/indian-express-malayalam/media/media_files/uploads/2019/02/exam.jpg)
കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ മേയ് മൂന്നാംവാരം മുതൽ പുനരാരംഭിക്കുമെന്ന് മഹാത്മ ഗാന്ധി സർവകലാശാല പരീക്ഷ കൺട്രോളർ പറഞ്ഞു. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ യഥാക്രമം മേയ് 18, 19 തീയതികളിൽ പുനരാരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മേയ് 25 മുതൽ നടക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മേയ് 25, 28 മുതൽ അതത് കോളജുകളിൽ നടക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മേയ് 25ന് ആരംഭിക്കും. പിജി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും. യുജി രണ്ടാംസെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാംവാരം മുതൽ നടക്കും. രണ്ടാംസെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും.
Read Also: എംജി സർവകലാശാല ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിച്ചു
പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ മേയ് മാസത്തോടെ ഇളവുകൾ വരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ പുനരാരംഭിക്കാനുള്ള ടൈംടേബിളുകൾ തയ്യാറാക്കുന്നത്. സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക.
ജൂൺ ഒന്നു മുതൽ ഒമ്പതു കേന്ദ്രങ്ങളിലായി ഹോംവാല്യൂവേഷൻ രീതിയിൽ ഒരാഴ്ചകൊണ്ട് മൂല്യനിർണയനടപടികൾ പൂർത്തീകരിക്കും. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിർണയവും നടത്തുക. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കോളേജുകൾക്ക് നിർദേശം നൽകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.