തിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ ജൂലൈ 16ന് തന്നെ നടക്കും. പതിനാറാം തീയതി നടക്കുന്ന എന്‍ട്രന്‍സ്‌ ടെസ്റ്റിന് വേണ്ട ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നീട്ടിവയ്ക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ നിശ്ചയിച്ച തീയതിയിൽ തന്നെ പരീക്ഷ നടത്താനാണ് സർക്കാർ തീരുമാനം.

റെഡ്‌സോണ്‍ മേഖലകളില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ പ്രത്യേക സെന്റര്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. റെഡ്‌സോണ്‍ പ്രഖ്യാപിച്ച മേഖലകളില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവിടെ തന്നെ ഒരു സെന്റര്‍ തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അല്ലാത്തയിടങ്ങളിലെ റെഡ് സോണ്‍ മേഖലകളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് സെന്ററുകളില്‍ പ്രത്യേക റൂമൊരുക്കും.

Read More: Kerala Plus Two Result 2020: കേരള പ്ലസ്ടു: പരീക്ഷാഫലം ഓൺലൈനായി എങ്ങനെ അറിയാം

വലിയ പ്രയാസങ്ങളില്ലാതെ പറഞ്ഞ സമയത്ത് തന്നെ പരീക്ഷ നടത്താന്‍ സാധിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സിബിഎസ്‌സി പ്ലസ് ടൂ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചിരുന്നു. കേരള പ്ലസ്‌ ടു പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പ്രഖ്യാപിക്കും. ജൂലൈ 10ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. മൂല്യനിർണയം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നെങ്കിലും പരീക്ഷാഫലം തലസ്ഥാനത്തെ ട്രിപ്പിൾ ലോക്‌ഡൗണിന്റെ സാഹചര്യത്തിൽ നീട്ടുകയായിരുന്നു.

Read More: Kerala plus two Kerala 12th Dhse Result 2020: പ്ലസ് ടു പരീക്ഷാഫലം ബുധനാഴ്ച ഉച്ചക്ക്

മെയ്യില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പ്രവേശന പരീക്ഷ കോവിഡ് 19 ന്റെ സാഹചര്യത്തില്‍ നീട്ടിവെക്കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്കും എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ നോക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇതനുസരിച്ചാണ് എഞ്ചിനീയറിങ് പ്രവേശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook