JEE Main 2020: ദേശീയതല സ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2020 ആദ്യ പരീക്ഷയ്ക്കുളള അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഒക്ടോബർ 10 ആണ്. jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ഒക്ടോബർ 10 ന് രാത്രി 11.50 വരെ അപേക്ഷ സമർപ്പിക്കാം.
ഫീസ് അടയ്ക്കുന്നതിനുളള അവസാന തീയതി ഒക്ടോബർ 11 ആണ്. അന്നേ ദിവസം രാത്രി 11.50 വരെ പരീക്ഷാ ഫീസ് അടയ്ക്കാം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേടിഎം സർവീസ് വഴി തുകയടയ്ക്കാം.
അപേക്ഷയിൽ തിരുത്ത് വരുത്താൻ ഒക്ടോബർ 14 മുതൽ 20 വരെയാണ് സമയം. ഒക്ടോബർ 20 ന് രാത്രി 11.50 ന് സമയം അവസാനിക്കും. ഓൺലൈൻ അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0120-6895200 എന്ന ഹെൽപ്‌ലൈൻ നമ്പരിലേക്ക് വിളിക്കാം.
വർഷത്തിൽ രണ്ടുതവണയാണ് ജെഇഇ മെയിൻ നടത്തുന്നത്. 2020 ലെ ആദ്യ മെയിൻ പരീക്ഷ ജനുവരി ആറു മുതൽ 11 വരെ നടക്കും. പരീക്ഷാഫലം ജനുവരി 31 നായിരിക്കും പ്രസിദ്ധീകരിക്കുക. രണ്ടാമത്തേത് ഏപ്രിൽ മൂന്നു മുതൽ ഒൻപതുവരെയാണ്. ഒരാൾക്ക് രണ്ടു പരീക്ഷയും വേണമെങ്കിൽ എഴുതാം. രണ്ടുപരീക്ഷകളും എഴുതുന്നവരുടെ ഭേദപ്പെട്ട സ്കോർ അന്തിമറാങ്കിങ്ങിനായി പരിഗണിക്കും.
രാജ്യത്തും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്.