തിരുവനന്തപുരം∙ എൽപി, യുപി, ഹൈസ്കൂൾ അധ്യാപക യോഗ്യത പരീക്ഷയായ കേരള എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഏപ്രിൽ 18ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 19ന് വൈകിട്ട് 5 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. ഏപ്രിൽ 25 മുതൽ വെബ്സൈറ്റിൽനിന്ന് ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ അപേക്ഷ ‘confirm’ ചെയ്യുന്നതിന് മുമ്പ് പരിശോധിച്ച് ഉറപ്പു വരുത്തണം. അതിനുശേഷം യാതൊരുവിധ തിരുത്തലുകളും വരുത്തുവാൻ സാധ്യമല്ല. അപേക്ഷകർക്ക് അവർ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല അപേക്ഷാ സമയത്ത് തിരഞ്ഞെടുക്കാം.
കാറ്റഗറി ഒന്ന് – ലോവർ പ്രൈമറി, കാറ്റഗറി രണ്ട് -അപ്പർ പ്രൈമറി, കാറ്റഗറി മൂന്ന് -ഹൈസ്കൂൾ വിഭാഗം, കാറ്റഗറി നാല് -ഭാഷാ അധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു) യു.പി തലം വരെ, സ്പെഷലിസ്റ്റ് അധ്യാപകർ (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പരീക്ഷ. ബിഎഡ്/ഡിഎഡ്/ഡിഎൽഎഡ് അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇവർ ബിഎഡ്/ഡിഎഡ് പരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ കെ-ടെറ്റ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
കാറ്റഗറി ഒന്നിനും രണ്ടിനും മേയ് 12നും മൂന്ന്, നാല് കാറ്റഗറികൾക്ക് മേയ് 15നുമാണ് പരീക്ഷ. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ/കാഴ്ച പരിമിതർ വിഭാഗത്തിലുള്ളവർ 250 രൂപ വീതവും ഫീസ് അടക്കണം. നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടക്കാം.