തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2020-21 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുളള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നീ കേന്ദ്രങ്ങളിൽ വച്ച് ഏപ്രിൽ 26 നാണ് പരീക്ഷ നടക്കുക.

രണ്ടു മണിക്കൂറാണ് കംപ്യൂട്ടർ അധിഷ്ഠിതമായ പ്രവേശന പരീക്ഷ. ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാപനം, ഗണിതവും മാനസികശേഷിയും, നിയമ പഠനത്തിനുളള അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുളള 200 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ ശരിയുത്തരത്തിനും 3 മാർക്ക് വീതം ലഭിക്കും. തെറ്റായ ഓരോ ഉത്തരത്തിനും ഓരോ മാർക്ക് വീതം കുറയ്ക്കും.

വിദ്യാഭ്യാസ യോഗ്യത

കേരള സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയോ, കേരളത്തിലെ ഏതെങ്കിലും സർവകലാശാല തത്തുല്യമായി അംഗീകരിച്ചിട്ടുളള മറ്റേതെങ്കിലും പരീക്ഷയോ പാസായിരിക്കണം. സംസ്ഥാന സർക്കാർ/കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുളള പ്ലസ് ടു പരീക്ഷ പാസാവുകയോ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ തത്തുല്യമായി അംഗീകരിച്ചിട്ടുളള യോഗ്യത നേടുകയോ ചെയ്തിരിക്കണം. ഈ വർഷം പരീക്ഷ എഴുതുന്നവർക്കും/ എഴുതിയവർക്കും അപേക്ഷിക്കാം.

Read Also: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിഷൻ: മാർച്ച് 16 വരെ അപേക്ഷിക്കാം

ജനറൽ/എസ്ഇബിസി വിഭാഗത്തിന് 685 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 345 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 8 മുതൽ 18-ാം തീയതി വൈകീട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അഡ്മിറ്റ് കാർഡ് മാർച്ച് 18 മുതൽ ഡൗൺലോഡ് ചെയ്യാം. ഹെൽപ്‌ലൈൻ നമ്പർ- 0471- 2525300.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook