സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് കൊച്ചി സ്വദേശി അന്ന ആലിസ് സൈമണിനാണ്. യൂട്യൂബർ, ഗായിക, മോട്ടിവേഷണൽ സ്പീക്കർ എന്നി നിലകളിൽ എല്ലാം തിളങ്ങുന്നതിനൊപ്പമാണ് ഈ പത്തൊൻപതുകാരിയുടെ ഈ അഭിമാന നേട്ടം. അന്ധതയ്ക്ക് കാരണമാകുന്ന മൈക്രോഫ്താൽമിയ ബാധിച്ച ഹന്ന, 500 ൽ 496 മാർക്കും നേടിയാണ് ഭിന്നശേഷി വിഭാഗത്തിൽ ഇന്ത്യയിലെ ഒന്നാം റാങ്കുകാരിയായത്.
എന്നും സാധാരണ സ്കൂളിൽ പഠിച്ച ഈ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിക്ക്, തന്റെ വെല്ലുവിളികളെ മറികടക്കാൻ ചെറുപ്പം മുതൽ തന്നെ ആവശ്യമായ പരിശീലനം ലഭിച്ചിരുന്നു.
“സാധാരണ, എന്തെങ്കിലും പരിമിതികളുള്ള ഒരു കുട്ടി ജനിച്ചാൽ, മാതാപിതാക്കൾ അവരെ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കും. പക്ഷേ, എന്റെ വീട്ടിൽ, എന്റെ അനുജന്മാർക്കുള്ള അതേ ഉത്തരവാദിത്തവും പരിഗണനയും എനിക്കും ലഭിച്ചു. അവർ എന്നെ അന്ധവിദ്യാലയത്തിലല്ലാതെ ഒരു സാധാരണ സ്കൂളിൽ തന്നെ ചേർത്തു, ”ഹന്ന ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കൺപോളകൾ പൂർണമായി വികസിക്കാതിരിക്കുകയോ ഒട്ടും തന്നെ ഇല്ലാതെയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് മൈക്രോഫ്താൽമിയ, അതുകൊണ്ട് തന്നെ താൻ മറ്റുള്ളവരിൽ നിന്ന് കാഴ്ചയിൽ വ്യത്യസ്തയാണെന്ന ബോധം അവളിൽ എപ്പോഴും നിലനിന്നിരുന്നു.
“സ്കൂളിൽ അവർ എന്നോട് വ്യത്യസ്തമായി പെരുമാറുമ്പോൾ, അത് വേദനിപ്പിച്ചു, കാരണം എന്റെ വൈകല്യത്തെക്കുറിച്ച് ഞാൻ ബോധവതിയായിരുന്നു. നാലാം ക്ലാസ് വരെ, ഞാൻ മറ്റൊരു സ്കൂളിലായിരുന്നു, അവിടെ എനിക്ക് കളിയാക്കലുകൾ നേരിടേണ്ടി വന്നു. അവർ എന്നെ ഓരോ പേരുകൾ വിളിക്കും, എന്നെ പ്രേതമെന്നും പിശാചെന്നും വിളിക്കും, ഞാൻ അവരെ ഭയപ്പെടുത്തുന്നെന്ന് അവർ പറഞ്ഞു. അഞ്ചാം ക്ലാസിൽ ഞാൻ സ്കൂൾ മാറി,’ കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഹന്ന പറഞ്ഞു.
അവൾ വളർന്നപ്പോൾ, കളിയാക്കലുകൾ കാര്യമായി ഉണ്ടായിരുന്നില്ല. “വിദ്യാർത്ഥികൾ കളിയാക്കില്ലാ, എന്നാൽ അധികം ഇടപഴകുകയുമില്ല, പരിപാടികളിൽ അധ്യാപകർ എനിക്ക് അവസരം തരാൻ ശ്രമിക്കും, ഓടരുതെന്ന് പറയും, അമിത പരിചരണം പോലും എന്നെ അടിച്ചമർത്തുന്നതായി തോന്നി. മിക്ക ആളുകൾക്കും ഞാൻ എപ്പോഴും വ്യത്യസ്തയായിരുന്നു, ”അവൾ പറഞ്ഞു.
