കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാല 2019-20 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. നാളെ (നവംബർ 30) മുതൽ അപേക്ഷ നൽകാം. ബിരുദതലത്തിൽ ബിഎ ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഇസ്‌ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ബികോം കൊമേഴ്‌സ് എന്നീ യുജി (സിബിസിഎസ് – എസ്ഡിഇ 2017 – മോഡൽ 1 സിലബസ്) ഫുൾ കോഴ്‌സുകളാണുള്ളത്. ബിരുദാനന്തര ബിരുദതലത്തിൽ എംഎ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്‌ലാമിക് ഹിസ്റ്ററി, എംഎസ്‌സി മാത്തമാറ്റിക്‌സ്, എംകോം (സിഎസ്എസ് – 2019 – പ്രൈവറ്റ് സിലബസ്) കോഴ്‌സുകളാണുള്ളത്.

യുജി, പിജി ഫുൾ കോഴ്‌സുകൾക്ക് പിഴ കൂടാതെ ഡിസംബർ 16 വരെയും 1050 രൂപ പിഴയോടെ ഡിസംബർ 17 മുതൽ 23 വരെയും 2100 രൂപ പിഴയോടെ ഡിസംബർ 24 മുതൽ 31 വരെയും ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷ ജനുവരി 15ന് മുമ്പായി സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ സെക്ഷനിൽ നൽകാം. ഒന്നും രണ്ടും സെമസ്റ്റർ യുജി, പിജി ഫുൾ കോഴ്‌സ് രജിസ്‌ട്രേഷന് ഓൺലൈനായി അപേക്ഷിക്കണം. ഫീസ് ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടൽവഴി മാത്രം അടയ്ക്കണം.

യുജി നോൺ ഫുൾ കോഴ്‌സുകളിൽ രണ്ടുമുതൽ ആറുവരെ സെമസ്റ്ററുകളിലേക്കുള്ള റഗുലർ – പ്രൈവറ്റ് സ്ട്രീം മാറ്റം, ബികോം അഡീഷണൽ ഓപ്ഷണൽ/ഇലക്ടീവ്, അഡീഷണൽ സെക്കന്റ് ലാംഗ്വേജ്/കോമൺ കോഴ്‌സ് 2, അഡീഷണൽ ഡിഗ്രി, ഫാക്കൽറ്റി മാറ്റം, അഡീഷണൽ കോമൺ കോഴ്‌സ് 1, 2 എന്നീ വിഭാഗങ്ങളിൽ സിബിസിഎസ്-എസ്ഡിഇ-2017-മോഡൽ 1 സിലബസിൽ വ്യവസ്ഥകൾക്ക് വിധേയമായി പ്രൈവറ്റ് രജിസ്‌ട്രേഷൻ അനുവദിക്കും. പിജി നോൺ ഫുൾ കോഴ്‌സ് വിഭാഗത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് മാത്രം സിഎസ്എസ് 2019 സിലബസിൽ റഗുലർ-പ്രൈവറ്റ് സ്ട്രീം മാറ്റം അനുവദിച്ചിട്ടുണ്ട്.

യുജി, പിജി നോൺ ഫുൾ കോഴ്‌സ് രജിസ്‌ട്രേഷന് സർവകലാശാല വെബ്‌സൈറ്റിൽ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. www.epay.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി ഫീസടച്ച് ഇ-രസീത് അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. അടച്ച ഫീസ് തിരികെ ലഭിക്കില്ല.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഓഫ്‌ലൈൻ കോഴ്‌സുകളുടെ പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ‘പ്രൊഫ. ഇൻ ചാർജ് ഓഫ് പ്രൈവറ്റ് രജിസ്‌ട്രേഷൻ, മഹാത്മാ ഗാന്ധി സർവകലാശാല, തപാൽ സെക്ഷൻ, റൂം നമ്പർ 49, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686560’ എന്ന വിലാസത്തിൽ രജിസ്‌ട്രേഡ് തപാലിൽ അയയ്ക്കാം.

പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിലെ (റൂം നമ്പർ 8) ബോക്‌സിൽ നേരിട്ട് നിക്ഷേപിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭിക്കും. ഫോൺ: 0481-2733455 (ബികോം), 2733427 (പിജി), 2733365.

2019-20 അധ്യയനവർഷം പ്രവേശനം നേടുന്ന യുജി പ്രൈവറ്റ് ഫുൾ കോഴ്‌സ് വിദ്യാർഥികളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷ ഒരുമിച്ച് യുജി റഗുലർ കോളേജ് വിദ്യാർഥികളുടെ (2019 അഡ്മിഷൻ) രണ്ടാം സെമസ്റ്ററിനൊപ്പവും മൂന്നുമുതൽ ആറുവരെ സെമസ്റ്റർ പ്രൈവറ്റ് പരീക്ഷകൾ റഗുലറിനൊപ്പം സെമസ്റ്ററടിസ്ഥാനത്തിലും നടത്തും. യുജി നോൺ ഫുൾ കോഴ്‌സുകൾക്ക് രണ്ട് സെമസ്റ്റർ ഒരുമിച്ച് വാർഷികാടിസ്ഥാനത്തിൽ പരീക്ഷ നടത്തും.

ഈ അധ്യയന വർഷം പ്രവേശനം നേടുന്ന പിജി (ഫുൾ, നോൺ ഫുൾ കോഴ്‌സ്) വിദ്യാർഥികളുടെ ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷ റഗുലർ കോളേജ് വിദ്യാർഥികളുടെ (2019 അഡ്മിഷൻ) രണ്ടാം സെമസ്റ്റർ പരീക്ഷയ്‌ക്കൊപ്പവും മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് പരീക്ഷ റഗുലറിനൊപ്പം സെമസ്റ്റർ രീതിയിലും നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook