തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ പരീക്ഷ എഴുതുന്ന കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പ്രവേശന കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പരീക്ഷാര്‍ത്ഥികള്‍ക്ക് കോവിഡ് രോഗത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റില്‍ ‘CEE Covid Help Desk’ എന്ന ലിങ്കില്‍ കയറി കോവിഡ് പോസിറ്റിവായതും, ക്വാറന്റൈനില്‍ കഴിയുന്ന വിവരങ്ങളും രേഖപ്പെടുത്താവുന്നതാണ്. പരീക്ഷയ്ക്ക് മുന്‍പ് തന്നെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. പ്രസ്തുത വിവരങ്ങള്‍ സി.ഇ.ഇ റെപ്രസെന്റേറ്റീവിനെയോ ചീഫ് സൂപ്രണ്ടിനെയോ നേരിട്ടും അറിയിക്കാം.
ഫോണിലൂടെ വിവരം അറിയിക്കുന്ന ക്വാറന്റെനിലുള്ളതോ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് ബാധിച്ചവരോ ആയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ചുമതല സി.ഇ.ഇ. റെപ്രസെന്റേറ്റീവിനാണ്.
സ്കൂളില്‍ എത്തുന്ന വിവരം പരീക്ഷാര്‍ത്ഥികള്‍ സി.ഇ.ഇ. റെപ്രസെന്റേറ്റീവിനെ നേരത്തെ അറിയിക്കാന്‍ ആവശ്യപ്പെടണം. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള ഇരിപ്പിടം ഒരുക്കേണ്ട ചുമതല ചീഫ് സൂപ്രണ്ടിനാണ്. പരീക്ഷ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചീഫ് സൂപ്രണ്ടിനും, സി.ഇ.ഇ. റെപ്രസെന്റേറ്റീവിനും ലഭിക്കും.
വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷാ ഹാള്‍ സജ്ജീകരിച്ചിരിക്കും. ഇന്‍വിജിലേറ്റര്‍മാര്‍ സുരക്ഷാ മുന്‍കരുതല്‍ പാലിച്ചുകൊണ്ട് മുറിയുടെ പുറത്ത് നിന്ന് നിരീക്ഷിച്ചാല്‍ മതിയാകും. പരീക്ഷ പൂര്‍ത്തിയായതിന് ശേഷം വിദ്യാര്‍ഥികള്‍ തന്നെ ഓ.എം.ആര്‍, ഡാറ്റ ഷീറ്റ്, പരീക്ഷ എഴുതി ഷീറ്റ് എന്നിവ വേര്‍പ്പെടുത്തി തന്നിരിക്കുന്ന പൗച്ചുകളില്‍ വയ്ക്കേണ്ടതുമാണ്.
പ്രത്യേക ഹാളുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അറ്റെന്‍ഡന്‍സ് ബുക്കില്‍ ഒപ്പിടേണ്ടതില്ല. പകരം ഇന്‍വിജിലേറ്റര്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ശുചിമുറികള്‍ എല്ലാ പരീക്ഷ കേന്ദ്രത്തിലും ഉണ്ടായിരിക്കും. സ്വന്തമായി ഏര്‍പ്പാടു ചെയ്ത വാഹനത്തില്‍ മാത്രമെ പരീക്ഷ കേന്ദ്രത്തിലേക്ക് വരാനും പോകാനും പാടുള്ളു.
Also Read: കോവിഡ് മരണം: ഏപ്രിൽ, മേയ് മാസങ്ങളിൽ വർധന; കേരളത്തിൽ 1.12 മടങ്ങ്, മധ്യപ്രദേശിൽ 2.86