സൈക്കോളജി, സോഷ്യോളജി, ഇക്കണോമിക്സ് എന്നിവയിൽ 100 മാർക്കും, പൊളിറ്റിക്സിൽ 99, ഇംഗ്ലീഷിൽ 97 മാർക്കും നേടിയ ഹന്നയ്ക്ക് പഠന കാര്യത്തിലും വെല്ലുവിളികൾ ഏറെയായിരുന്നു.
“ആദ്യം എനിക്ക് പാഠപുസ്തകങ്ങളുടെ പിഡിഎഫ് ഫോർമാറ്റ് ലഭിച്ചിരുന്നില്ല. ലഭിച്ചപ്പോൾ അതിൽ തെറ്റുകളും പിഴവുകളും ഉണ്ടായിരുന്നു. ഗണിതശാസ്ത്രം പഠിക്കുക എന്നതായിരുന്നു എന്റെ പ്രധാന പ്രശ്നം, പ്രത്യേകിച്ച് രൂപങ്ങൾ മനസ്സിലാക്കാൻ സ്പർശിക്കാൻ കഴിയുന്ന ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അധ്യാപകർ സാധാരണയായി ബോർഡിലാണ് കണക്കുകൾ ചെയ്യുക, അത് പിന്തുടരാൻ എനിക്ക് ബുദ്ധിമുട്ടാണ്. പക്ഷേ അവർക്ക് എന്നെ പ്രത്യേകം ശ്രദ്ധിക്കാൻ കഴിയില്ല. എന്നാൽ, എനിക്കെല്ലാം സുഖകരമാക്കാൻ അവർ കഠിനമായി ശ്രമിച്ചു, സോഷ്യൽസയൻസിൽ മാപ്പ് അധിഷ്ഠിത ചോദ്യങ്ങൾക്ക് പകരം മറ്റെന്തെങ്കിലും അത്തരം സന്ദർഭങ്ങളും അവർ എനിക്ക് തരും,” ഹന്ന പറഞ്ഞു.
ആദ്യം അൽപം ബുദ്ധിമുട്ടായിരുന്നെങ്കിലും, ഒരു സാധാരണ സ്കൂളിൽ തന്നെ ചേർക്കാനുള്ള മാതാപിതാക്കളുടെ തീരുമാനം തനിക്ക് ഏറ്റവും മികച്ചതാഎന്ന് അവൾ പറയുന്നു.
ഹന്നയുടെ അച്ഛൻ, ഒരു സ്വകാര്യ സ്ഥാപനത്തിലെ ലീഗൽ മാനേജരായ സൈമൺ, അത് എന്തുകൊണ്ടായിരുന്നു എന്ന് വിശദീകരിച്ചു. “അന്ധവിദ്യാലയങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ അവൾക്ക് പത്താം ക്ലാസ് വരെ മാത്രമേ അവിടെ പഠിക്കാൻ കഴിയൂ എന്ന് മനസ്സിലാക്കി. എന്നാൽ അവൾ അതോടെ പഠനം നിർത്തരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു. എന്റെ ഭാര്യ ലിജ തന്നെ ബ്രെയിൽ ലിപി പഠിക്കുകയും ഹന്നയെ പഠിപ്പിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
ഹന്നയുടെ അധ്യാപകരും പ്രിൻസിപ്പലും അവൾ അസാധാരണമായ കഴിവുള്ള കുട്ടിയാണെന്നാണ് പറയുന്നത്. “എന്റെ സ്വന്തം കുട്ടി കേൾവിക്കുറവുണ്ട്,ആൾ ഇവിടെയാണ് പഠിക്കുന്നത്. ഹന്നയെ സംബന്ധിച്ചിടത്തോളം, അവൾ പഠനത്തിൽ മാത്രമല്ല, അവൾ പ്രതിഭാധനയായ ഗായികയും മികച്ച പ്രാസംഗികയും അതിശയകരമായി എഴുതുകയും ചെയ്യുന്ന കുട്ടിയാണ്. ഒരു പുസ്തകം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രായത്തിലുള്ള മറ്റുകുട്ടികളേക്കാൾ ആത്മവിശ്വാസം അവൾക്കുണ്ട്, ”രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സജി വർഗീസ് പറഞ്ഞു.