scorecardresearch

കേരള സർവകലാശാല യുജി, പിജി പരീക്ഷകൾ ജൂൺ 28, 29 തീയതികളിൽ തുടങ്ങും

സർവകലാശാല പരിധിക്കകത്തുള്ള കോളേജുകളിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ വീടിനടുത്തുള്ള കോളേജിൽ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യം സർവകലാശാല ഏർപ്പെടുത്തിയിട്ടുണ്ട്

kerala university, exam, ie malayalam

തിരുവനന്തപുരം: കേരള സർവകലാശാല യുജി പരീക്ഷകൾ ജൂൺ 28 നും പിജി പരീക്ഷകൾ ജൂൺ 29 നും ആരംഭിക്കും. ബിഎസ്‌സി., ബികോം പരീക്ഷകൾ രാവിലെ 9.30 മുതൽ 12.30 വരെയും ബിഎ പരീക്ഷകൾ ഉച്ചയ്ക്കുശേഷം 2 മുതൽ 5 വരെയും ആയിരിക്കും നടത്തുക. സർവകലാശാല പരിധിക്കകത്തുള്ള കോളേജുകളിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ വീടിനടുത്തുള്ള കോളേജിൽ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യം സർവകലാശാല ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ സർവകലാശാലക്കു വെളിയിൽ വിവിധ ജില്ലകളിലായി 11 കേന്ദ്രങ്ങളിലും പരീക്ഷ നടത്തുവാൻ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഇതിനുവേണ്ടി വിദ്യാർത്ഥികളിൽനിന്ന് ഓപ്ഷൻ സ്വീകരിച്ചുകഴിഞ്ഞു. 435 ഓളം വിദ്യാർത്ഥികൾ സർവകലാശാലയുടെ പരിധിക്ക് വെളിയിലുള്ള സെന്ററുകൾ വഴി പരീക്ഷ എഴുതാൻ ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സർവകലാശാല ജീവനക്കാർ നേരിട്ട് പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകും.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർ, പരീക്ഷ ബോർഡ് ചെയർമാൻമാർ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുമായി പ്രത്യേകം പ്രത്യേകം യോഗങ്ങൾ വിസി, പിവിസി, പരീക്ഷ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിക്കഴിഞ്ഞു.

Read More: University Announcements 22 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് പരീക്ഷ നടത്തുവാൻ വേണ്ടി ആവശ്യമായ ധനസഹായവും എല്ലാ പരീക്ഷ കേന്ദ്രങ്ങൾക്കും സർവകലാശാല നൽകുന്നുണ്ട്. 500 വിദ്യാർത്ഥികളിൽ കുറവ് കുട്ടികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾക്ക് 5000 രൂപയും 500 നു മുകളിൽ കുട്ടികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾക്ക് 10,000 രൂപയും ആണ് സഹായധനം നൽകുന്നത്.

യഥാസമയം പേപ്പറുകൾ സർവകലാശാലാ ആസ്ഥാനത്ത് എത്തിച്ചു പരീക്ഷ കഴിഞ്ഞ ഉടനെ മൂല്യനിർണയം ആരംഭിക്കാനുള്ള നടപടികൾക്കും സർവകലാശാല തുടക്കം കുറിച്ചിട്ടുണ്ട്. സാധാരണ രീതിയിൽ പരീക്ഷകൾ നടത്താൻ എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കിൽ സ്വീകരിക്കേണ്ട ബദൽ രീതി സർവകലാശാല ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala university ug pg exam started date