ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ (കെവി) പ്രവേശനത്തിന് പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) പേരുകൾ ശുപാർശ ചെയ്യാവുന്ന എംപി ക്വാട്ട കേന്ദ്ര സർക്കാർ റദ്ദാക്കി. 2022-23 അധ്യയന വർഷത്തിലേക്കുള്ള പുതുക്കിയ മാർഗനിർദേശത്തിലാണ് എംപി ക്വാട്ട ഒഴിവാക്കിയത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാരുടെ മക്കൾ, എംപിമാരുടെ മക്കൾ കൊച്ചുമക്കൾ, കെവി ജീവനക്കാരുടെ മക്കൾ കൊച്ചുമക്കൾ എന്നിവർക്ക് പ്രവേശനം നൽകുന്ന പ്രത്യേക ക്വാട്ടകളും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാന്റെ വിവേചനാധികാര ക്വാട്ടയും നീക്കം ചെയ്തിട്ടുണ്ട്.
പുതുക്കിയ മാർഗനിർദേശം പുറപ്പെടുവിച്ചതായി കേന്ദ്രീയ വിദ്യാലയ സംഗതനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
എംപി ക്വാട്ടയിലൂടെ ഓരോ എംപിമാർക്കും ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ 10 വിദ്യാർത്ഥികളെ വരെ ശുപാർശ ചെയ്യാനാകും. ഈ നിയമപ്രകാരം ശുപാർശ ചെയ്യുന്ന പത്ത് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും എംപിയുടെ നിയോജകമണ്ഡലത്തിൽ നിന്നാവണം.
ലോകസഭയിലെ 543 ഉം രാജ്യസഭയിലെ 245 എംപിമാരും ചേർന്ന് പ്രതിവർഷം 7,880 അഡ്മിഷനുകളാണ് എംപി ക്വാട്ടയിൽ നൽകുക. 1975 ലാണ് എംപി ക്വാട്ട അവതരിപ്പിച്ചത്. മുൻപ് രണ്ടു തവണ ഇത് പിൻവലിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2018-19ൽ എംപി ക്വാട്ടയ്ക്ക് കീഴിൽ 8,164 വിദ്യാർത്ഥികളും 2021-22ൽ 7,301 വിദ്യാർത്ഥികളുമാണ് അഡ്മിഷൻ നേടിയത്.
നേരത്തെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പപ്രധാൻ വിദ്യാഭ്യാസ മന്ത്രിമാർക്കുള്ള പ്രത്യേക ക്വാട്ട ഒഴിവാക്കിയിരുന്നു. 2019-20ൽ 9,411 അഡ്മിഷനുകളും 2020-21ൽ 12,295 അഡ്മിഷനുമാണ് ഇതിന് കീഴിൽ ഉണ്ടായിരുന്നത്.
പരമവീര ചക്ര, മഹാവീരചക്ര, വീർചക്ര, അശോകചക്ര, കീർത്തി ചക്ര, ശൗര്യചക്ര എന്നിവ നേടിയവരുടെ കുട്ടികൾകും ധീരതാ പുരസ്കാരം ലഭിച്ചവർക്കും റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (R&AW) ജീവനക്കാരുടെ 15 കുട്ടികക്കും കോവിഡിൽ അനാഥരായ കുട്ടികൾക്കും മരിച്ച കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കൾക്കും ഫൈൻ ആർട്സിൽ പ്രത്യേക കഴിവ് തെളിയിച്ച കുട്ടികൾക്കുമുള്ള പ്രത്യേക ക്വാട്ടകൾ നിലനിർത്തിയിട്ടുണ്ട്.