തിരുവനന്തപുരം: കേരള എൻജിനീയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ ഒന്നു മുതൽ ജൂൺ 21 വരെ അപേക്ഷിക്കാം. www. cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
വിദ്യാർത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ജൂൺ 21 നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം. മറ്റ് അനുബന്ധ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിന് ജൂൺ 30വരെ അവസരം ഉണ്ടായിരിക്കും. അപേക്ഷയും അനുബന്ധ രേഖകളും തപാൽമാർഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല.
Read More: KEAM 2021: കീം പരീക്ഷ ജൂലൈ 24 ന്
അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ എല്ലാ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനോ ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. എൻആർഐ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അനുബന്ധ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. സംസ്ഥാനത്ത് എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് KEAMന് ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://www. cee.kerala.gov.in സന്ദർശിക്കുക.
എംബിബിഎസ്/ ബിഡിഎസ്/ മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് എൻടിഎ നടത്തുന്ന നീറ്റ് യുജി 2021 റാങ്കിന്റെ അടിസ്ഥാനത്തിൽ കേരള പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ് കേരളത്തിൽ പ്രവേശനം. കേരളത്തിലെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീമിന്റെ പ്രവേശന പരീക്ഷ എഴുതണം. കേരളാ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന് നടത്തും. ജൂലൈ 24ന് രാവിലെ 10 മണി മുതൽ 12:30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമിസ്ട്രി ) ഉച്ചയ്ക്ക് 2.30 മുതൽ 5 മണി വരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) പരീക്ഷയുമാണ് നടത്തുന്നത്.