തിരുവനന്തപുരം: എൽപി, യുപി, ഹൈസ്കൂൾ അധ്യാപക യോഗ്യത പരീക്ഷയായ കേരള എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്) വിജ്ഞാപനം പുറപ്പെടുവിച്ചു. കാറ്റഗറി ഒന്ന് – ലോവർ പ്രൈമറി, കാറ്റഗറി രണ്ട് -അപ്പർ പ്രൈമറി, കാറ്റഗറി മൂന്ന് -ഹൈസ്കൂൾ വിഭാഗം, കാറ്റഗറി നാല് -ഭാഷാ അധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു) യു.പി തലം വരെ, സ്പെഷലിസ്റ്റ് അധ്യാപകർ (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പരീക്ഷ.
കാറ്റഗറി ഒന്നിനും രണ്ടിനും മേയ് 12നും മൂന്ന്, നാല് കാറ്റഗറികൾക്ക് മേയ് 15നുമാണ് പരീക്ഷ. ഏപ്രിൽ മൂന്ന് മുതൽ 17 വരെ https://ktet.keralagov.in എന്ന വെബ്പോർട്ടൽ വഴി അപേക്ഷ സമർപ്പണവും ഫീസൊടുക്കലും നടത്താം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ/കാഴ്ച പരിമിതർ വിഭാഗത്തിലുള്ളവർ 250 രൂപ വീതവും ഫീസ് അടക്കണം. നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാൻ യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് തിരുത്തലുകൾ അനുവദിക്കില്ല. ഏപ്രിൽ 25 മുതൽ വെബ്സൈറ്റിൽനിന്ന് ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.