Kerala Plus One Trial Allotment: തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്കി വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വണ്ണിന്റെ ട്രയല്‍ അലോട്ട്മെന്റ് വ്യാഴാഴ്ചയായിരിക്കും (ജൂലൈ 28). ഓഗസ്റ്റ് മൂന്നിന് ആദ്യത്തെ പ്രവേശന പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. ഓഗസ്റ്റ് 22 നായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സമയം ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം പുറത്ത് വരുന്നത് താമസിച്ച സാഹചര്യത്തിലായിരുന്നു ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള തീയതിയും നീട്ടിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടിയത്.
പ്രവേശന നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലന്നും അത് വിദ്യാർത്ഥികളെ ബാധിക്കുമെന്നും ഇപ്പോൾ തന്നെ സമയക്രമം അതിക്രമിച്ചെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ടന്നും രണ്ട് സംവിധാനങ്ങൾ തമ്മിൽ ഏകോപനമില്ലന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എത്ര നാൾ വരെ സമയപരിധി നീട്ടാനാവുമെന്ന് കോടതി ആരാഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ലന്നും അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നുമാണ് ഹർജിക്കാർ കോടതിയില്‍ ആവശ്യപ്പെട്ടത്. സിബിഎസ്ഇ പരീക്ഷാ ഫലം വൈകുന്ന സാഹചര്യത്തിൽ പ്ലസ് വണ്‍ പ്രവേശന നടപടി നീട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം കോട്ടയ്ക്കൽ പീസ് സ്ക്കൂൾ വിദ്യാർത്ഥി അമീൻ സലിം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.