മുംബൈ: കോവിഡിനു മുന്‍പുള്ള പന്ത്രണ്ടാം ക്ലാസ് പ്രകടന മാനദണ്ഡം അടുത്ത വര്‍ഷത്തെ പ്രവേശനത്തിനായി തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) തീരുമാനം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസിനു വിവരം ലഭിച്ചു.
കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വം കണക്കിലെടുത്ത് ബോര്‍ഡ് പരീക്ഷകളിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തില്‍ 2020-ല്‍ ഐ ഐ ടികള്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസ് സ്കൂള്‍ ലീവിങ് പരീക്ഷകള്‍ ഉപേക്ഷിക്കാനും പകരം ബദല്‍ മൂല്യനിര്‍ണയ പദ്ധതികള്‍ കൊണ്ടുവരാനും നിരവധി ദേശീയ, സംസ്ഥാന ബോര്‍ഡുകളെ നിര്‍ബന്ധിതമാക്കുകയായിരുന്നു.
12-ാം ക്ലാസ് (അല്ലെങ്കില്‍ തത്തുല്യമായ) പ്രകടനവുമായി ബന്ധപ്പെട്ട ഏക ആവശ്യകത, ഉദ്യോഗാര്‍ത്ഥികള്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷ എന്നിവയിലും മറ്റൊരു വിഷയത്തിലും ബോര്‍ഡ് പരീക്ഷ പാസാകണമെന്നതായിരുന്നു. ഈ രീതി രണ്ടു വര്‍ഷത്തേക്ക്, അതായത് ജെ ഇ ഇ (അഡ്വാന്‍സ്ഡ്) 2022 വരെ തുടര്‍ന്നു.
അക്കാദമിക് രംഗത്തിന്റെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് കണക്കിലെടുത്ത് 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പ്രകടനവുമായി ബന്ധപ്പെട്ട പ്രവേശന ആവശ്യകതകളില്‍ ഇളവ് ഒഴിവാക്കാന്‍ ഐ ഐ ടികള്‍ കൂട്ടായി തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കോവിഡിനു മുന്‍പ് ജെ ഇ ഇ (അഡ്വാന്‍സ്ഡ്) യോഗ്യതാ റാങ്കുള്ള ജനറല്‍ വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ഐ ടിയില്‍ സീറ്റ് ലഭിക്കാന്‍ ഒന്നുകില്‍ 12-ാം ക്ലാസില്‍ കുറഞ്ഞത് 75 ശതമാനം സ്കോര്‍ നേടുകയോ അല്ലെങ്കില്‍ ബോര്‍ഡ് ഫലങ്ങളുടെ ഉയര്‍ന്ന 20 ശതമാനത്തില്‍ ഇടം നേടിയിരിക്കണമായിരുന്നു.
പട്ടികജാതി (എസ് സി), പട്ടികവര്‍ഗ (എസ് ടി) വിദ്യാര്‍ഥികള്‍ കുറഞ്ഞത് 65 ശതമാനം സ്കോര്‍ നേടുകയോ അല്ലെങ്കില്‍ ഉയര്‍ന്ന 20 ശതമാനത്തില്‍ ഉള്‍പ്പെടുകയോ വേണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നേരത്തെ ബോര്‍ഡ് മാര്‍ക്ക് മാനദണ്ഡം പാലിച്ചിട്ടില്ലെങ്കില്‍ ജെ ഇ ഇ (അഡ്വാന്‍സ്ഡ്) യിലെ ശ്രദ്ധേയമായ റാങ്ക് പോലും പ്രവേശനത്തിനം ഉറപ്പുനല്കുമായിരുന്നില്ല.
കഴിഞ്ഞ മാസം നടന്ന ജോയിന്റ് അഡ്മിഷന് ബോര്‍ഡിന്റെ (ജെ എ ബി) യോഗത്തിലാണു കോവിഡിനു മുന്‍പുള്ള പന്ത്രണ്ടാം ക്ലാസ് പ്രകടന മാനദണ്ഡം പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. ജെ ഇ ഇ (അഡ്വാന്‍സ്ഡ്) നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ജെ എ ബിയാണ് എടുക്കുന്നത്. തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജെ ഇ ഇ (അഡ്വാന്‍സ്ഡ്)യാണ് ഐ ഐടികളിലേക്കുള്ള പ്രവേശനം നിര്‍ണയിക്കുന്നത്. ജെ ഇ ഇ (അഡ്വാന്‍സ്ഡ്) പരീക്ഷയില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജെ ഇ ഇ (മെയിന്‍) ലെ അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ പ്രകടനം യോഗ്യതാ മാനദണ്ഡങ്ങളിലൊന്നാണ്.
”മഹാമാരിക്കാലത്ത് ബോര്‍ഡ് പരീക്ഷകളില്‍ വളരെയധികം അനിശ്ചിതത്വമുണ്ടായിരുന്നു. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഒരു വര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കപ്പെട്ടു. മറ്റു രണ്ടു വര്‍ഷങ്ങളില്‍, ഓണ്‍ലൈന്‍ പഠനവും മറ്റും പരിഗണിച്ച് പരീക്ഷകള്‍ക്കു വ്യത്യസ്ത ഇളവുകള്‍ ഉണ്ടായിരുന്നു. ബോര്‍ഡ് പരീക്ഷകളുടെ കാര്യത്തില്‍ സാധാരണ നില തിരിച്ചെത്തുകയും സ്കൂളുകള്‍ വീണ്ടും മുഴുവന്‍ സിലബസും ഉള്‍ക്കൊള്ളാന്‍ തുടങ്ങുകയും ചെയ്തതിനാല്‍, ബോര്‍ഡ് മാര്‍ക്ക് സംബന്ധിച്ച ജെ ഇ ഇ (അഡ്വാന്‍സ്ഡ്) യോഗ്യതാ മാനദണ്ഡം അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്കു തിരികെ പോകുകയാണ്,” ഒരു ജെ എ ബി അംഗം പറഞ്ഞു.
സാധാരണ നിലയിലേക്കു തിരിച്ചെത്തുന്ന തീരുമാനം പ്രതീക്ഷിക്കുന്നതായി ജെ ഇ ഇ പരീക്ഷാ പരിശീലനം നല്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായ മുംബൈ എഫ്ഐഐടി ജെ ഇ ഇ ഡയറക്ടര്‍ മോഹിത് സര്‍ദാന പറഞ്ഞു.
”വ്യക്തതയ്ക്കായി അത്തരം വിവരങ്ങള്‍ ലഭ്യമാക്കേണ്ടത് പ്രധാനമാണ്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് ജെ ഇ ഇ (മെയിന്‍) ല്‍ മികച്ച സ്കോര്‍ നേടിയിട്ടും ജെ ഇ ഇ (അഡ്വാന്‍സ്ഡ്) യോഗ്യത നേടാനാകാത്ത അപൂര്‍വ സംഭവങ്ങളുണ്ട്. കാരണം അവന്/അവള് ബോര്‍ഡ് മാനദണ്ഡമെന്ന യോഗ്യത നേടുന്നില്ല,” അദ്ദേഹം പറഞ്ഞു. വ്യക്തതയ്ക്കുവേണ്ടി ജെ ഇ ഇ (അഡ്വാന്‍സ്ഡ്) 2023 വിവര ബ്രോഷറിനായി കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
പുതിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി യു ഇ ടി) അടിസ്ഥാനമാക്കി രാജ്യത്തെ തൊണ്ണൂറോളം സര്‍വകലാശാലകള്‍ ബിരുദ പ്രോഗ്രാമുകളിലേക്കു വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച സമയത്താണ് ഐ ഐ ടികളുടെ തീരുമാനം. വിദ്യാര്‍ഥികള്‍ ബോര്‍ഡ് പരീക്ഷ വിജയിക്കണമെന്നു മാത്രമാണ് ഈ വര്‍ഷം ഭൂരിഭാഗം കേന്ദ്ര സര്‍വകലാശാലകളും ആവശ്യപ്പെട്ടത്. തുടര്‍ന്ന് അവരുടെ സി യു ഇ ടി സ്കോര്‍ കൂടി അടിസ്ഥാനമാക്കിയാണു പ്രവേശനം നല്‍കിയത്.