ന്യൂഡല്‍ഹി: ജെഇഇ (മെയിന്‍), നീറ്റ്-യുജി, സിയുസിറ്റി തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകളുടെ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ) അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷന്റെ അഡ്വൈസറി കൗൺസിൽ കഴിഞ്ഞയാഴ്ച എന്‍ടിഎയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്‍ടിഎ ഏപ്രില്‍ മുതല്‍ വിവിധ എന്‍ട്രന്‍സ് പരീക്ഷകളാണ് സംഘടിപ്പിക്കുക. എന്‍ജീനിയറിങ്ങിനും ആര്‍ക്കിടെക്ചറിനുമായി രണ്ട് ജെഇഇ (മെയിന്‍), മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് എന്നിവയാണ് പരീക്ഷകള്‍.
കഴിഞ്ഞ വര്‍ഷം നീറ്റ്-യുജി പരീക്ഷ സെപ്തംബര്‍ 12 നായിരുന്ന നടന്നത്. പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്ത 95 ശതമാനത്തിലധികം വിദ്യാര്‍ഥികളും പരീക്ഷയെഴുതി. 3,858 കേന്ദ്രങ്ങളിലായി 13 ഭാഷകളില്‍ 15.44 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. 8.7 ലക്ഷം പേര്‍ യോഗ്യതയും നേടി.
കഴിഞ്ഞ വർഷം, ജെഇഇ മെയിന്‍ പരീക്ഷ വിദ്യാർത്ഥികൾക്ക് സ്കോറുകൾ മെച്ചപ്പെടുത്തുന്നതിനായി നാല് തവണ നടത്തിയിരുന്നു. ആദ്യ ഘട്ടം ഫെബ്രുവരിയിലും രണ്ടാം ഘട്ടം മാർച്ചിലും നടന്നു. അടുത്ത ഘട്ടങ്ങൾ ഏപ്രിൽ, മെയ് മാസങ്ങളിൽ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം മാറ്റി വയ്ക്കുകയായിരുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായിരുന്നു പിന്നീട് പരീക്ഷ നടത്തിയത്.
ഈ വർഷം ജെഇഇ മെയിൻ പരീക്ഷ രണ്ടുതവണയായി നടത്താൻ സാധ്യതയുണ്ട്. രണ്ട് സ്‌കോറുകളിൽ മികച്ചതിനെ അടിസ്ഥാനമാക്കിയായിരിക്കും മെറിറ്റ് ലിസ്റ്റ് തീരുമാനിക്കുക.
Also Read: Victers Channel 2022 March 01: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 01 ചൊവ്വാഴ്ച വിക്ടേഴ്സ് ക്ലാസിന് അവധി