തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. കൂടാതെ ഫാര്‍മസി പ്രവേശനത്തിന്റെ ഫലവും പ്രഖ്യാപിച്ചു.
എൻജിനിയറിങ്ങിൽ ഒന്നാം റാങ്ക് വടക്കാഞ്ചേരി സ്വദേശി ഫായിസ് ഹാഷിമിനും രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനുമാണ്. ഫാര്‍മസിയില്‍ തൃശൂര്‍ സ്വദേശി ഫാരിസ് അബ്ദുല്‍ നാസറിനും ആര്‍ക്കിടെക്ചറില്‍ കണ്ണൂര്‍ സ്വദേശി തേജസ് ജോസഫിനുമാണ് ഒന്നാം റാങ്ക്. എസ് സി വിഭാഗത്തിൽ തൃശൂർ സ്വദേശി അമ്മു ഒന്നാം റാങ്കും അക്ഷയ് നാരായണൻ മലപ്പുറം രണ്ടാം റാങ്കും കരസ്ഥമാക്കയപ്പോൾ എസ്.ടി വിഭാഗത്തിൽ ജോനാഥൻ ഡാനിയേൽ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും നേടി.
ഈ വർഷം സംസ്ഥാനത്തിന് അകത്തും പുറത്തുമായി 418 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ആകെ പരീക്ഷ എഴുതിയത് 73,977 കുട്ടികളാണ്. ഇതിൽ 45,629 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി. 51,031 പേരാണ് യോഗ്യത നേടിയത്. ഇതിൽ 25,920 പേർ പെൺകുട്ടികളാണ്. ആദ്യത്തെ 100 റാങ്കിൽ 78 പേർ ആൺകുട്ടികളും 22 പേർ പെൺകുട്ടികളുമാണ്. ആദ്യ 5000 റാങ്കുകാരിൽ കേരള എച്എസ്ഇ വിദ്യാർത്ഥികൾ 2,112 പേരാണ്.
തിരുവനന്തപുരം 5834, കൊല്ലം 4823, പത്തനംതിട്ട 1707, ആലപ്പുഴ 2911, കോട്ടയം 2720, ഇടുക്കി 936, എറണാകുളം 5512, തൃശൂര്‍ 4897, പാലക്കാട് 2933, മലപ്പുറം 4604, കോഴിക്കോട് 4480, വയനാട് 714, കണ്ണൂര്‍ 3764, കാസര്‍കോട് 1225 എന്നിങ്ങനെയാണ് ഓരോ ജില്ലയിൽ നിന്നും യോഗ്യത നേടിയവർ.
ഒന്നേ കാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പു തന്നെ വിദ്യാര്‍ത്ഥികളുടെ സ്കോര്‍ അനുസരിച്ചുള്ള ഓപ്ഷന് രജിസ്ട്രേഷന് തുടങ്ങിയിരുന്നു. സിബിഎസ്ഇ ഇപ്രൂവ്മെന്റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം.
എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല. കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സ്കോര്‍ പരിശോധിക്കാം.
Also Read: University Announcements 06 October 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