/indian-express-malayalam/media/media_files/uploads/2017/05/kottayam-college-lead.jpg)
കോട്ടയം: ലോക്ക്ഡൗൺ ഇളവുകളെത്തുടർന്ന് മഹാത്മ ഗാന്ധി സർവകലാശാല ഓഫീസുകളുടെ പ്രവർത്തനം ഇന്നു (ഏപ്രിൽ 21) മുതൽ പുനരാരംഭിക്കും. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ഓഫീസുകൾ പ്രവർത്തിക്കുക. ഗ്രൂപ്പ് എ, ബി വിഭാഗത്തിൽപ്പെടുന്ന മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകണം. സി, ഡി ഗ്രൂപ്പിൽപ്പെടുന്ന ജീവനക്കാരിൽ 33 ശതമാനം പേരാണ് ഹാജരാകേണ്ടത്. സാമൂഹിക അകലം പാലിച്ചും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ അനുസരിച്ചുമാണ് ഓഫീസുകൾ പ്രവർത്തിക്കുക.
'ബ്രേക് ദി ചെയിൻ' ക്യാംപെയിനിന്റെ ഭാഗമായി സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ കൈകൾ അണുവിമുക്തമാക്കുന്നതിന് കിയോസ്‌കുകൾ ഒരുക്കിയിട്ടുണ്ട്. കൈ കഴുകിയതിനുശേഷമേ ജീവനക്കാർ ഓഫീസിൽ പ്രവേശിക്കാവൂ. തുണി മാസ്‌കുകൾ ഉപയോഗിക്കാം. ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സെക്ഷനുകളിലേക്ക് പ്രവേശിപ്പിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.
എംജി സർവകലാശാല ജീവനക്കാർക്കായി പ്രത്യേക ഗതാഗത സൗകര്യം
സ്വന്തമായി വാഹനങ്ങളില്ലാത്തവർക്ക് ജോലിക്ക് എത്തുന്നതിനായി മഹാത്മ ഗാന്ധി സർവകലാശാല ഗതാഗത സൗകര്യം ഏർപ്പെടുത്തി. സാമൂഹിക അകലം പാലിച്ചാണ് ഗതാഗത സൗകര്യം ഉപയോഗിക്കുക. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സർവകലാശാലയിൽ എത്തുന്നതിന് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാവുന്നതാണ്. സ്വന്തമായി വാഹനമില്ലാത്തവർക്കായി എംജി സർവകലാശാല-സംക്രാന്തി (രാവിലെ 8.30)-പൂവത്തുംമൂട്-തിരുവഞ്ചൂർ-മണർകാട്-മനോരമ-പോസ്റ്റ് ഓഫീസ്-സി.എം.എസ്.- ചുങ്കം- മെഡിക്കൽ കോളജ്- സർവകലാശാല കാമ്പസ് റൂട്ടിലും(ബസ് നമ്പർ 1) സർവകലാശാല-ഏറ്റുമാനൂർ-കിടങ്ങൂർ(രാവിലെ 8.30)-പാല ടൗൺ-കൊട്ടാരമറ്റം-കുറവിലങ്ങാട്-ഏറ്റുമാനൂർ-സർവകലാശാല കാമ്പസ് റൂട്ടിലും (ബസ് നമ്പർ 2) സർവകലാശാല-തലയോലപ്പറമ്പ് (രാവിലെ ഒമ്പത്)-കടുത്തുരുത്തി-കുറുപ്പന്തറ-ഏറ്റുമാനൂർ-സർവകലാശാല കാമ്പസ് റൂട്ടിലും (ബസ് നമ്പർ 3) സർവകലാശാലയുടെ ബസ് സർവീസ് നടത്തും.
മൂന്നുപേർക്കുള്ള സീറ്റിൽ രണ്ടുപേരും രണ്ടുപേർക്കുള്ള സീറ്റിൽ ഒരാളും എന്ന കണക്കിൽ പരമാവധി യാത്രക്കാരെ ബസിൽ ഉൾക്കൊള്ളിക്കും. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. കയറുന്നതിനു മുമ്പ് നിർബന്ധമായും ബസിലെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.