള്‍ സ്ഥാപിക്കാന്‍ വഴിയൊരുക്കുന്നത് ഉൾപ്പെടെ വിദ്യാഭ്യാസരംഗത്ത് വൻ മാറ്റവുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി). ഉന്നത വിദ്യാഭ്യാസമേഖലയിൽ ഹയര്‍ എഡ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) എന്ന സംവിധാനം നിലവിൽ വരും. വിവിധ വിഷയങ്ങൾ ഉൾപ്പെട്ട നാലു വര്‍ഷ ബിരുദ കോഴ്സുകൾ അവതരിപ്പിക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം.

പുതിയ നിയമത്തിലൂടെ ലോകത്തെ മികച്ച 100 വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന്  കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച നയത്തില്‍ പറയുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വിദൂര കാമ്പസുകളുടെ എണത്തില്‍ വര്‍ധന നിര്‍ദേശിക്കുന്നതു കൂടിയാണു പുതിയ നയം. രാജ്യത്തിന്റെ ചരിത്രത്തിലെ, 1968 നും 1986 നും ശേഷമുള്ള മൂന്നാമത്തെ വിദ്യാഭ്യാസ നയമാണു പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാം യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവച്ച വിദേശ വിദ്യാഭ്യാസ സ്ഥാപന ബില്ലിനെക്കുറിച്ചുള്ള ബിജെപിയുടെ മുന്‍ നിലപാടിനു കടവിരുദ്ധമായ നയമാണ് ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

വിദേശസര്‍വകലാശാലകള്‍ക്ക് നിയന്ത്രണ, ഭരണ, ഉള്ളടക്കം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളില്‍ രാജ്യത്തെ മറ്റു സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു തുല്യമായ ഇളവുകള്‍ നല്‍കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം രേഖകള്‍ വ്യക്തമാക്കുന്നു.

പഠനം ഇടയ്ക്കുവച്ച് നിർത്താൻ അവസരുമുള്ള നാലു വര്‍ഷത്തെ മള്‍ട്ടി ഡിസിപ്ലിനറി ബാച്ചിലേഴ്‌സ് പ്രോഗ്രാം വീണ്ടും അവതരിപ്പിച്ചുകൊണ്ട് ബിരുദ വിദ്യാഭ്യാസരംഗത്ത് സുപ്രധാനമായ മാറ്റം അടയാളപ്പെടുത്തുന്നതു കൂടിയാണു പുതിയ നയം.

മൂന്നുവര്‍ഷത്തെ ബിഎ, ബിഎസ്സി, ബിവോക് ഉള്‍പ്പെടെയുള്ള ബിരുദകോഴ്‌സുകള്‍ തുടരുമ്പോള്‍, നാലുവര്‍ഷത്തെ പ്രോഗ്രാം പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം സര്‍ട്ടിഫിക്കറ്റോടെ കോഴ്‌സില്‍നിന്നു പുറത്തുപോകാനാകും. രണ്ടു വര്‍ഷത്തിനു ശേഷം ഡിപ്ലോമയും മൂന്നു വര്‍ഷത്തിന് ശേഷം ബിരുദവും സ്വന്തമാകും.

ഉന്നതവിദ്യാഭ്യാസത്തിന് ഒന്നാകെ വിപുലമായ ഒറ്റ നിയന്ത്രണ ഏജന്‍സിക്കു വഴിയൊരുക്കുന്നതു കൂടിയാണു പുതിയ വിദ്യാഭ്യാസ നയം. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യുജിസി), അഖിലേന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവയ്ക്കം പകരം ഹയര്‍ എഡ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) എന്ന ഒറ്റ സംവിധാനമാണു നിലവില്‍ വരിക.

പ്രൊഫഷണല്‍ കൗണ്‍സിലുകളായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍), വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വിസിഐ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍സിടിഇ), കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സിഎഎ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (എന്‍സിവിറ്റി) എന്നിവ ഇനി മുതല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സെറ്റിങ് ബോഡികളായി (പിഎസ്എസ്ബി) പ്രവര്‍ത്തിക്കും.

അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യഭ്യാസ നയം കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കും പ്രകാശ് ജാവദേക്കറും ചേർന്നാണു പ്രഖ്യാപിച്ചത്.

2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു ഈ പുതിയ വിദ്യാഭ്യാസ നയം എന്നത്. നിലവിലുള്ള എൻ‌ഇ‌പി 1986 ൽ രൂപപ്പെടുത്തി 1992 ൽ പരിഷ്കരിച്ചതാണ്. ഐഎസ്ആർഒ മുൻ മേധാവി ഡോ. കെ.കസ്തൂരിരംഗനാണ് വിദ്യാഭ്യാസനയ രൂപീകരണ സമിതി അധ്യക്ഷന്‍. രമേശ് പൊഖ്രിയാൽ മന്ത്രാലയത്തിന്റെ ചുമതലയേറ്റ വേളയിൽ തന്നെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി നയത്തിന്റെ കരട് രൂപം സമർപ്പിച്ചിരുന്നു.

മുൻപ് പുതിയ നയത്തിന്റെ കരട് പുറത്തിറക്കുകയും വിവിധ വിഭാഗങ്ങളിൽ നിന്നും മന്ത്രാലയം നിർദ്ദേശങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു. രണ്ട് ലക്ഷത്തിലധികം നിർദ്ദേശങ്ങളാണ് മന്ത്രാലയത്തിന് ലഭിച്ചത്.

Read in English: New Education Policy 2020: Govt allows foreign universities to set up campuses in India

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook