scorecardresearch

Latest News

Kerala SSLC 2022: പത്താംക്ലാസ് കഴിഞ്ഞു; ഇനിയെന്ത്?

Kerala SSLC 2022: പ്ലസ് ടുവിന് സയൻസ് എടുക്കണോ, അതല്ല കൊമേഴ്സോ ഹ്യുമാനിറ്റീസോ എടുക്കണോ? ഇക്കാര്യങ്ങളിൽ പലർക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

ഫയൽ ചിത്രം

Kerala SSLC 2022: എസ്എസ്എൽസി ഫലം പുറത്തുവന്നിരിക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞു, ഇനി ഏതു കോഴ്സ് തിരഞ്ഞെടുക്കുമെന്നതാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുന്നിലും ഇനിയുള്ള ചോദ്യം. പത്താം ക്ലാസ് കഴിഞ്ഞാൽ ഭൂരിഭാഗം വിദ്യാർത്ഥികളും പ്ലസ് ടുവിനാണ് ചേരുന്നത്. എന്നാൽ പ്ലസ് ടുവിന് സയൻസ് എടുക്കണോ, അതല്ല കൊമേഴ്സോ ഹ്യുമാനിറ്റീസോ എടുക്കണോ? ഇക്കാര്യങ്ങളിൽ പലർക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഏതു വിഷയമായാലും കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് വേണം തിരഞ്ഞെടുക്കാൻ. പത്താം ക്ലാസ് കഴിഞ്ഞാൽ തിരഞ്ഞെടുക്കാൻ പ്ലസ് ടു മാത്രമല്ല, മറ്റു കോഴ്സുകളുമുണ്ട്. കൂടുതൽ അറിയാം.

ഹയർ സെക്കൻഡറി

ഹയർ സെക്കൻഡറിയിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ മൂന്നു മേഖലകളാണുള്ളത്.

സയൻസ്

ഹയർ സെക്കൻഡറിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നത് സയൻസ് ആണ്. വളരെ സാധ്യതകളുള്ള മേഖലയായതിനാലാണ്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായത് സയൻസാണ്. നീറ്റ് പോലുള്ള പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുന്നവർ, പാരമെഡിക്കൽ കോഴ്സുകൾ, എൻജിനീയറിങ് കോഴ്സുകൾ, ബിഎസ്‌സി നഴ്സിങ്, ബിഫാം കോഴ്സുകൾ തുടങ്ങിയവ ചെയ്യാൻ ആഗ്രഹിക്കുന്നവർ സയൻസ് തിരഞ്ഞെടുക്കണം.

സയൻസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഐടി ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണുള്ളത്. മെഡിക്കൽ രംഗം ഉപരിപഠനം ആയി ആഗ്രഹിക്കുന്നവർ ബയോളജി നിർബന്ധമായും കോഴ്സിൽ ഉൾപ്പെടുത്തണം.

കൊമേഴ്സ്

ബിസിനസ് മേഖലയിലാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ കൊമേഴ്സ് ആണ് തിരഞ്ഞെടുക്കേണ്ടത്. സയൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കുട്ടികൾ ആഗ്രഹിക്കുന്നത് കൊമേഴ്സ് ആണ്. കൊമേഴ്സ് തിരഞ്ഞെടുത്താൽ ചാർട്ടേഡ് അക്കൗണ്ടന്റ് (CA), കമ്പനി സെക്രട്ടറി, ബാങ്കിങ് മേഖല, നിക്ഷേപ മേഖല, മറ്റ് ധനകാര്യ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയും.

Read More: Kerala SSLC Result 2022: എസ്എസ്എൽസി ക്ക് 99.26 ശതമാനം വിജയം; മികവില്‍ തിളങ്ങി കണ്ണൂരും മലപ്പുറവും

ഹ്യുമാനിറ്റീസ്

ഹ്യുമാനിറ്റീസിലെ വിഷയങ്ങളായ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി ഒക്കെ സബ്ജക്ടായി എടുത്ത് ഡിഗ്രിക്ക് പോകാവുന്നതാണ്. സിവിൽ സർവീസിനോ ഇന്റർനാഷണൽ ഡിപ്ലോമാറ്റിക് കരിയറിനോ പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഹ്യുമാനിറ്റീസ് തിരഞ്ഞെടുക്കാം. സിവിൽ സർവീസ് പരീക്ഷയ്ക്ക് കൂടുതൽ സഹായകമാവുക ഹ്യുമാനിറ്റീസ് വിഷയങ്ങളാണ്.

വൊക്കേഷണൽ ഹയർ സെക്കൻഡറി

തൊഴിലധിഷ്ഠിതമായ നിരവധി കോഴ്സുകൾ വൊക്കേഷണൽ ഹയർ സെക്കൻഡറിയിലുണ്ട്. ഇതിന്റെ കൂടെ പല വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. സയന്‍സില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക് തുടങ്ങിയ വിഷയങ്ങളും, കൊമേഴ്‌സില്‍ അക്കൗണ്ടന്‍സി, ബിസിനസ്, ഇക്കണോമിക്‌സ് , സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവയും, സോഷ്യോളജി, ഹിസ്റ്ററി ,ഇംഗ്ലീഷ്, ജ്യോഗ്രഫി തുടങ്ങിയവ ഹ്യുമാനിറ്റീസ് എന്ന വിഭാഗത്തിലും പഠിക്കാന്‍ ഉണ്ടാവും. ഇതിനോടൊപ്പം തന്നെയാണ് ഒരു വൊക്കേഷണല്‍ വിഷയവും പഠിക്കേണ്ടത്.

സാങ്കേതിക പഠനം

പത്താം ക്ലാസ് കഴിഞ്ഞാൽ സാങ്കേതിക പഠനം ആഗ്രഹിക്കുന്നവർക്കുള്ളതാണ് പോളിടെക്‌നിക് കോളേജുകളിലെ എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകൾ (www. polyadmission.org). പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർവീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിൽ ജോലി ലഭിക്കുന്നതാണ്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി എൻജിനീയറിങ് ഡിഗ്രി പ്രവേശനം   തേടാം. എൻജിനീയറിങ് വിഷയങ്ങൾക്ക് പുറമെ കൊമേഴ്സ്യൽ പ്രാക്ടീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലും ഡിപ്ലോമ പഠനത്തിനു ചില പോളി ടെക്‌നിക്കുകളിൽ അവസരങ്ങളുണ്ട്.  ഐഎച്ച്ആർഡിക്ക് കീഴിലുള്ള മോഡൽ പോളിടെക്‌നിക് കോളേജുകളിലും ഡിപ്ലോമ പഠനത്തിനായി നോക്കാം. (http:// ihrd.ac.in/index.php/modelpolytechniccollege)

ഹോട്ടല്‍ മാനേജ്‌മെന്റ്‌

മാനേജ്‌മെന്റ് വിഭാഗം നല്ല ഒരു അവസരമാണ്. ഫ്രണ്ട്ഓഫീസ് ഓപറേഷന്‍, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആൻഡ് ടെക്‌നോളജി (സിപറ്റ്) എ സ്ഥാപനത്തിലെ പ്ലാസ്റ്റിക് മോള്‍ടിങ് ടെക്‌നോളജി പോലത്തെ കോഴ്‌സുകള്‍ പത്ത് കഴിഞ്ഞവര്‍ക്കുള്ള ഒരു മികവുറ്റ ശാഖയാണ്.

ഐടിഐ , ഐടിസി

ഐടിഐ, ഐടിസി വിഭാഗം വേറിട്ട പഠന രീതിയാണ്. സാങ്കേതിക നൈപുണ്യം ഉള്ളവര്‍ക്ക് കുറഞ്ഞ കാലം കൊണ്ട് വളരെ നല്ല ജോലിക്ക് ഈ പഠനം സഹായിക്കും.

Read More: Kerala SSLC Result 2022: സേ പരീക്ഷ ജൂലൈയിൽ

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാനും തൊഴിൽ നേടാനും ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം. ഒരു വർഷവും രണ്ട് വർഷവും ദൈർഘ്യമുള്ള കോഴ്‌സുകളുണ്ട്.

ഉന്നത വിദ്യാഭ്യാസം; വിഷയം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എസ്എസ്എൽസി ഫലം നാളെ വരികയാണ്. ഫലം അറിഞ്ഞു കഴിഞ്ഞാൽ പിന്നെ രക്ഷിതാക്കളും വിദ്യാർത്ഥികളും ചിന്തിച്ചു തുടങ്ങുന്നത് ഏത് വിഷയം പഠിക്കണം എന്നതിനെക്കുറിച്ചായിരിക്കും. വിദ്യാർത്ഥികളെക്കാൾ ഇക്കാര്യത്തിൽ മാതാപിതാക്കൾക്കായിരിക്കും ആശങ്ക. പ്ലസ് ടു, പോളിടെക്നിക്, ഐടിഐ തുടങ്ങി പല വഴികൾ മുന്നിലുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി വിഷയം തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

  • കുട്ടികളുടെ ഇഷ്ടം നോക്കാതെ മാതാപിതാക്കൾക്ക് ഇഷ്ടമുള്ളത് പഠിക്കാൻ പ്രേരിപ്പിക്കുന്നവരുമുണ്ട്. എന്നാൽ, മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ അവർക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുകയാണ് മാതാപിതാക്കൾ ഈ അവസരത്തിൽ ചെയ്യേണ്ടത്.
  • തീരുമാനങ്ങൾ ഒരിക്കലും കുട്ടിയെ അടിച്ചേൽപ്പിക്കരുത്. കുട്ടികളുടെ പഠനതാൽപര്യങ്ങൾ അറിഞ്ഞ് അവർക്കൊപ്പം നിൽക്കണം. അതിനു, കുട്ടയുമായി സംസാരിക്കുക. അവർക്ക് ഏത് വിഷയമാണ് പഠിക്കാൻ ഇഷ്ടമെന്ന് മനസിലാക്കി അവർക്കൊപ്പം നിൽക്കുക.
  • വിഷയം തിരഞ്ഞെടുക്കുന്നതിൽ ആശങ്ക ഉണ്ടെങ്കിൽ അധ്യാപകരുടെയും കരിയർ വിദഗ്ധരുടെയും അഭിപ്രായം തേടുക.
  • സുഹൃത്തുക്കൾ ഈ കോഴ്സാണ് പഠിക്കുന്നത്, അതിനാൽ ഞാനും ഇത് തന്നെ പഠിച്ചേക്കാം എന്നു ചിന്തിക്കുന്ന കുട്ടികളുണ്ട്. അതൊരിക്കലും ചെയ്യരുത്. ഓരോരുത്തരുടെയും കഴിവുകളും അഭിരുചികളും വ്യത്യസ്തമായിരിക്കും. സ്വന്തം കഴിവുകൾ മനസിലാക്കി കോഴ്സുകൾ തിരഞ്ഞെടുക്കുക.
  • കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപ് അവ പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, കോഴ്സ് ദൈർഘ്യം, നിലവാരം എന്നിവ കൂടി പരിഗണിക്കുക.

Read More: Kerala SSLC Result 2022: ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം; ജൂൺ 16 മുതൽ അപേക്ഷിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala sslc what subjects to choose after class 10 here are some tips