എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടന ദിനമായി ആചരിക്കുന്നു. ഇന്നലെയും രാജ്യമാകെ ഭരണഘടന ദിനം ആചരിച്ചു. എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും വലുത് ഇന്ത്യയുടേതാണ്. ഇന്ത്യൻ ഭരണഘടനയ്ക്കു പിന്നിൽ വലിയ കഠിനാധ്വാനമുണ്ട്. വർഷങ്ങളെടുത്താണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന തയാറാക്കിയത്.
70 വർഷങ്ങൾക്കു മുൻപ്- നവംബർ 26, 1949- ഇന്ത്യൻ ഭരണഘടന നിർമാണ സഭ നമ്മുടെ ഭരണഘടന അംഗീകരിച്ചു. 2015 മുതൽ ഈ ദിവസം ഭരണഘടന ദിനമായി രാജ്യം ആചരിക്കുന്നു. ‘സംവിധാൻ ദിവസ്’ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഭരണഘടന പ്രാബല്യത്തിൽ വന്ന് രണ്ടു മാസങ്ങൾക്കുശേഷം, 1950 ജനുവരി 26 ന് – റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഭരണഘടന ദിനം
“ജനങ്ങൾക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ” പ്രോത്സാഹിപ്പിക്കുന്നതിനായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കാൻ 2015 മേയിൽ കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചു. ഭരണഘടനയുടെ കരട് സമിതി ചെയർമാൻ ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ 125-ാം ജന്മവാർഷികം ആഘോഷിച്ച വർഷമാണിത്.
അംബേദ്കറുടെ പാരമ്പര്യത്തിൽ അവകാശവാദമുന്നയിക്കാനുള്ള നീക്കമായിരുന്നു കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിനു പിന്നിൽ. സംഘ വിരുദ്ധ വ്യക്തികളായ ഭഗത് സിങ്, റാം മനോഹർ ലോഹിയ അടക്കമുളളവരെ ഈ ശ്രേണിയിൽ ഉൾപ്പെടുത്താൻ ബിജെപി ശ്രമിച്ചിരുന്നു.
2015 നവംബർ 19 ന്, നവംബർ 26 ഭരണഘടന ദിനമായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനു മുൻപ് ഈ ദിവസം ദേശീയ നിയമ ദിനമായാണ് ആചരിച്ചുപോന്നിരുന്നത്. അംബേദ്കറായിരുന്നു ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി.
”ഈ വർഷം രാജ്യം ഡോ.ബി.ആർ.അംബേദ്കറുടെ 125-ാമത് ജന്മദിന വാർഷികം ആഘോഷിക്കുകയാണ്. ഈ വർഷം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക ആഘോഷങ്ങളുടെ ഭാഗമായിരിക്കും ‘ഭരണഘടനാ ദിനം’. ഡോ.അംബേദ്കറിനുള്ള ആദരാഞ്ജലിയാണിത്. ഭരണഘടന നിർമാണ സഭ കരട് സമിതിയുടെ ചെയർമാനായി ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു,” ഔദ്യോഗിക വാർത്താക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി.
ഭരണഘടന നിർമാണ സഭ
ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരണത്തിനായാണ് ഭരണഘടന നിർമാണ സഭയ്ക്ക് രൂപം കൊടുത്തത്. 1946 ഡിസംബർ 9 ന് ഭരണഘടന നിയമ നിർമാണ സഭ ആദ്യ യോഗം ചേർന്നു. 9 വനിതകളടക്കം 207 അംഗങ്ങൾ പങ്കെടുത്തു. തുടക്കത്തിൽ നിയമസഭയിൽ 389 അംഗങ്ങളുണ്ടായിരുന്നു. പക്ഷേ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം അംഗസംഖ്യ 299 ആയി കുറഞ്ഞു. മൂന്നു വർഷമെടുത്താണ് ഭരണഘടനയുടെ കരട് തയാറാക്കിയത്. കരടിലെ ഉള്ളടക്കം മാത്രം തയാറാക്കാൻ 114 ദിവസങ്ങൾ വേണ്ടിവന്നു.
1946 ഡിസംബർ 13 ന് ജവഹർലാൽ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം 1947 ജനുവരി 22 ന് ഭരണഘടന ആമുഖമായി ഏകകണ്ഠമായി അംഗീകരിച്ചു. അംബേദ്കർ അധ്യക്ഷനായി ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി (ഡ്രാഫ്റ്റിങ് കമ്മിറ്റി) 1947 ഓഗസ്റ്റ് 29-ന് നിലവിൽ വന്നു. ഇന്ത്യയ്ക്കായി കരട് ഭരണഘടന തയ്യാറാക്കുക എന്നതായിരുന്നു അവരുടെ ചുമതല.
അവതരിപ്പിച്ച 7,600 ഭേദഗതികളിൽ 2,400 ഓളം ഭരണഘടനയെക്കുറിച്ചുളള ചർച്ചയിൽ കമ്മിറ്റി ഒഴിവാക്കി. ഭരണഘടന അംഗീകരിച്ച 1949 നവംബർ 26 ന്, ഭരണഘടനാ നിയമ നിർമാണ സഭയുടെ അവസാന സമ്മേളനമായിരുന്നു. 284 അംഗങ്ങൾ ഒപ്പിട്ടതിന് ശേഷം അടുത്ത വർഷം ജനുവരി 26 മുതൽ ഭരണഘടന പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണ സ്വരാജ് പ്രമേയം 1930 ൽ ജനുവരി 26 ന് പ്രഖ്യാപിച്ചതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.