/indian-express-malayalam/media/media_files/uploads/2023/10/Students-in-Uk-Struggle-for-Accommodation.jpg)
ഉയർന്ന വാടകയും സൗകര്യപ്രദമായ സ്ഥലത്തിന്റെ അഭാവവും കാരണം, സ്ഥലസൗകര്യത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികളുള്ള ഇടുങ്ങിയ ഇടങ്ങളിൽ താമസിക്കേണ്ടിവരുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയിലുണ്ട്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി യു കെയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ 55,465 ഇന്ത്യൻ വിദ്യാർത്ഥികൾ വിദ്യാർത്ഥി വിസയിൽ യുകെയിൽ ഉണ്ടായിരുന്നു.
ഇതിന് പുറമെ, 2023 ജൂണിൽ ഇന്ത്യൻ പൗരന്മാർക്ക് മൊത്തം 1,42,848 വിദ്യാർത്ഥി വിസകൾ അനുവദിച്ചതായി യുകെ ഗവൺമെന്റിന്റെ ഹോം ഓഫീസ് ( ആഭ്യന്തര വകുപ്പ്- സുരക്ഷ, ഇമിഗ്രേഷൻ, ക്രമസമാധനം എന്നിവയുടെ ചുമതലയുള്ള വകുപ്പ്) അറിയിച്ചു.
മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന വാടകയ്ക്ക് താമസ സൗകര്യം നൽകാൻ യു കെയ്ക്ക് കഴിയുന്നില്ല. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ (യുസിഎൽ) ബിരുദം പൂർത്തിയാക്കിയ ശ്രദ്ധ ചക്രവർത്തി, ലണ്ടനിലെ കിംഗ്‌സ് ക്രോസ് ഏരിയയിലെ ഒരു വാടക ഫ്ലാറ്റിലാണ് താൻ താമസിച്ചിരുന്നതെന്ന് indianexpress.comനോട് പറഞ്ഞു, അവിടെ ആഴ്ചയിൽ 299 പൗണ്ട് ആണ് വാടകയായി നൽകേണ്ടതെന്ന് അവർ പറഞ്ഞു.
'താമസസ്ഥലം കണ്ടെത്തുന്നതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക'
ഉയർന്ന വീടുവാടകയും സൗകര്യപ്രദമായ സ്ഥലത്തിന്റെ അഭാവവും കാരണം, സ്ഥലസൗകര്യത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികളുള്ള ഇടുങ്ങിയ ഇടങ്ങളിൽ താമസിക്കേണ്ടി വന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയിലുണ്ട്. "താൻ കണ്ടെത്തിയ ആദ്യത്തെ ഫ്ലാറ്റിൽ - അഞ്ച് പേർക്ക് മാത്രമേ താമസിക്കാൻ കഴിയൂ - അതിൽ ഒരു പൊതു ടോയ്‌ലറ്റും അടുക്കളയും ഉപയോഗിച്ച് എട്ട് പേർ താമസിക്കുന്നുണ്ട്" എന്ന് 2020 ഒക്ടോബറിൽ യുകെയിലേക്ക് പോയ എം എസ്‌സി സപ്ലൈ ചെയിൻ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ അരുൺ പാട്രിക് indianexpress.com-നോട് പറഞ്ഞു.
"എനിക്ക് പുതിയ താമസസൗകര്യം ലഭിച്ച സമയം ഞാൻ ഇപ്പോഴും ഓർക്കുന്നു, അടുത്ത രണ്ടാഴ്ചത്തേക്ക് എന്റെ കൈവശം £30--- മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടെ താമസിച്ചിരുന്ന മറ്റുള്ളവരുടെ ബാക്കിയുള്ള ഭക്ഷണം ഞാൻ കഴിക്കുകയായിരുന്നു, ചില ദിവസങ്ങളിൽ ഒന്നും കഴിക്കില്ല. താമസസ്ഥലം തേടി ഞാൻ സമയം പാഴാക്കുന്നതിനാൽ, എനിക്ക് ജോലി ലഭിച്ചില്ല, കൂടാതെ ഒരു പാർട്ട് ടൈമറെ ജോലിക്കെടുക്കാൻ ആരും ആഗ്രഹിച്ചില്ല. പിന്നീട്, ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ എനിക്ക് ജോലി ലഭിച്ചു,അവിടെ ഒരു വർഷത്തോളം ജോലി ചെയ്തു ”അദ്ദേഹം പറഞ്ഞു. അരുൺ ഇപ്പോൾ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.
മൂന്ന് വർഷം മുമ്പ് കോവിഡ് മഹാമാരി ലോകത്തെ ഗ്രസിച്ച കാലത്താണ് അരുൺ ഈ പ്രശ്നം നേരിട്ടത്. ലോകം പതുക്കെ സാധാരണ നിലയിലേക്ക് നീങ്ങുമ്പോഴും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ഈ സെപ്റ്റംബറിൽ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ അഡ്വർടൈസിങ് ആൻഡ് മാർക്കറ്റിങ്ങിൽ ബിരുദം നേടിയ സിമ്രാൻ ഹെലാൽ, യുകെയിൽ സൗകര്യപ്രദമായ താമസം കണ്ടെത്താൻ തനിക്ക് ഏകദേശം ആറ് മാസമെടുത്തുവെന്ന് പറയുന്നു.
“സെപ്റ്റംബറിൽ യുകെയിലേക്ക് മാറാനുള്ള പദ്ധതിയുമായി ഞാൻ ഏപ്രിലിൽ താമസസൗകര്യം അന്വേഷിച്ചു തുടങ്ങി, . വരാനിരിക്കുന്ന വർഷത്തേക്കുള്ള എന്റെ ജീവിത ക്രമീകരണങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാനും തിരഞ്ഞെടുക്കാനും ഇത് എനിക്ക് ഏകദേശം അഞ്ച് മാസം സമയം നൽകി. സുരക്ഷ, എന്റെ സർവ്വകലാശാലയുടെ സാമീപ്യം, ഗതാഗതത്തിന്റെയും സമീപത്തെ സൂപ്പർമാർക്കറ്റുകളുടെയും കാര്യത്തിൽ സൗകര്യം തുടങ്ങിയ നിർണായക ഘടകങ്ങളെ കുറിച്ച് അന്വേഷിക്കാൻ എനിക്ക് ധാരാളം സമയം ലഭിച്ചു, ആദ്യമേ ഇത്തരംകാര്യങ്ങളൊക്കെ ആലോചിച്ചിട്ടും എനിക്ക് തെറ്റുപറ്റിയതായി പിന്നീട് മനസിലായി ”സിമ്രാൻ ഓർമ്മിച്ചു.
അനുയോജ്യമായ താമസസൗകര്യം കണ്ടെത്തിയാൽ വീട് ബുക്ക് ചെയ്യുന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ പ്രശ്‌നമെന്നും സിമ്രാൻ അനുഭവം ഓർത്തെടുത്തു. ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ യുകെയിൽ എത്തുന്നതിനാൽ, സൗകര്യപ്രദമായ വീട് കണ്ടെത്തുന്നതിനുള്ള മത്സരം കഠിനമായിരിക്കുന്നു.
“ഞാൻ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന വീടുകൾ മിനിറ്റുകൾക്കുള്ളിൽ വാടകയ്ക്ക് പോകും. നിരവധി വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ചേരുകയും നിരവധി ഹൗസിങ് വെബ്‌സൈറ്റുകളിൽ എന്റെ ആവശ്യങ്ങൾ വ്യക്തമാക്കുന്ന പരസ്യങ്ങൾ സ്ഥിരമായി പോസ്റ്റ് ചെയ്തുകൊണ്ട് ഞാൻ സജീവമായിരുന്നു. എല്ലാ ദിവസും ബ്രോക്കർമാരുമായി ബന്ധപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ യുകെയിലെ തെരുവുകളിൽ ജീവിക്കേണ്ടി വരും,” സിമ്രാൻ പറഞ്ഞു.
അതേസമയം, സൗകര്യപ്രദമായ താമസസ്ഥലം കണ്ടെത്താനുള്ള തത്രപ്പാട് ഇവിടെ അവസാനിക്കുന്നില്ല. ഡെപ്പോസിറ്റ് കൊടുക്കുമ്പോൾ പലരും പ്രശ്‌നങ്ങൾ നേരിട്ടതായി പരാതിയുണ്ട്. “യുകെയിലെ പല വിദ്യാർത്ഥികളുടെ താമസത്തിനും യുകെയിലുള്ള ഒരു ഗ്യാരന്റർ ആവശ്യമാണ്, മാത്രമല്ല, ആ വ്യക്തി മുഴുവൻ ജോലിയുള്ള ആളുമാകണം. യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അത്തരമൊരു ഗ്യാരന്ററിനെ കിട്ടണമെന്നില്ല. ഞാൻ ഈ അവസ്ഥയിൽ കടന്നുപോയിട്ടുണ്ട് . അത്തരം സന്ദർഭങ്ങളിൽ, വിദ്യാർത്ഥികൾ പലപ്പോഴും മുഴുവൻ വാടക വാടകയും മുൻകൂട്ടി നൽകേണ്ടതുണ്ട്, ഇത് വൻ സാമ്പത്തിക ബാധ്യതയാണ്, പ്രത്യേകിച്ച് അവരുടെ വാടക നൽകാൻ പാർട്ട് ടൈം ജോലിയെ ആശ്രയിക്കുന്നവർക്ക്,” സിമ്രാൻ വിശദീകരിച്ചു.
ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള യുകെയിലെ സ്വതന്ത്ര തിങ്ക്ടാങ്ക് ആയ ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (HEPI) ഈ പ്രശ്നം അഭിസംബോധന ചെയ്തിട്ടുണ്ട്. 2020-ൽ യുകെയിലുടനീളം 29,048 പുതിയ സ്റ്റുഡന്റ് റൂമുകൾ സൃഷ്ടിച്ചു, എന്നാൽ ഈ വർഷം അത് 13,543 ആയി കുറഞ്ഞുവെന്നും അവയിൽ ചിലത് പഴയ കെട്ടിടങ്ങളാണെന്നും ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്ലോഗിൽ പറയുന്നു.
നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ
സ്വാൻസീ, ലിങ്കൺ തുടങ്ങിയ ചില നഗരങ്ങളുണ്ട്, അവയിൽ കൂടുതൽ വിദ്യാർത്ഥി ജനസംഖ്യയുള്ള പ്രദേശങ്ങളായി അറിയപ്പെടുന്നു, അവിടെ വിദ്യാർത്ഥികൾക്ക് താമസസൗകര്യം കണ്ടെത്താൻ സഹായിക്കുന്ന പ്രത്യേക ഏജൻസികളും ഉണ്ട്. എന്നാൽ, ഈ സ്ഥലങ്ങളിലെ പ്രദേശവാസികൾ, യുവാക്കൾക്ക് വീട് വാടകയ്ക്ക് നൽകാൻ മടിക്കുന്നതായി യു കെ യിലെത്തിയ ചില വിദ്യാർത്ഥികൾ പറയുന്നു.
“മിക്ക വീട്ടുടമകളും വിദ്യാർത്ഥികളേക്കാൾ ജോലി ചെയ്യുന്ന വ്യക്തികൾക്ക് വീട് വാടകയ്ക്ക് നൽകാനാണ് ഇഷ്ടപ്പെടുന്നത്. ഞങ്ങളുടെ പാചകരീതി അവരുടെ അടുക്കളകൾ വൃത്തിഹീനമാക്കുന്നുവെന്ന് വിശ്വസിക്കുന്നതിനാൽ ഏഷ്യക്കാർക്ക് വീട് വാടകയ്ക്ക് നൽകാൻ അവർ മടിക്കുന്നു, ”വെയിൽസിലെ സ്വാൻസീ സർവകലാശാലയിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ ഫിലിപ്പ് വി ലോബോ തന്റെ അനുഭവം പങ്കുവെച്ചു.
വിദ്യാർഥികൾക്കായി താമസ സൗകര്യം നിർമ്മിക്കുന്ന വലിയൊരു പദ്ധതിക്കെതിരെ കാനോൻമില്ലിലെ നിരവധി ആളുകൾ പ്രതിഷേധം നടത്തുന്നതായി ഈയിടെ, എഡിൻബറോയിൽ നിന്നുള്ള ചില പ്രാദേശിക റിപ്പോർട്ടുകളിൽ പറയുന്നു. ജില്ല ഇപ്പോൾ തന്നെ ഭവന പ്രതിസന്ധി നേരിടുന്നുണ്ടെന്നും, ഇത്രയും ഉയർന്ന വാടക താങ്ങാൻ കഴിയാത്തതിനാൽ വിദ്യാർത്ഥികളുടെ താമസസൗകര്യം എന്ന ഉദ്ദേശ്യത്തോടെ മാത്രം നിർമ്മിച്ചാൽ വിദ്യാർത്ഥികളുടെ പാർപ്പിട പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും സമരക്കാർ അവകാശപ്പെട്ടു.
നിരവധി വിദ്യാർത്ഥികളിൽ നിന്നും കേൾക്കാൻ കഴിയുന്ന കഥകളാണെങ്കിലും, വിദേശത്തുള്ള വിദ്യാഭ്യാസ ഏജന്റുമാരും സോഷ്യൽ മീഡിയകളും പലപ്പോഴും ചിത്രീകരിക്കുന്ന യുകെയിലെ പഠനത്തിന്റെ ആകർഷണീയതയ്ക്ക് ഇത്തരം രംഗങ്ങൾ മങ്ങലേൽപ്പിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. “പരിമിതമായ താമസ സാധ്യതകളേയുള്ളൂവെന്നതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താഴ്ന്ന നിലവാരത്തിലുള്ള താമസസൗകര്യത്തിൽ സ്ഥിരതാമസമാക്കേണ്ടി വന്നേക്കാം, ഇത് അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തെയും പഠനാനുഭവത്തിലുളവാകുന്ന സംതൃപ്തിയെയും ബാധിക്കും. ഇത് ഇന്ത്യൻ വിദ്യാർത്ഥികളുടെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുകെയുടെ ആകർഷണം കുറയാൻ ഇടയാക്കും," യൂണിവേഴ്സിറ്റി ലിവിങ് സിഇഒയും സ്ഥാപകനുമായ സൗരഭ് അറോറ പറഞ്ഞു.
യുകെയിലെ താമസ സൗകര്യ പ്രതിസന്ധി ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാക്കുമോ?
യുകെയിലെ നിലവിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ താമസ വാടകയെയും മറ്റ് വെല്ലുവിളികളെയും കുറിച്ച് വിദേശത്ത് ഭാവിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുമ്പോൾ, ഇത് ഇന്ത്യൻ വിദ്യാർത്ഥികളെ നിരാശരാക്കില്ലെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
"യുകെയിലെ നിലവിലെ വാടക താമസ സൗകര്യ പ്രതിസന്ധി ഇന്ത്യൻ വിദ്യാർത്ഥികളെ അവിടേക്കുള്ള അവരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽ നിന്ന് തടയാൻ സാധ്യതയില്ല. പകരം, വൈവിധ്യമാർന്ന താമസ സാധ്യതകൾ നിരന്തരമായി അന്വേഷിക്കുന്നതിലൂടെ അവർ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. ഈ സജീവമായ മനോഭാവം പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും സൗകര്യപ്രദമായ താമസ സൗകര്യം കണ്ടെത്താനുള്ള അവരുടെ താൽപ്പര്യം വ്യക്തമാക്കുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന കാര്യത്തിൽ, ഇന്ത്യൻ വിദ്യാർത്ഥികൾ, യുക്തിസഹമയാി മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നവരുമാണ് , യുകെയുടെ മത്സരാധിഷ്ഠിത പ്രോപ്പർട്ടി മാർക്കറ്റ് വാഗ്ദാനം ചെയ്യുന്ന താമസ തടസ്സങ്ങൾ പരിഹരിക്കാൻ അവർ നന്നായി തയ്യാറെടുക്കുന്നു, ”റോസ്ട്രം എഡ്യൂക്കേഷന്റെ സഹസ്ഥാപകൻ യഥാർത്ഥ് ഗുലാത്തി പറഞ്ഞു.
ഇത് പ്രധാനമായും ഓരോ വിദ്യാർത്ഥിയുടെയും സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് മറ്റ് വിദഗ്ധരും വിശ്വസിക്കുന്നു, കാരണം വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വായ്പ താങ്ങാനുള്ള അവസ്ഥയിലാണെങ്കിൽ അല്ലെങ്കിൽ അവരുടെ കുടുംബങ്ങളിൽ നിന്നോ സർവ്വകലാശാലകളിൽ നിന്നോ സാമ്പത്തിക സഹായം ഉണ്ടെങ്കിൽ, ആ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മുൻനിർത്തി ഉന്നത വിദ്യാഭ്യാസത്തിനായി യുകെ തിരഞ്ഞെടുക്കും.
യുകെ വിസ ഫീസ് വർദ്ധന
അടുത്തിടെ, യുകെ വിസ ഫീസ് (പഠന വിസ ഉൾപ്പെടെ) ഏകദേശം £127 വർദ്ധിപ്പിച്ചു. ഇപ്പോൾ, വിദ്യാർത്ഥി വിസയ്ക്കുള്ള പുതുക്കിയ വിസ അപേക്ഷാ ഫീസ് 51,787 രൂപയാണ്. പഠന വിസകൾക്ക് അപേക്ഷിക്കുന്നത് ഇപ്പോൾ കുറച്ചുകൂടി ചെലവേറിയതാണെങ്കിലും, യുകെ സർവകലാശാലകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കില്ല.
എന്നാൽ ഒരു ശരാശരി ഇന്ത്യൻ വിദ്യാർത്ഥി അവരുടെ വിദേശ പഠന പദ്ധതികൾക്കായി മാറ്റിവെക്കുന്ന മൊത്തം ബജറ്റിനെ ഇത് ബാധിച്ചേക്കാം. "വിസ ചെലവിലെ നിർദിഷ്ട വർദ്ധനവ് യുകെയിൽ പഠിക്കുന്ന മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ചെലവുകളെ സാരമായി ബാധിച്ചേക്കാം. വിസ ഫീസ് സാമ്പത്തിക ബാധ്യതയുടെ ഗണ്യമായ ഭാഗമാണ്, ഈ ഫീസിലെ ഏത് വർദ്ധനവും വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രദ്ധാപൂർവ്വമായ ബജറ്റിങ് ആവശ്യമായി വന്നേക്കാം," യഥാർത്ഥ് ഗുലാത്തി വിശദീകരിച്ചു.
വിസ ഫീസ് വർധിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെ യുകെയിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് കുറയ്ക്കാനാണോ എന്ന് ചില വിദ്യാർത്ഥികൾ സംശയം പ്രകടിപ്പിച്ചു. "യുകെയിൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അന്താരാഷ്ട്ര ജനസംഖ്യ രാജ്യത്ത് പരിധി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബ്രിട്ടീഷ് സർക്കാർ വിസ ഫീസ് വർധിപ്പിക്കാൻ സാധ്യതയുണ്ട്, കാരണം നിരവധി തദ്ദേശവാസികൾ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ട്. അവരുടെ നഗരങ്ങളിൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നു,” എന്ന് ലിവർപൂൾ ആസ്ഥാനമായുള്ള ഒരു വിദ്യാർത്ഥി പേര് വെളിപ്പെടെുത്താതെ പറഞ്ഞു.
വിദഗ്ധർ ഈ ആശങ്ക തള്ളിക്കളയുകയും യുകെ വിസ ഫീസ് വർദ്ധന താമസ പ്രതിസന്ധിയെ നേരിട്ട് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അഭിപ്രായപ്പെടുന്നു, കാരണം ഇത് പ്രാഥമികമായി താമസ സൗകര്യ ലഭ്യതയും താങ്ങാവുന്ന വാടകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. , അതേസമയം രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള വിസ ഫീസ് പ്രത്യേക സാമ്പത്തിക പരിഗണനയാണ്.
“ഇമിഗ്രേഷൻ മാനേജ് ചെയ്യുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനും അല്ലെങ്കിൽ വിസ പ്രോസസ്സിംഗും കംപ്ലയിൻസ് എൻഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ ഓഫ്‌സെറ്റ് ചെയ്യുന്നതിനോ സർക്കാരിന് വിസ ഫീസ് ക്രമീകരിക്കാൻ കഴിയും. വിസ ഫീസിലെ മാറ്റങ്ങൾ പലപ്പോഴും സങ്കീർണ്ണമായ നയ തീരുമാനങ്ങളുടെയും സാമ്പത്തിക ഘടകങ്ങളുടെയും ഫലമാണ്, അവ രാജ്യാന്തരതലത്തിലുള്ള വിദ്യാർത്ഥികളെ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരെയും ബാധിച്ചേക്കാം,” കരിയർ മൊസൈക്കിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടർ മനീഷ സവേരി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.