കോട്ടയം: അടുത്ത വർഷം അവസാന സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം ഏപ്രിലിലും ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലം മേയ് 15ന് മുമ്പും പ്രഖ്യാപിക്കാനാണ് ശ്രമമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. 2020 അക്കാദമിക വർഷത്തെ പരീക്ഷ കലണ്ടറിന്റെ കരട് ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെയും സർവകലാശാല ജീവനക്കാരുടെ സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും വിവിധ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതിയായ പഠനദിവസം ഉറപ്പാക്കിക്കൊണ്ട് പരീക്ഷകൾ കൃത്യമായി നടത്തുകയും ഫലം അതിവേഗത്തിൽ നൽകാനുള്ള കഠിന പരിശ്രമമാണ് സർവകലാശാല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരും സർവകലാശാല ജീവനക്കാരും ഒരേ മനസോടെ പ്രവർത്തിക്കുന്നതിനാലാണ് വളരെ വേഗത്തിൽ പരീക്ഷയും ഫലപ്രഖ്യാപനവും നടത്താൻ കഴിയുന്നതെന്ന് പ്രോ.വൈസ് ചാൻസലർ പ്രൊഫ. സി.റ്റി.അരവിന്ദകുമാർ പറഞ്ഞു.

University Announcements 19 December 2019: കേരള, എംജി, കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

ബിരുദ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾ ഒക്‌ടോബറിൽ പൂർത്തീകരിച്ച് നവംബറിൽ മൂല്യനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കാനും രണ്ട്, നാല്, ആറ് സെമസ്റ്റർ പരീക്ഷകൾ മാർച്ചിൽ പൂർത്തീകരിച്ച് ഏപ്രിലിൽ മൂല്യനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കാനുമാണ് ശ്രമമെന്ന് സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി കൺവീനർ ഡോ. ആർ.പ്രഗാഷ് പറഞ്ഞു. ബിരുദാനന്തര ബിരുദ ഒന്ന്, മൂന്ന്, സെമസ്റ്റർ പരീക്ഷകൾ ഒക്‌ടോബർ-നവംബറിൽ നടക്കും. രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾ ഏപ്രിലിൽ നടക്കും. മൂല്യനിർണയമടക്കമുള്ള പരീക്ഷജോലികൾ മേയ് മാസത്തിന് മുമ്പ് പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

ബിരുദം (പ്രൈവറ്റ്) അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ ഫലം ഏപ്രിലിലും ബിരുദാനന്തര ബിരുദം (പ്രൈവറ്റ്) മൂന്ന്, നാല് സെമസ്റ്ററുകളുടെ ഫലം മേയ് 15ന് മുമ്പും പ്രസിദ്ധീകരിക്കും. ജൂൺ ഒന്നിന് ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ആരംഭിക്കും. മതിയായ പഠനദിവസം ഉറപ്പാക്കാനും കലോത്സവങ്ങൾ ക്രമീകരിക്കാനും യോഗം തീരുമാനിച്ചു. പുനർമൂല്യനിർണയത്തിന്റെ ഫലം സമയബന്ധിതമായി പ്രഖ്യാപിക്കും. 2020 അഡ്മിഷൻ മുതൽ എൽഎൽബി പരീക്ഷ നടത്തിപ്പും ടാബുലേഷനും സർട്ടിഫിക്കറ്റ് വിതരണവും ഓൺലൈനാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook