Kerala Plus One Allotment 2022: തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ വൈകുന്നു. എസ്എസ്എൽസി ഫലം വന്നു മൂന്ന് ആഴ്ച കഴിഞ്ഞിട്ടും പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ബോണസ് പോയിന്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രവേശന നടപടികൾ വൈകുന്നതിനുപിന്നിലെ കാരണമെന്നാണ് സൂചന.
ഇന്നലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ന് വൈകീട്ട് നാലിന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വിജ്ഞാപന തീയതി ഇതിൽ അറിയിക്കുമെന്നാണ് വിവരം.
ബോണസ് പോയിന്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നതിന് കാലതാമസം വരുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് കാര്യങ്ങൾ. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങൾ.
സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനത്തിന് മറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾ വളരയെധികം വരാറുണ്ട്. പത്താം ക്ലാസിൽ മറ്റ് സിലബസിലെ കുട്ടികളുടെ പരീക്ഷാ നടത്തിപ്പും ഗ്രേഡ് നൽകലും സംസ്ഥാന സിലബസിനെക്കാൾ വ്യത്യസ്തമായതിനാൽ മെറിറ്റ് മാത്രം പരിഗണിച്ചാൽ അവർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും. ഇത്തവണത്തെ കേരളാ സിലബസിലെയും മറ്റ് സിലബസിലെയും പഠനവും പരീക്ഷയും മാത്രം നോക്കിയാൽ ഇത് മനസിലാകുമെന്ന് അധ്യാപകർ പറയുന്നു.
കേരളാ സിലബസിൽ പഠിച്ച പലർക്കും പ്ലസ് വണ്ണിന് ഇഷ്ടവിഷയവും വീടനടത്തുള്ള സ്കൂളും സാധ്യമാക്കുന്നത് പലപ്പോഴും കേരള സിലബസിൽ പഠിച്ചതിനും പഠിച്ച സ്കൂളിൽ അപേക്ഷിക്കുന്നതിനും ലഭിക്കുന്ന ബോണസ് പോയിന്റാണ്. അതിനെ അട്ടിമറിക്കാനാണ് ബോണസ് പോയിന്റ് ഒഴിവാക്കാനുള്ള നീക്കം നടന്നത്.
വിമർശനം ഉയർന്നതോടെ ബോണസ് പോയിന്റ് പൂർണമായും നിർത്തലാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നീന്തൽ പോലെയുള്ള കാര്യങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് ബോണസ് പോയിന്റ് നൽകാനായിരിക്കും സർക്കാർ തീരുമാനം. ഈ നടപടി സംസ്ഥാന സർക്കാർ സിലബസിൽ പഠിച്ച കുട്ടികളെ ദോഷകരമാകുമെന്നാണ് അഭിപ്രായം.