തിരുവനന്തപുരം: അഭിമാന നേട്ടവുമായി കേരള സർവകലാശാല. നാക് റീ അക്രഡിറ്റേഷനിൽ സർവകലാശാലയ്ക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് സർവകലാശാല അഭിമാന നേട്ടം കൈവരിച്ചത്. ഐഐടി നിലവാരത്തിലുള്ള റാങ്ക് ആണിത്.
2003ല്‍ B++ റാങ്കും 2015ല്‍ A റാങ്കുമാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്. 800 മുതല്‍ ആയിരം കോടിയുടെ വരെ പ്രോജക്റ്റുകളാണ് യുജിസിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ലഭിക്കുക.
സർവകലാശാലകളിൽ ഗുണമേന്മാ വർധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വല നേട്ടങ്ങളിൽ ഒന്നാണ് കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ A++ ഗ്രേഡ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.
3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവകലാശാല ഈ അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. അഖിലേന്ത്യാ തലത്തിൽത്തന്നെ ഉയർന്ന ഗ്രേഡ് ആണിത്.
സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണിത്. മറ്റ് സര്‍വകലാശാലകളും സമാനമായ മാര്‍ഗത്തിലൂടെ മികവോടെ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. അഭിമാന നേട്ടം കൈവരിച്ച സർവകലാശാലയ്ക്കും അതിന് വേണ്ടി വിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
Read More: Kerala Plus Two Result 2022 Highlights: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; സേ പരീക്ഷ ജൂലൈ 25 മുതൽ