ന്യൂഡല്‍ഹി: അമേരിക്കയില്‍ വിദ്യാഭ്യാസത്തിനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ ചൈനയില്‍ നിന്നുള്ളവരാണ് കൂടുതല്‍. എന്നാല്‍ കഴിഞ്ഞ ജൂലൈ വരെ ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി സ്റ്റുഡന്റ് വിസകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകിയ നോൺ-ഇമിഗ്രന്റ് വിസകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യൻ എക്‌സ്പ്രസ് പ്രതിമാസ വിസ റിപ്പോർട്ടുകൾ (ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്) പരിശോധിച്ചപ്പോൾ ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 77,799 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എഫ്-1 വിസ ലഭിച്ചതായി കണ്ടെത്തി. 46,145 ചൈനീസ് വിദ്യാർത്ഥികൾക്കു മാത്രമാണ് ഇ കാലയളവില്‍ വിസ ലഭിച്ചത്. ഒരു കലണ്ടർ വർഷത്തിൽ യുഎസ് സ്റ്റുഡന്റ് വിസകളില്‍ ഭൂരുഭാഗവും മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് ഇഷ്യൂ ചെയ്യുന്നത്.
യുഎസിലെ യൂണിവേഴ്സിറ്റി അല്ലെങ്കിൽ കോളേജ്, ഹൈസ്കൂൾ, പ്രൈവറ്റ് എലിമെന്ററി സ്കൂൾ, സെമിനാരി, കൺസർവേറ്ററി, ഭാഷാ പരിശീലന പരിപാടി അല്ലെങ്കിൽ മറ്റ് അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള നോൺ-ഇമിഗ്രന്റ് വിസയാണ് എഫ്-1 വിഭാഗം. യുഎസിലെ ഭാഷാ പരിശീലന പരിപാടികൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത അല്ലെങ്കിൽ മറ്റ് അംഗീകൃത വിദ്യാഭ്യാസേതര സ്ഥാപനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് വേണ്ടിയുള്ള മറ്റൊരു വിദ്യാർത്ഥി വിസയാണ് എം-1.
മഹാമാരിക്ക് ശേഷം ഉപരിപഠനത്തിനായി അമേരിക്കയിലെത്തുന്ന ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും അമേരിക്കയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളിലും കൂടുതലും ചൈനയില്‍ നിന്നുള്ളവരാണ്. ഇന്ത്യയാണ് രണ്ടാമത്, സൗത്ത് കൊറിയ മൂന്നാമതും.
2021 ല്‍ 99,431 ചൈനീസ് വിദ്യാര്‍ഥികള്‍ക്കാണ് എഫ് 1 വിസ ലഭിച്ചത്. 87, 258 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും എഫ് 1 വിസ ലഭിച്ചു. എന്നാല്‍ 2020 ല്‍ 21, 908 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് എഫ് 1 വിസ ലഭിച്ചു. അതേ വര്‍ഷം 4.853 ചൈനീസ് വിദ്യര്‍ഥികള്‍ക്ക് മാത്രമാണ് എഫ് 1 വിസ കിട്ടിയത്.

വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന മറ്റൊരു രാജ്യം യുകെയാണ്. യുകെ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ജൂലൈ മുതല്‍ 2022 വരെ വരെയുള്ള കാലയളവില്‍ 4.86 ലക്ഷം സ്റ്റുഡന്റ് വിസകളാണ് യുകെ അനുവദിച്ചിട്ടുള്ളത്. യുകെ ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരമാണിത്. ഇതില്‍ 1.17 ലക്ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. പോയ വര്‍ഷത്തേക്കാള്‍ 89 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.