ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയും നിശ്ചലമായിരിക്കുകയാണ്. ഇതിനോടകം അധ്യയനം ആരംഭിക്കേണ്ടതാണെങ്കിലും രോഗം ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഇനിയും തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടില്ല. കേരളത്തിലടക്കം ചില സ്ഥലങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഓൺലൈൻ ക്ലാസിനുള്ള സൗകര്യങ്ങൾ ഇല്ലാത്തത് തിരിച്ചടിയാണ്. ഇക്കാരണങ്ങളാൽ സിലബസിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം.

വരുന്ന അധ്യയന വർഷത്തിലേക്കുള്ള സിലബസ് വെട്ടിക്കുറയ്ക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസങ്ങളായി അടച്ചിടേണ്ട സാഹചര്യം വന്നതിനാൽ സിലബസും അധ്യയന സമയവും വെട്ടിക്കുറയ്ക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാൽ പറഞ്ഞു. ഇക്കാര്യത്തിൽ രക്ഷിതാക്കൾ, അക്കാദമിക് വിദഗ്ധർ എന്നിവരുടെ അഭിപ്രായം തേടിയിരിക്കുകയാണ് മന്ത്രി.

Also Read: എസ്എസ്എൽസി പരീക്ഷാഫലം ജൂലെെ ആദ്യവാരത്തിൽ

സ്‌കൂളുകളിലെ അധ്യയനദിനങ്ങള്‍ 220 ദിവസത്തില്‍ നിന്ന് 100 ആയി വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഓരോ അക്കാദമിക് വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റം കൊണ്ടുവരും. സിലബസ് മുപ്പത് ശതമാനം മുതല്‍ അന്‍പത് ശതമാനം വരെ വെട്ടി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

Also Read: കൊറോണ കാലത്ത് ഓൺലൈൻ പഠനം എളുപ്പമാക്കാൻ ചില വഴികൾ

അതേസമയം, ഏറ്റവും വലിയ വിദ്യാഭ്യാസ ബോർഡുകളിലൊന്നായ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) നിലവിലെ സാഹചര്യത്തിൽ സിലബസ് ചുരുക്കാൻ ആലോചിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മത്സര പരീക്ഷകളുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് കാത്തിരുന്നു കാണണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook