Kerala Plus Two Result 2022: തിരുവനന്തപുരം: പ്ലസ് ടു വിജയശതമാനത്തിൽ മുൻവർഷത്തെക്കാൾ കുറവ്. ഈ വർഷത്തെ വിജയശതമാനം 83.87 ആണ്. പോയ വർഷത്തെ വിജയ ശതമാനം 87.94 ആയിരുന്നു.
പരീക്ഷാ കാലത്തെ വിമർശനങ്ങൾ ശരിയാണെന്ന് സാധൂകരിക്കുന്നതായി ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം. പരീക്ഷാ ചോദ്യങ്ങൾ രൂപീകരിച്ചത് സംബന്ധിച്ചും ഉത്തര സൂചിക സംബന്ധിച്ചും ഉയർന്ന വിവാദങ്ങൾ വിരൽ ചൂണ്ടിയത് പോലെയായി കാര്യങ്ങൾ.
കോവിഡ് സൃഷ്ടിച്ച സങ്കീർണതകളിലൂടെ കടന്നുപോയ കാലത്തായിരുന്നു ഇത്തവണത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ. കോവിഡ് രണ്ട് തരംഗങ്ങളുടെ കാലത്തെ അടച്ചിടലുകളും അത് സൃഷ്ടിച്ച ആഘാതവും പേറി മൂന്നാംതരംഗക്കാലത്ത് പ്രതിസന്ധികളിലൂടെയാണ് ഇത്തവണത്തെ പഠിത്തവും പരീക്ഷയും നടന്നത്.
Read More: Kerala PLUS TWO 2022 How to check: ഹയർ സെക്കൻഡറി ഫലം ‘പിആർഡി ലൈവ്’ ആപ്പിലും അറിയാം
എന്നാൽ, ഇതൊന്നും കണക്കാക്കാതെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച സമീപനം പരീക്ഷാക്കാലത്ത് വിദ്യാർത്ഥികളിൽ സമ്മർദ്ദം വർദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉന്നയിച്ച അധ്യാപകരെ ഉൾപ്പെടെ അച്ചടക്ക നടപടി ഭീഷണിയുടെ മുൾമുനയിലാണ് വിദ്യാഭ്യാസവകുപ്പ് നിർത്തിയത്.
കോവിഡിന് മുൻപ് നടന്നിരുന്ന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് നൽകിയുന്ന ഇളവുകൾ പോലും നൽകാതെ ചോദ്യം തയ്യാറാക്കി നൽകുകയായിരുന്നു ഇത്തവണ. കോവിഡ് ആദ്യഘട്ടത്തിൽ 2019-20 അക്കാദമിക്ക് വർഷത്തെ പരീക്ഷ. രണ്ടാം ഘട്ടത്തിൽ 2020-2021 അക്കാദമിക്ക് വർഷത്തിൽ അങ്ങേയറ്റം ലളിതമാക്കി നടത്തിയ പരീക്ഷ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. എന്നാലും പരീക്ഷ നടത്തി, മൂല്യനിർണയവും നടത്തിയാണ് കുട്ടികളെ വിജയിപ്പിച്ചതെന്നത് സർക്കാരിനും വിദ്യാർത്ഥികൾക്കും ആത്മവിശ്വാസവും നൽകിയിരുന്നു.
അതേസമയം, ഇത്തവണ പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ കോവിഡ് കാലത്തിന് മുൻപുള്ളതിനേക്കാൾ കൂടുതൽ സങ്കീർണമാക്കി മാറ്റുകയായിരുന്നു വിദ്യാഭ്യാസവകുപ്പ് ചെയ്തത്. കോവിഡ് കാലം കൊണ്ട് പതിന്നൊന്നാം ക്ലാസിൽ ഓൺലൈൻ അധ്യയനം മാത്രം നടക്കുകയും പന്ത്രണ്ടാം (പ്ലസ് ടു) ക്ലാസിലെത്തിയപ്പോൾ നവംബറിൽ ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും പിന്നീട് അതിലും മൂന്നാം തരംഗ കാലത്ത് നിയന്ത്രണം വരികയും ഒക്കെ ചെയ്ത കാലത്താണ് ഇത്തവണത്തെ പരീക്ഷ നടന്നത്.
Read More: Kerala Plus Two Result 2022: പ്ലസ് ടു പരിക്ഷാ ഫലം; എവിടെ എങ്ങനെ അറിയാം
എന്നാൽ, ഇത്തവണത്തെ പരീക്ഷയുടെ കാര്യത്തിൽ കോവിഡ് മുമ്പുള്ള കാലങ്ങളിൽ കുട്ടികൾക്ക് കൊടുത്തിരുന്ന ഇളവ് പോലും നൽകാതെ ഫോക്കസ് ഏരിയയിൽ നിന്നുള്ളതുപോലെ നോൺഫോക്കസ് ഏരിയയിൽ നിന്നും ചോദ്യങ്ങൾ വന്നു. കോവിഡിന് മുൻപ് ഒരു നിശ്ചിത ഭാഗം പാഠങ്ങൾ നന്നായി പഠിച്ചാൽ എ പ്ലസ് ലഭിക്കുമായിരുന്നു. ഫോക്കസ് ഏരിയായിൽ നിന്നുള്ള ആ ചോദ്യങ്ങളുടെ എണ്ണം ഇത്തവണ കുറച്ചു. മാത്രമല്ല, നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള എല്ലാ ചോദ്യങ്ങൾക്കും ചോയിസും ഉണ്ടായിരുന്നില്ല.
ചോയിസ് ഇല്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക എന്നത് നല്ല ഗ്രേഡിൽ ജയിക്കാൻ നിർബന്ധവുമായിരുന്നു. ഇത് ഓരോ പരീക്ഷ കഴിയുന്തോറും കുട്ടികളിൽ സമ്മർദ്ദം വർദ്ധിപ്പിച്ചിരുന്നു. ക്ലാസിൽ കുട്ടികളുമായി ബന്ധമുള്ള അധ്യാപക സമൂഹം കുട്ടികൾക്ക് സമ്മർദ്ദം വർദ്ധിപ്പിക്കുന്നതാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും വിദ്യാഭ്യാസ വകുപ്പോ ചോദ്യം തയ്യാറാക്കിയവരോ അത് തിരുത്താനോ പരിഹാര നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ലെന്ന് മാത്രമല്ല, ചൂണ്ടിക്കാട്ടിയ അധ്യപകർക്കെതിരെ നടപടിയെടുക്കുകയെന്ന സമീപനമാണ് സ്വീകരിച്ചത്.
Read More: Kerala Plus Two Result 2022 Live Updates: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്