Kerala SSLC Result 2022: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയത്തിന് ശേഷമുള്ള ടാബുലേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. പരീക്ഷാ ഫലപ്രഖ്യാപനത്തിനുള്ള നടപടി ക്രമങ്ങൾ ജൂൺ ആദ്യത്തെ ആഴ്ചയോടെ പൂർത്തിയാക്കിയേക്കും. ടാബുലേഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ പരീക്ഷാബോർഡ് യോഗം ചേർന്ന പ്രാഥമിക വിശകലനം നടത്തും. അതിന് ശേഷം രണ്ടാമത് ബോർഡ് കൂടി ഫലം സംബന്ധിച്ച അന്തിമപട്ടിക പൊതുവിദ്യാഭ്യാസവകുപ്പിന് കൈമാറും.
പരീക്ഷാ മൂല്യനിർണയം നടക്കുന്ന ദിവസം തന്നെ ഓരോ പേപ്പറിലെയും മാർക്കുകൾ അതത് കുട്ടികളുടെ രജിസ്റ്റർ നമ്പർ പ്രകാരം അപ്‌ലോഡ് ചെയ്യും. വിവിധ ജില്ലകളിലും വിവിധ സ്കൂളുകളിലുമായിട്ടായിരിക്കും ഒരു വിദ്യാർത്ഥിയുടെ മൂല്യനിർണയം നടക്കുന്നതും ഫലം അപ്‌ലോഡ് ചെയ്യുന്നതും. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ഫലം ഓരോ കുട്ടിയുടെയും രജിസ്റ്റർ നമ്പർ നോക്കി രേഖപ്പെടുത്തുകയും എന്തെങ്കിലും വിട്ടുപോകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്നുള്ള പരിശോധനയും ആണ് ഇപ്പോൾ നടക്കുന്നത്. പരീക്ഷാഭവൻ കേന്ദ്രമാക്കി നടക്കുന്ന ടാബുലേഷൻ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് കരുതുന്നത്.
വേഗത്തിൽ ടാബുലേഷൻ പ്രവർത്തനങ്ങളും മറ്റും നടക്കുന്നതിനാൽ ജൂൺ പത്തോടെ ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പും കണക്കാക്കുന്നത്. മേയ് മാസം 12 ന് ആരംഭിച്ച മൂല്യ നിർണയം 15 ദിവസം കൊണ്ട് പൂർത്തിയാക്കിയിരുന്നു. മേയ് 27 ന് മൂല്യ നിർണയം പൂർത്തിയതിന് ശേഷമാണ് ടാബുലേഷൻ തുടർപ്രവർത്തനങ്ങൾ ആരംഭിച്ചത്.
Also Read: എസ് എസ് എൽ സി മൂല്യ നിർണയം നാളെ പൂർത്തിയാകും