Kerala Plus Two Result 2021 DHSE Kerala HSE 12th Exam Results: തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശനത്തിന് ഹയർസെക്കൻഡറി പരീക്ഷയുടെ മാർക്ക് കൂടി പരിഗണിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇതുവരെയായില്ല. ഓഗസ്റ്റിലാണ് എൻജിനിയറിങ് പ്രവേശന പരീക്ഷ നടക്കുന്നത്. മുൻകാലങ്ങളിൽ പ്രവേശന പരീക്ഷയുടെ മാർക്കും ഹയർസെക്കൻഡറി പരീക്ഷയുടെ മാർക്കും പരിഗണിച്ചാണ് എൻജിനിയറിങ് പ്രവേശനത്തിനുള്ള പട്ടിക തയ്യാറാക്കിയിരുന്നത്.
കേരള സിലബസിന് പുറത്ത് ഹയർസെക്കൻഡറി പരീക്ഷ നടത്തുന്ന സി ബിഎസ്ഇ പോലുള്ളവർ പരീക്ഷ നടത്താതെയാണ് പ്ലസ് ടു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ എൻജിനിയറിങ് പ്രവേശനത്തിന് ഹയർസെക്കൻഡറി പരീക്ഷയുടെ മാർക്ക് കൂടെ ചേർത്ത് കണക്കേണ്ടതില്ലെന്ന് എൻട്രൻസ് കമ്മീഷണർ അഭിപ്രായപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ സർക്കാർ തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത്. അടുത്ത ദിവസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ നടപടി ഉണ്ടാകുമെന്ന് പറയുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം പരിഗണിച്ച് പ്രവേശന പട്ടിക തയ്യാറാക്കണമെന്ന വാദത്തിനാണ് നിലവിൽ മുൻഗണന. എന്നാൽ, സർക്കാർ തീരുമാനം ഇതുതന്നെയാകുമോ എന്നതിൽ ഉറപ്പില്ല.
കേരളത്തിലെ പല സ്വാശ്രയ എൻജിനിയറിങ് കോളജുകളും കോഴ്സുകളും വിദ്യാർത്ഥികളെ ലഭിക്കാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നുണ്ട്. ഇതേസമയം, നിരവധി വിദ്യാർത്ഥികൾക്ക് സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാത്ത സ്ഥിതി വിശേഷവുമുണ്ട്.
ഇത്തവണയും ആർട്സ് ആൻഡ് സയൻസ് വിഷയങ്ങളിൽ ബിരുദ പഠനത്തിന് സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നറിയുന്നു. 20 ശതമാനം വരെ സീറ്റുകൾ വർധിപ്പിച്ചാൽ പോലും വിജയശതമാനം ഉയർന്ന സാഹചര്യത്തിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് റഗുലർ കോളജുകൾക്ക് പുറത്ത് പഠിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. മുൻവർഷങ്ങളിലും നിരവധി വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് റഗുലർ കോളജുകളിൽ പ്രവേശനം ലഭിച്ചിരുന്നില്ല.
കേരള, മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസത്തിനും പ്രൈവറ്റ് പഠനത്തിനും അനുമതി നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും എസ്എൻ ഓപ്പൺ യൂണിവേഴ്സിറ്റി വന്ന സാഹചര്യത്തിൽ ഇത് എങ്ങനെയായിരിക്കും നടപ്പാക്കുക എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എസ്എൻ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ചുളള അനിശ്ചിതത്വവും വിദ്യാർത്ഥികളിൽ ആശങ്ക ജനിപ്പിക്കുന്നതാണ്.