scorecardresearch
Latest News

Kerala Plus One Allotment 2022: വിജ്ഞാപനം ഇന്ന്,  അപേക്ഷ രണ്ട് ദിവസത്തിനുള്ളിൽ; നടപടികൾ വൈകിയത് ബോണസ് പോയിന്റ് ഒഴിവാക്കുന്നതിലെ ആശയക്കുഴപ്പം

നീന്തൽ പോലെ ചില കാര്യങ്ങളിൽ മികവിനെ അടിസ്ഥാനമാക്കി ബോണസ് പോയിന്റ് നൽകിയേക്കും. സംസ്ഥാന സിലബസിൽ പഠിച്ച കുട്ടികൾക്ക് ദോഷകരമാകാൻ സാധ്യതയുള്ള തീരുമാനങ്ങൾക്ക് മുൻതൂക്കം ലഭിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു

Kerala Plus One allotment 2022, Kerala Plus One admission, Kerala Plus One allotment date, Kerala Plus One allotment school wise, Kerala Plus One allotment 2022 link, Kerala Plus One allotment 2022 candidate login, hscap. kerala.gov.in

Kerala Plus One Admission Allotment 2022 Online Application: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള തീയതി ബുധനാഴ്ച മുതല്‍ ആരംഭിക്കും. എസ് എസ് എൽ സി പുനർ മൂല്യനിർണയ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്ലസ് വൺ അപേക്ഷ നൽകാനുള്ള തീയതി പ്രഖ്യാപിക്കുക. പത്ത്, പന്ത്രണ്ട് ദിവസത്തിനുള്ളിൽ സി ബി എസ് ഇ, ഐ സി എസ് ഇ സിലബസിൽ പരീക്ഷ എഴുതിയവരുടെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവർക്കും ഇവിടെ പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള സൗകര്യം ലഭിക്കും.

കൂടുതൽ സീറ്റുകൾ ആവശ്യമായ ജില്ലകളിൽ അത് അനുവദിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആവശ്യമെങ്കിൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ബോണസ് പോയിന്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നതിന് കാലതാമസം വരുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് കാര്യങ്ങൾ. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങൾ. പരീക്ഷാക്കാലം മുതൽ ഇത് വളരെയധികം വിമർശനങ്ങൾ ഉയർത്തിയിരുന്നുവെങ്കിലും മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും മുട്ടാപ്പോക്ക് നയം തുടരുകയാണെന്ന് സി പി എം അനുകൂല അധ്യാപകരുൾപ്പടെ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥി സമൂഹത്തിന് എതിരാണ് സർക്കാർ നിലപാടെന്ന് വിമർശനത്തെ സാധൂകരിക്കുന്നതാണ് മന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രസ്താവനകൾ.

കഴിഞ്ഞ വർഷത്തെ പത്താക്ലാസ് ഫലം തമാശയായിരുന്നുവെന്നുള്ള മന്ത്രിയുടെ പരാമർശം അതിന് ഏറ്റവും പുതിയ ഉദാഹരണമായി അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ പരിഹാസത്തിന് കാരണമായിട്ടുണ്ടെങ്കിൽ അത് മന്ത്രിയുടെയും വകുപ്പിന്റെയും പിടിപ്പുകേടാണെന്നും അതിന് വിദ്യാർത്ഥികളെ ബലിയാടാക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണെന്നും അവർ പറയുന്നു.

ചില അധ്യാപകർ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാർത്ഥികളെ ശത്രുക്കളായി കാണുകയും അവർക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്യുന്നരീതിയും കണ്ടു വരുന്നുണ്ട്. അവരെല്ലാം കേരളത്തിലുള്ളവരാണ്. അവരുടെയും ഉപരിപഠനാവസരം സംരക്ഷിക്കേണ്ടതായുണ്ടെന്നും മന്ത്രി പറഞ്ഞതും അവർ ചൂണ്ടിക്കാണിക്കുന്നു. മന്ത്രി കഥയറിയാതെ ആട്ടം കാണുകയാണെന്നാണ് അവർ പറയുന്നത്. മറ്റ് സിലബസുകളിൽ സ്കൂളുകളിൽ അവിടെ പഠിച്ച കുട്ടികൾക്കാണ് മുൻഗണന. ആ സിലബസുകളിൽ കേരളാ സിലബസിൽ നിന്നുള്ള കുട്ടികൾ എത്ര പേർക്ക് പഠിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് മന്ത്രി ആലോചിച്ചിട്ടുണ്ടോ? എന്നും അവർ ചോദിക്കുന്നു.

സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനത്തിന് മറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾ വളരയെധികം വരാറുണ്ട്. പത്താം ക്ലാസിൽ മറ്റ് സിലബസിലെ കുട്ടികളുടെ പരീക്ഷാ നടത്തിപ്പും ഗ്രേഡ് നൽകലും സംസ്ഥാന സിലബസിനെക്കാൾ വ്യത്യസ്തമായതിനാൽ അവർക്ക് മെറിറ്റ് മാത്രം പരിഗണിച്ചാൽ അവർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും. ഇത്തവണത്തെ കേരളാ സിലബസിലെയും മറ്റ് സിലബസിലെയും പഠനവും പരീക്ഷയും മാത്രം നോക്കിയാൽ ഇത് മനസിലാകുമെന്ന് അധ്യാപകർ പറയുന്നു. കേരളാ സിലബസിൽ പഠിച്ച പലർക്കും പ്ലസ് വണ്ണിന് ഇഷ്ടവിഷയവും വീടനടത്തുള്ള സ്കൂളും സാധ്യമാക്കുന്നത് പലപ്പോഴും കേരള സിലബസിൽ പഠിച്ചതിനും പഠിച്ച സ്കൂളിലെ അപേക്ഷിക്കുന്നതിനും ലഭിക്കുന്ന ബോണസ് പോയിന്റാണ്. അതിനെ അട്ടിമറിക്കാനാണ് ബോണസ് പോയിന്റ് ഒഴിവാക്കാനുള്ള നീക്കം നടന്നത്. എന്നാൽ, ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് വച്ച സമീപനം വളരെയധികം പ്രതിഷേധം ഉയരുമെന്ന ഭയം കാരണം ചില മിനുക്ക് പണികൾ ചെയ്യാനും വിമർശനം വന്നാൽ ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം പഴിചാരി സർക്കാരിനും മന്ത്രിക്കും രക്ഷപ്പെടാനുമുള്ള വകുപ്പാണ് ഈ തിരിച്ചയക്കൽ നാടകമെന്ന വിമർശനവും അധ്യാപകർ ഉയർത്തുന്നു.

വിമർശനം ഉയർന്നതോടെ ബോണസ് പോയിന്റ് പൂർണമായും നിർത്തലാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നീന്തൽ പോലെയുള്ള കാര്യങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് ബോണസ് പോയിന്റ് നൽകാനായിരിക്കും സർക്കാർ തീരുമാനം. ഈ നടപടി സംസ്ഥാന സർക്കാർ സിലബസിൽ പഠിച്ച കുട്ടികളെ ദോഷകരമാകുമെന്നാണ് അഭിപ്രായം. കോവിഡ് കാലത്ത് നീന്തൽ കുളങ്ങൾ പ്രവർത്തിക്കുന്നതിന് തടസം ഉണ്ടായിരുന്നു. തുറന്നപ്പോഴും കടുത്ത മാനദണ്ഡങ്ങൾ നിലനിന്നിരുന്നു. അതിനാൽ തന്നെ ഈ കാലയളവിൽ നീന്തൽ പഠിച്ച കുട്ടികളുടെ എണ്ണം അതിൽ കഴിവ് തെളിയിച്ച കുട്ടികളുടെ എണ്ണവും തുലോം കുറവായിരിക്കും. കേരളാ സിലബസിൽ പഠിച്ച കുട്ടികൾക്കും അവർ പഠിച്ച സ്കൂളിലെ അപേക്ഷയ്ക്കും നൽകുന്ന ബോണസ് പോയിന്റ് ഒഴിവാക്കി ഇതുപോലുള്ള ബോണസ് പോയിന്റ് ഗിമ്മിക്കായിരിക്കും സർക്കാർ നടത്തുന്നതെങ്കിൽ പൊതുവിദ്യാഭ്യാസത്തിന് കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക എന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച കെ എസ് ടി എ അംഗമായ ഒരു അധ്യാപിക ആശങ്കപ്രകടിപ്പിച്ചു.

കോവിഡിന് മുൻപ് നടത്തിയിരുന്ന പരീക്ഷയ്ക്ക് നൽകിയ ഇളവുകൾ പോലും നൽകാതെയാണ് ഇത്തവണ സംസ്ഥാന സിലബസിലെ പത്താം ക്ലാസ് പരീക്ഷ നടത്തിയത് എന്ന വിമർശനം ഭരണപക്ഷത്തേത് ഉൾപ്പടെ വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, അവർക്കെതിരെ അച്ചടക്കട നടപടിയുടെ വാൾ ഉയർത്തി നിശ്ശബ്ദരാക്കുകയെന്ന തന്ത്രമാണ് മന്ത്രിയും വകുപ്പും സ്വീകരിച്ചത്. അതിനാൽ, ഇപ്പോഴത്തെ നീക്കങ്ങളിൽ ആരും പരസ്യമായി വിമർശനം ഉന്നയിക്കാൻ തയ്യാറല്ല.

ഒരു വിദ്യാർത്ഥിക്ക് എത്ര സ്‌കൂളുകളിലേക്ക് വേണമെങ്കിലും ഒന്നാം വർഷ ഹയർ സെക്കന്ററി പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂടെ തന്നെയാണ് കുട്ടികളുടെ സ്‌കൂൾ അലോട്ട്‌മെന്റും നടത്തുന്നത്

നിലവിൽ വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 33,000 സീറ്റിലേക്കും ഹയർസെക്കണ്ടറിയിലെ 1,83,085 ഗവൺമെന്റ് സീറ്റിലേക്കും 1,92,630 എയ്ഡഡ് സീറ്റിലേക്കും, 56,366 സീറ്റിലേക്കും 61,429 ഐ.ടി.ഐ. സീറ്റിലേക്കും 9,990 പോളിടെക്‌നിക് സീറ്റിലേക്കുമാണ് സാധാരണ ഉപരിപഠന അപേക്ഷ സമർപ്പിക്കുന്നത്.

ഈ വർഷം 99.26 ശതമാനം വിജയമാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 4,23,303 ആണ്. ഈ വർഷം 44,364 കുട്ടികൾക്കാണ് ഫുൾ എ പ്ലസ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം നിലവിലുള്ള സീറ്റിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടന്നു. കൂടാതെ ആകെ വർദ്ധനവ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ 71,489 സീറ്റ് വർദ്ധിച്ചു. അങ്ങനെ ആകെ അഡ്മിഷൻ നടത്തിയത് 4,32,081 സീറ്റുകളിലാണ്.

Also Read: Kerala SSLC Revaluation Result 2022: എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ചു; എങ്ങനെ പരിശോധിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Kerala plus one admission online application all you need to know