തിരുവനന്തപുരം: കേരള സർവകലാശാല ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് പരീക്ഷകള്‍ ജൂണ്‍ 2 മുതല്‍ 12 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും, ലക്ഷദ്വീപിലും ആയി നടത്തും. സംസ്ഥാന ഗവണ്‍മെന്റിന്റെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും എല്ലാ കോളേജുകളിലും പരീക്ഷകള്‍ നടത്തുക. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ കോളേജുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഇവ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ സിന്‍ഡിക്കേറ്റ് സെനറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുളള പരിശോധനാസംഘത്തെ സര്‍വകലാശാല നിയോഗിച്ചിട്ടുണ്ട്.

കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളള എല്ലാ മാനദണ്ഡങ്ങളും സുരക്ഷാക്രമീകരണങ്ങളും സര്‍വകലാശാല പരീക്ഷാ നടത്തിപ്പിനും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 3 മാസമായി അടഞ്ഞുകിടക്കുന്ന പരീക്ഷാകേന്ദ്രങ്ങളിലെ ക്ലാസ് മുറികള്‍, പരീക്ഷാഹാളുകള്‍ പരീക്ഷാതീയതിക്ക് മുന്‍പ് തന്നെ അണുവിമുക്തമാക്കും. ഓരോ പരീക്ഷാ സെഷന്‍ കഴിയുമ്പോഴും ക്ലാസ് മുറികള്‍, പരീക്ഷാഹാളുകള്‍ അണുവിമുക്തമാക്കുന്നതാണ്. പരീക്ഷാകേന്ദ്രത്തിലേക്ക് ഒരു പ്രവേശനകവാടം മാത്രമേ അനുവദിക്കുകയുളളൂ. പരീക്ഷാകേന്ദ്രങ്ങളിലേക്ക് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ അല്ലാതെ ആരെയും അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിലേക്ക് പരീക്ഷ തുടങ്ങൂന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമേ പ്രവേശനം അനുവദിക്കൂ.

പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തില്‍ സോപ്പും വെളളവും ഉറപ്പാക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പ്രവേശന കവാടത്തില്‍ ഹാള്‍ടിക്കറ്റ് കാണിച്ച് ബോധ്യപ്പെടുത്തേണ്ടതും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുമാണ്. ഹോട്ട്‌സ്‌പോട്ടുകള്‍/ത്രീവമേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്റൈനിലുളള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതുവാന്‍ പ്രത്യേക മുറി സജ്ജീകരിക്കും. എല്ലാ പരീക്ഷാ ഹാളിലും സാനിറ്റൈസര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും എല്ലാ വിദ്യാര്‍ത്ഥികളും ഇന്‍വിജിലേറ്റര്‍മാരും അത് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയതിനുശേഷമെ ചോദ്യപേപ്പറും ഉത്തരക്കടലാസ് വിതരണവും നടത്തുകയുളളൂ. വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും പരീക്ഷാകേന്ദ്രത്തില്‍ ഒരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ലാത്തതുമാകുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും പരീക്ഷാഹാളില്‍ പാലിക്കേണ്ടതാണ്.

Read Also: എംജി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും

ഹസ്തദാനം ഒഴിവാക്കുന്നതിന് പുറമെ പരീക്ഷാ ഹാളിനുളളില്‍ പേന, പെന്‍സില്‍, എറേസര്‍ മറ്റു പരീക്ഷാ സഹായ ഉപകരണങ്ങള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ല. കോളേജ്/പരീക്ഷാകേന്ദ്രത്തിന്റെ മുമ്പിലോ പരിസരത്തോ രക്ഷകര്‍ത്താക്കളെ തങ്ങാന്‍ അനുവദിക്കുകയില്ല. പരീക്ഷ കഴിഞ്ഞയുടന്‍ എത്രയും വേഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രത്തില്‍ നിന്നും പുറത്തുപോകേണ്ടതാണ്.

പരീക്ഷാകേന്ദ്രങ്ങള്‍

ജൂണ്‍ 2 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ്/സിആര്‍ പരീക്ഷകള്‍ക്ക് കേരള സര്‍വകലാശാല പരിധിക്കു പുറത്തു വരുന്ന ജില്ലകള്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഓരോ ജില്ലയ്ക്കും അനുവദിച്ചിട്ടുളള കോളേജിലാണ് പരീക്ഷ എഴുതേണ്ടത്.

കാസര്‍ഗോഡ് ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഗവണ്‍മെന്റ് കോളേജ്, കാസര്‍കോഡും കണ്ണൂര്‍ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവണ്‍മെന്റ് വനിതാ കോളേജ് കണ്ണൂരും, വയനാട് ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവണ്‍മെന്റ് കോളജ്, കല്‍പ്പറ്റയിലും, കോഴിക്കോട് ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് കോഴിക്കോടും, മലപ്പുറം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവണ്‍മെന്റ് കോളേജ് മലപ്പുറത്തും, പാലക്കാട് ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജ് പാലക്കാടും, തൃശ്ശൂര്‍ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജ് തൃശ്ശൂരും, എറണാകുളം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ മഹാരാജാസ് കോളേജ് എറണാകുളത്തും, ഇടുക്കി ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവണ്‍മെന്റ് കോളേജ് കട്ടപ്പനയിലും, കോട്ടയം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവണ്‍മെന്റ് കോളേജ് നാട്ടകത്തും പരീക്ഷ എഴുതേണ്ടതാണ്. ബുദ്ധ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, മുതുകുളം, ആലപ്പുഴ ഉപകേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവിടെ പരീക്ഷ എഴുതേണ്ടതാണ്. ലക്ഷദ്വീപ് നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്കായി ഗവ.ഗേള്‍സ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍, കവരത്തിയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്. മറ്റു ജില്ലകള്‍ ആവശ്യപ്പെട്ട ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികളും കവരത്തി കേന്ദ്രത്തില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook