KEAM 2023: തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM 2023) അല്‍പസമയത്തിനകം നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലുമായി നടക്കുന്ന പരീക്ഷ 1,23,624 വിദ്യാർഥികൾ എഴുതും. സംസ്ഥാനത്ത് 336 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
കേരളത്തിന് പുറത്തും അകത്തുമായി 339 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരത്ത് (43) ആണ് ഏറ്റവും കൂടുതൽ സെന്ററുകൾ. ഇവിടെ 15,706 പേരാണ് പരീക്ഷ എഴുതുന്നത്. തൃശൂരിൽ 40 സെന്ററുകളുണ്ട്. ഇവിടങ്ങളിലായി 12,881 പേർ പരീക്ഷ എഴുതും. ഹെൽപ്‌ലൈൻ നമ്പർ-04712525300
എന്‍ജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ടരമണിക്കൂര്‍വീതം ദൈര്‍ഘ്യമുള്ള രണ്ടുപേപ്പറുകളുണ്ടാകും. പേപ്പർ ഒന്ന് (ഫിസിക്സ് ആൻഡ് കെമിസ്ട്രി) രാവിലെ 10 മുതൽ 12.30 വരെയും പേപ്പർ 2 (മാത്തമാറ്റിക്സ്) ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് അഞ്ചുവരെയുമാണ് പരീക്ഷ. ഫാർമസി കോഴ്സിലേയ്ക്കുമാത്രം അപേക്ഷിച്ചവർ പേപ്പർ ഒന്നിന്റെ പരീക്ഷമാത്രം എഴുതിയാൽ മതി. cee.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.
പരീക്ഷ എഴുതാനെത്തുന്നവർ അഡ്മിറ്റ് കാർഡ് കൂടാതെ ഡ്രൈവിങ് ലൈസൻസ് /പാസ്പോർട്ട്/പാൻ കാർഡ്/ ഇലക്ഷൻ ഐഡി, ഫോട്ടോ പതിച്ച ഹാൾടിക്കറ്റ്, വിദ്യാർഥി പ്ലസ് ടു പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഫോട്ടോയുള്ള സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കരുതണം.
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പേപ്പർ ഒന്നിന് 9.30 നും പേപ്പർ രണ്ടിന് 2 മണിക്കും പരീക്ഷാ ഹാളിൽ എത്തണം. പേപ്പർ ഒന്നിന് 10.30 വരെയും പേപ്പർ രണ്ടിന് വൈകീട്ട് മൂന്നുവരെയുമാണ് പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കുന്നതിനുളള അവസാന സമയം.
- അഡ്മിറ്റ് കാർഡ്, കാർഡ് ബോർഡ്/ക്ലിപ് ബോർഡ്, ബോൾ പോയിന്റ് പേനകൾ (കറുപ്പ് അല്ലെങ്കിൽ നീല നിറം മാത്രം) എന്നിവ മാത്രമേ പരീക്ഷ ഹാളിനകത്ത് കൊണ്ടുപോകാൻ അനുവദിക്കൂ.
- റഫ് വർക്കുകൾ ക്വസ്റ്റൻ ബുക്‌ലെറ്റിൽ മാത്രമേ പാടുള്ളൂ.
പേപ്പര്‍ Iല്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍നിന്ന് യഥാക്രമം 72ഉം 48ഉം ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ IIല്‍ മാത്തമാറ്റിക്‌സില്‍നിന്നും 120 ചോദ്യങ്ങളും. എല്ലാ പേപ്പറുകളിലെയും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ ആയിരിക്കും. ഓരോ ശരിയുത്തരത്തിനും നാലു മാര്‍ക്ക് വീതം ലഭിക്കും. ഉത്തരംതെറ്റിയാല്‍ ഒരുമാര്‍ക്കുവീതം നഷ്ടപ്പെടും. എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ടു പേപ്പറിനും കൂടിയുള്ള പരമാവധി മാർക്ക് 960 ആണ്. ഫാർമസി പ്രവേശന പരീക്ഷയ്ക്ക് പരമാവധി മാർക്ക് 480.
എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല.
എന്താണ് കീം? എന്തിനാണ് കീം?
സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. സർക്കാർ കോളേജുകളിൽ സീറ്റുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്നതിനാലാണ് ഇത്തരത്തിൽ പരീക്ഷ സംഘടിപ്പിക്കുന്നത്. ജെഇഇ പോലെയുള്ള പരീക്ഷകളിൽ വിജയിക്കുന്നതിനും എൻഐടികളിലേക്കും ഐഐടികളിലേക്കും പ്രവേശനം നേടുന്നതിനും വലിയ പ്രയ്തനവും അധ്വാനവും ആവശ്യമാണ്. അതേസമയം സ്റ്റേറ്റ് സിലബസ് പഠിച്ച് വരുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സമാനമായ രീതിയിൽ പരീക്ഷ സംഘടിപ്പിക്കുകയാണ് കീമിലൂടെ ഉദ്ദേശിക്കുന്നത്.