/indian-express-malayalam/media/media_files/uploads/2023/09/indian-students-abroad-open-up-about-mental-health-issues-903775.jpeg)
'Selling a false dream’: Indian students abroad open up about mental health issues
കോവിഡാനന്തര കാലത്ത്, ഇന്ത്യയിൽ നിന്നും വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിദേശത്ത് പോയി പഠിക്കുന്നവരുടെ സ്ഥിതി എന്താണ്?
യൂണിവേഴ്‌സിറ്റി ഓഫ് ബിർമിംഗ്ഹാം, കിങ്സ് കോളജ് ലണ്ടൻ, ഇംപീരിയൽ കോളജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ നടത്തിയ പഠനമനുസരിച്ച്, രാജ്യാന്തര ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം, ആത്മഹത്യാ ചിന്തകൾ എന്നിവ കൂടുതലാണ് എന്ന് കണ്ടെത്തി. അവരിൽ വളരെ കുറച്ചുപേർ മാത്രമേ ഈയവസ്ഥ മറികടക്കാൻ സഹായം തേടുന്നുള്ളൂ എന്നും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ- യുഎസ്, യുകെ, ജർമ്മനി, പോളണ്ട്, കാനഡ, ഓസ്‌ട്രേലിയ എന്നിങ്ങനെ - 'വിദേശത്ത് പഠിക്കുന്നത്' തങ്ങളെ ഏകാന്തതയിലേക്ക് തള്ളിയിട്ടാതായി പരാതിപ്പെടുന്നു, പ്രത്യേകിച്ചും കോവിഡ് -19 മഹാമാരിയെ തുടർന്ന്.
കോവിഡുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ ഉണ്ടായ ആശങ്കകളെ കുറിച്ച് ചില ഗവേഷണങ്ങളിൽ കാര്യമായ നിരീക്ഷണങ്ങളുണ്ട്. കോവിഡ് 19 കൊണ്ട് വന്ന അനിശ്ചിതത്വം സഹിക്കാൻ കഴിയാതെ വരുക, സാമൂഹിക സമ്പർക്കങ്ങൾ കുറയുക, തുടർന്നു ജീവിതത്തിനു നേരത്തെ ഉണ്ടായിരുന്ന നിലവാരം ഉണ്ടാവാതെ വരിക എന്നൊക്കെയുള്ള എന്ന അവസ്ഥകളിലൂടെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ കടന്നു പോകുന്നതായി പഠനങ്ങൾ പറുന്നു.
ഒരു ഭൂഖണ്ഡത്തിൽ മറ്റൊരു ഭൂഖണ്ഡത്തിലേക്കുള്ള മാറ്റവുമായി പൊരുത്തപ്പെടാൻ ഏറെ പ്രയാസകരമാണെന്ന് അരുൺ പാട്രിക് എന്ന വിദ്യാർത്ഥി ഇന്ത്യൻ എക്സ്പ്രസ്സ് ഡോട്ട് കോമിനോട് പറഞ്ഞു, 2020 ഒക്ടോബറിൽ എംഎസ്‌സി സപ്ലൈ ചെയിൻ മാനേജ്‌മെന്റ് പഠിക്കാനാണ് അരുൺ പാട്രിക് യു കെ യിലേക്ക് പോയത്.
"ഇന്ത്യയിൽ ഞാൻ എങ്ങനെയായിരുന്നോ അതിൽ നിന്നും തിച്ചും വ്യത്യസ്തനാണ് ഇവിടെ. ഇവിടെ ഞാൻ അന്തർമുഖനാണ്. യുകെയിലെ ജീവിതം കഠിനമാണ്, കാരണം ഞങ്ങൾ ഒരു 'പെട്ടി'ക്കുള്ളിലാണ് ജീവിക്കുന്നത്. രാവിലെ ഉണരുക, യൂണിവേഴ്സിറ്റിയിൽ പോകുക, ഒരു പാർട്ട് ടൈം ജോലി ചെയ്യുക (നിങ്ങൾക്ക് ഒന്ന് ഉണ്ടെങ്കിൽ), എന്നിട്ട് തിരികെ നമ്മുടെ കുടുസ്സ് മുറിയിലേക്ക് മടങ്ങുക. ഇത് എന്നും തുടരുന്നു. ഇത് കാരണം കൂടുതൽ സമയവും ഏകാന്തത അനുഭവിക്കുന്നു," അരുൺ പാട്രിക് പറഞ്ഞു, തന്റെ ബന്ധുവും ഇവിടെയുണ്ട്, അദ്ദേഹമാണ് തനിക്ക് ഇവിടെ പിടിച്ചു നിൽക്കാനുള്ള കരുത്ത് പകരുന്നത്.
മോണിങ് കോഫിയും ക്ലബ് ലൈഫും വ്യാജം!
വിദേശ പഠനജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ആളുകൾ വരച്ചിടുന്ന ചിത്രം പാടേ തെറ്റാണ് എന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഒരു വിദേശ രാജ്യത്തെ വിദ്യാർത്ഥിയുടെ ജീവിതത്തിൽ ഫാൻസി യൂണിവേഴ്സിറ്റി ലെക്ചറുകൾ, വലിയ ലൈബ്രറികൾ, സുഹൃത്തുക്കൾ, പാർട്ടികൾ, ലോകമെമ്പാടുമുള്ള യാത്രകൾ എന്നിവയാൽ നിറഞ്ഞതാണ് എന്ന് കരുതുന്നത് അബദ്ധമാണ്. കൂടുതൽ സ്വപ്നങ്ങൾ വിൽക്കുന്നതിനുള്ള ഒരു ബില്‍റ്റ് അപ്പ് മാത്രമാണ് ഇത്.
"വിദേശത്ത് നിന്നുമെത്തുന്ന വിദ്യാർത്ഥികളുടെ ജീവിതം ദുഷ്‌ക്കരമാണ്. ജീവിതച്ചെലവ് വളരെ കൂടുതലായതിനാൽ നിങ്ങൾ പാർട്ട് ടൈം ജോലി ചെയ്യണം. ഫുൾടൈം ആയാലും പാർട്ട് ടൈം ആയാലും ജോലി കണ്ടെത്തുക ബുദ്ധിമുട്ടാണ്," കാനഡയിലെ യോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഡിജിറ്റൽ ആൻഡ് കണ്ടന്റ് മാർക്കറ്റിങ്ങിൽ പിജിക്ക് പഠിക്കുന്ന ശിൽപ്പാ പ്രദീപ് പറഞ്ഞു.
മഹാമാരിക്ക് ശേഷം, വിദേശ വിദ്യാർത്ഥികൾക്ക് ഉയർന്ന വാടക ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.
"ഞാൻ 2021 അവസാനത്തോടെ ജർമ്മനിയിലെത്തി, കോവിഡ് കഴിഞ്ഞു കാര്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെങ്കിലും, ഇപ്പോഴും സുഗമമായിട്ടില്ല. വാടക ഏകദേശം രണ്ടിരട്ടി ഉയർന്നു, ഇവിടെയുള്ള നിരവധി പേർ അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങി വന്നതിനാൽ, വിദേശത്ത് നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഇവിടെ ജോലി സാധ്യത കുറഞ്ഞു," കൃതി* (അവരുടെ ആവശ്യപ്രകാരം മാറ്റിയ പേര് ) പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ആളുകൾ കാണിക്കുന്ന 'വ്യാജ ഇമേജ്' ഇല്ലാതാക്കാൻ വിദേശ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നു.
സിനിമയിൽ ഒക്കെ കാണുന്ന പോലെ മോണിങ് കോഫി മുതൽ ക്ലബ്ബ് ജീവിതം വരെയുള്ള നിറമാർന്ന ചിത്രമാണ് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥിയെ കുറിച്ച് സാധാരണയായി സോഷ്യൽ മീഡിയ കാണിക്കുന്നത്. എന്നാൽ ഇതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വിദ്യാർത്ഥികൾ അടിവരയിടുന്നു.
"ഞാൻ ഇവിടെ ഏറ്റവും നന്നായി ജീവിക്കുകയാണെന്ന് പലരും കരുതുന്നു, എന്നാൽ ഞാൻ പാത്രങ്ങൾ കഴുകുകയോ വെയർഹൗസുകളിൽ ജോലി ചെയ്യുകയാണ് എന്നതാണ് സത്യം. എനിക്ക് നല്ല ഗ്രേഡ് ലഭിക്കുമെന്ന് ഉറപ്പാക്കാൻ വേണ്ടി പകൽ ക്ലാസുകളിൽ പോകാനും പുലർച്ചെ മൂന്ന് മണി വരെ അസൈൻമെന്റുകൾ പൂർത്തിയാക്കാനും ഞാൻ ചക്രശ്വാസം വലിക്കുകയാണ്," കൃതി പറയുന്നു.
വിദേശ രാജ്യത്ത് താമസിക്കുന്നതിന്റെ അനിശ്ചിതത്വം കാരണം നിരന്തരം ഉത്കണ്ഠാകുലരാണ് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളും. പ്രത്യേകിച്ചും മഹാമാരി, ഉക്രെയ്ൻ-റഷ്യ യുദ്ധം, യുഎസിലെ വെള്ളപ്പൊക്കം, ഉഷ്‌ണതരംഗം എന്നിവയ്ക്ക് ശേഷം ഈ ആശങ്ക കൂടുതലായി.
ഇപ്പോൾ പോളണ്ടിൽ പൊളിറ്റിക്കൽ സയൻസിൽ രണ്ടാമത്തെ മാസ്റ്റേഴ്‌സിന് പഠിക്കുന്ന ജോർജ് കുരുവിള, അച്ഛൻ മരിച്ചപ്പോൾ പോലും ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്തതിലെ വിഷമം പങ്കു വെച്ചു.
"നിങ്ങളുടെ കുടുംബ ആഘോഷങ്ങളും പ്രധാനപ്പെട്ട ദിവസങ്ങളും നിങ്ങൾക്ക് നഷ്‌ടമാകും. ചിലപ്പോൾ ദുഃഖകരമായ അവസരങ്ങളിലും അവർക്കൊപ്പം ഉണ്ടാകാൻ സാധിക്കില്ല. എന്റെ അച്ഛൻ മരിച്ചപ്പോൾ എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല, എന്റെ അമ്മയും അനുജനും നാട്ടിൽ എല്ലാം ചെയ്തു. കുറച്ച് വർഷങ്ങളായി… എനിക്ക് ഇപ്പോഴും അവരെ കാണാൻ കഴിഞ്ഞിട്ടില്ല," അദ്ദേഹം താൻ കടന്നുപോകുന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞു.
യാഥാർത്ഥ്യം പറയാതെ വിദേശ വിദ്യാഭ്യാസ ഏജന്റുമാർ
വിദേശത്തെ പഠനത്തെ കുറിച്ച് വ്യാജവും ശോഭനവുമായ സ്വപ്നം വിദ്യാർത്ഥികൾക്ക് വിൽക്കുന്നത് ഇന്ത്യൻ ഏജന്റുമാരാണെന്ന്, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു. വിദേശ ജീവിതത്തിന്റെ യഥാർത്ഥ ബുദ്ധിമുട്ടുകൾ നേരത്തെ അറിയാമായിരുന്നെങ്കിൽ, ഇത് ഒരു സാധ്യതയായി പോലും കണക്കാക്കില്ലായിരുന്നുവെന്ന് അരുൺ പാട്രിക് പറയുന്നു.
"വിദേശത്ത് പഠിക്കുന്നത് ആസ്വാദ്യകരവുമായ അനുഭവമായി ചിത്രീകരിക്കുന്നവരാണ് ഇന്ത്യൻ ഏജന്റുമാർ. നമ്മുടെ നാട്ടിലും പൊതുവെ അങ്ങനെ ഒരു ധാരണയുണ്ട്. യാഥാർത്ഥ്യം എന്താണ് എന്നത് ഈ ഏജന്റുമാർ നമ്മളെ അറിയിക്കാതിരിക്കും," പാട്രിക്ക് പറഞ്ഞതിനു സമാനമായ അനുഭവം പങ്കുവച്ചുകൊണ്ട് രമ്യ തുളസി പറഞ്ഞു. ടെക്‌സസ് എ ആൻഡ് എം യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎസ് എന്റർപ്രണ്യൂറിയൽ ലീഡർഷിപ്പ് കോഴ്സിനു പഠിക്കുകയാണ് രമ്യ തുളസി.
"ഒരു പുതിയ കാര്യം ചെയ്യുന്നതിന്റെ സാഹസികതയുടെ ത്രില്ലും വ്യക്തിഗത വളർച്ചയുടെയും കാര്യമെടുത്താൽ ഇത് ആകർഷകമാണ് എങ്കിലും വിദേശ പഠനത്തെ കുറിച്ചുള്ള യാഥാർത്ഥ്യത്തെ എളുപ്പം വളച്ചൊടിക്കാൻ കഴിയും," രമ്യ വ്യക്തമാക്കി.
ഓൺലൈൻ ലോകം എന്ന പുതിയ അനർത്ഥം
അക്കാദമിക് ലോകത്തിലെ പലതും ഇപ്പോൾ ഓൺലൈൻ അധിഷ്‌ഠിതമാണെന്നതും ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽ ഉള്ള സമ്മർദ്ദം വർധിപ്പിക്കുന്നു.
"എന്റെ ആദ്യ സെമസ്റ്ററിൽ, എനിക്ക് കാര്യമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു, എന്റെ വ്യക്തിജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും മോശമായിരുന്നു. ഒരു പുതിയ സംസ്‌കാരത്തിലേക്കും രാജ്യത്തിലേക്കുമുള്ള മാറ്റം, അതോടൊപ്പം ഒട്ടേറെ ബുദ്ധിമുട്ടുകൾ കൊണ്ടു വന്നു. എന്റെ സമപ്രായക്കാരുടെ മത്സരശേഷി, വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപരിചിതത്വം, കോഴ്‌സ് വർക്കിന്റെ സങ്കീർണ്ണത എന്നിവയെല്ലാം ഞാൻ അനുഭവിച്ച അപ്രതീക്ഷിത സമ്മർദ്ദത്തിന് കാരണമായി," രമ്യ തുളസി പറഞ്ഞു.
ഒക്ടോബർ 2020ൽ താൻ യുകെയിൽ പഠിക്കാൻ തുടങ്ങിയപ്പോൾ പഠനം പ്രധാനമായും ഓൺലൈനിലായിരുന്നുവെന്ന് അരുൺ ഓർക്കുന്നു. സർവ്വകലാശാല ഹൈബ്രിഡ് മോഡിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അധ്യാപനം മാത്രമല്ല, അത്യാവശ്യ കാര്യങ്ങൾക്ക് പോലും ആളുകൾ വീട്ടിൽ നിന്ന് ഇറങ്ങാൻ ഭയപ്പെട്ടിരുന്ന സമയമായിരുന്നു അത്.
"ഞാൻ ക്ലാസുകൾക്ക് പോകാൻ ശ്രമിച്ചെങ്കിലും, ശൂന്യമായ യൂണിവേഴ്സിറ്റി കാമ്പസ് എന്നിൽ ഏകാന്തത ഉളവാക്കി. മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക്, സാധാരണ നിലയിലേക്ക് കാര്യങ്ങൾ മടങ്ങിയപ്പോഴേക്കും എന്റെ കോഴ്സ് അവസാനിച്ചു," അദ്ദേഹം പറഞ്ഞു.
ഒരു പാർട്ട് ടൈം ജോലി കണ്ടെത്തുന്നത് വളരെ എളുപ്പമാണെന്നും, അതിലൂടെ വിദേശപഠനത്തിലെ കടം വീട്ടാൻ കഴിയുമെന്നും ഏജന്റ് തന്നോട് പറഞ്ഞതായി കൃതി പറയുന്നു. കൃതിയുടെ സമ്പാദ്യത്തിൽ ഭൂരിഭാഗവും ദൈനംദിന ചെലവുകൾക്കായി പോകുന്നതിനാൽ അവർക്ക് ഇത് വരെയായി എടുത്ത വായ്പ തിരിച്ചു അടച്ചു തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
വിദേശത്ത് പഠിക്കുന്നത് ദുഷ്കരമാണെന്നിരിക്കെ, സഹായം തേടുന്നത് തങ്ങൾക്ക് ഗുണം ചെയ്തുവെന്ന് പലരും പറഞ്ഞു. സബിൻ അമീർ 2020 സെപ്റ്റംബറിൽ യുകെയിലേക്ക് പോയി, ഒരു പരിക്കിനെത്തുടർന്ന് നാല് മാസത്തേക്ക് താമസം നീട്ടേണ്ടി വന്നു.
"എന്റെ പരിക്ക് കാരണം എന്റെ പ്രബന്ധം എഴുതുന്നത് ഏതാണ്ട് അസാധ്യമായി. അത് കൊണ്ട് എനിക്ക് കൂടുതൽ സമയം എടുക്കേണ്ടി വന്നു. ഇക്കാരണത്താൽ, ഞാൻ ചില മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടിന്നുണ്ടായിരുന്നു, പക്ഷേ എന്റെ യൂണിവേഴ്സിറ്റി, എന്റെ ജിപി (ജനറൽ പ്രാക്ടീഷണർ), എന്റെ തെറാപ്പിസ്റ്റ് എന്നിവർ എന്നെ വളരെയധികം സഹായിച്ചു. കാര്യങ്ങൾ മെച്ചപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും പിന്തുണയും പ്രചോദനവും എനിക്ക് ലഭിക്കുന്നുണ്ടെന്ന് അവർ ഉറപ്പു വരുത്തി. അതേ സമയം, ഇന്ത്യയിൽ വലിയൊരു അപകടം സംഭവിച്ച ഒരാളെ എനിക്കറിയാം, അവർക്ക് പക്ഷേ എനിക്ക് ലഭിച്ചത് പോലുള്ള സഹായം ലഭിച്ചില്ല. ചില രാജ്യങ്ങളിൽ മാനസികാരോഗ്യത്തെ ക്കുറിച്ച് ഗൗരവമായ സമീപനം ഉണ്ടെന്ന വസ്തുത വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സാഹചര്യം അനുകൂലമാക്കുന്നതിന് വളരെ സഹായകമാകുന്നുണ്ട്," സബിൻ അമീർ പറഞ്ഞു.
"നിരവധി സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് സജീവമായി തെറാപ്പി നൽകുന്നുണ്ട്, ഇത് സഹായകരമായ ഒന്നാണ്," യുകെയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി പറഞ്ഞു, കാമ്പസിൽ ലഭ്യമായ തെറാപ്പിസ്റ്റുകളുടെ സഹായം തേടാൻ തുടങ്ങിയെന്നും അത് തന്റെ ഗ്രേഡുകൾ ഗണ്യമായി വർദ്ധിപ്പിക്കാൻ കാരണമായതായും ആ വിദ്യാർത്ഥിനി വ്യക്തമാക്കി.
"മഹാമാരിക്കാലത്ത്, എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. അതോടെ എന്റെ മാനസികാരോഗ്യം തകരാൻ തുടങ്ങി. എന്റെ ഗ്രേഡുകളും കുറയാൻ തുടങ്ങി, ആ സാഹചര്യത്തിലാണ് ഒരു തെറാപ്പിസ്റ്റിനെ ഇ-മീറ്റ് ചെയ്യാൻ എന്റെ ടീച്ചർ ഉപദേശിച്ചത്. അക്കാലത്ത് എന്റെ സർവ്വകലാശാലയിലെ സൗജന്യ തെറാപ്പി സെഷനുകളിൽ ഞാൻ പങ്കെടുക്കാൻ തുടങ്ങി, പതുക്കെ എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞു. എന്റെ ഗ്രേഡുകൾ കൂടി, ഏതാനും മാസങ്ങൾക്കുള്ളിൽ എന്റെ ഉന്മേഷവും വർദ്ധിച്ചു," 2019 ൽ യുകെയിലേക്ക് പോയ രാധിക* (അവരുടെ ആവശ്യ പ്രകാരം മാറ്റിയ പേര്) പറഞ്ഞു.
കോളജുകളിൽ മാനസികാരോഗ്യം കുറയുമെന്ന ആശങ്ക കണക്കിലെടുത്ത്, ചില സർവകലാശാലകൾ വിദ്യാർത്ഥികളെ സഹായിക്കാൻ കോഴ്സുകളും നടപ്പാക്കിയിട്ടുണ്ട്. യേൽ സർവകലാശാല ആദ്യമായി നടപ്പാക്കിയ 'ദി സയൻസ് ഓഫ് വെൽബീയിങ്' 2020-ലെ ഏറ്റവും ജനപ്രിയമായ കോഴ്‌സുകളിലൊന്നായിരുന്നു. ലോകമെമ്പാടുമായി 2.5 ദശലക്ഷത്തിലധികം എൻറോൾമെന്റുകളോടെ 2020-ലെ ഏറ്റവും ഹിറ്റായ കോഴ്സായി അത് മാറി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.