തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള സാങ്കേതിക സർവകലാശാല ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സർവകലാശാല പരീക്ഷാസമിതി അടിയന്തര യോഗം ചേർന്നാണ് തീരുമാനമെടുത്തത്. പുതുക്കിയ തീയതികൾ പിന്നീട് തീരുമാനിക്കും.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് പരീക്ഷാ സമിതി വിലയിരുത്തി. പരീക്ഷകൾ ജൂലൈ 1 മുതൽ 8 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Read Also: എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം നാളെ ഉച്ചയ്‌ക്ക്; വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് ഇന്നലെ (ജൂൺ 28) 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook