scorecardresearch

എസ് എസ് എൽ സി പരീക്ഷയ്ക്ക് ഒരുങ്ങാം ആത്മവിശ്വാസത്തോടെ

എസ് എസ് എൽ സി പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എസ് എസ് എൽ സി പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

author-image
Education Desk
New Update
SSLC, Exam Stress, Exam stress, how to handle exam stress, exam anxiety

എസ് എസ് എൽ സി പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഭീമാകാരനായ ഒരു ശത്രുവിനെയെന്ന പോലെയാണ് പലരും എസ് എസ് എൽ സി പരീക്ഷയെ നോക്കി കാണുന്നത്. എന്നാൽ പരീക്ഷപ്പേടി അകറ്റി, ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്കായി തയ്യാറെടുക്കാനുള്ള പൊടികൈകൾ നിർദ്ദേശിക്കുകയാണ് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. സന്ദീഷ് പി.ടി.

Advertisment

സ്റ്റഡി ലീവ് ദിവസങ്ങൾ ഫലപ്രദമായി ഉപയോഗിച്ചാൽ തന്നെ ടെൻഷനില്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാം എന്നാണ് ഡോ. സന്ദീഷ് പറയുന്നത്. "പരീക്ഷയെ ഭയക്കേണ്ടതില്ല. എസ് എസ് എൽ സി പരീക്ഷയ്ക്കു മുന്നോടിയായി എത്രയോ പരീക്ഷകളെ നേരിട്ടവരല്ലേ നിങ്ങൾ. മോഡൽ പരീക്ഷയുടെ ചോദ്യങ്ങളുടെ മാതൃക തന്നെയായിരിക്കും പൊതുപരീക്ഷയിലെ ചോദ്യങ്ങൾക്കും. അതിനാൽ പരീക്ഷയെ ഓർത്ത് അമിതമായ ഭയമോ ടെൻഷനോ വേണ്ട," സന്ദീഷ് കൂട്ടിച്ചേർത്തു.

സ്റ്റഡി ലീവ് ദിവസങ്ങളിൽ ആരോഗ്യകരമായ ഒരു ദിനചര്യ പിൻതുടരുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും സമയത്ത് ഉറങ്ങാനും ശ്രദ്ധിക്കുക. നമ്മൾ പഠിച്ച കാര്യങ്ങൾ തലച്ചോറിൽ അടുക്കി പെറുക്കി വെക്കുന്ന പ്രക്രിയ നടക്കുന്നത് ഉറങ്ങുമ്പോളാണ്. കുറഞ്ഞത് 6 മണിക്കൂർ എങ്കിലും തടസ്സമില്ലാതെ ഉറങ്ങേണ്ടത്‌ അത്യാവശ്യമാണ്. അതിനാൽ തന്നെ ഉറക്കമിളച്ചിരുന്നുള്ള പഠനം വേണ്ട. പകരം പഠിക്കാനായി ദിവസവും ഒരു നിശ്ചിത സമയം കണ്ടെത്തുക. പുലർച്ചെ 5 മുതൽ 8 വരെയുള്ള സമയം പഠിക്കാൻ ഏറ്റവും മികച്ച സമയമാണ്. ആ സമയത്ത് നിങ്ങളുടെ ഓർമശക്തിയും ഏകാഗ്രതയുമൊക്കെ വർധിച്ചിരിക്കും. എന്നാൽ ചില കുട്ടികൾക്ക് രാവിലെ ഇരുന്ന് പഠിക്കുന്നതിലും ശ്രദ്ധ ലഭിക്കുന്നത് രാത്രിനേരങ്ങളിലായിരിക്കും. തനിക്ക് പഠിക്കാൻ ഏറ്റവും ഇണങ്ങുന്ന സമയമേതാണ് എന്ന് വിദ്യാർത്ഥി തന്നെ സ്വയം നിരീക്ഷിച്ച് മനസ്സിലാക്കണം. ഈ സമയത്തെ ‘ബ്രെയിൻ അവർ’ എന്നാണ് വിളിക്കുന്നത്. ഏറ്റവും നന്നായി പഠിക്കാൻ തനിക്കു കഴിയുമെന്ന് ഉറപ്പുള്ള ‘ബ്രെയിൻ അവർ’ മനസ്സിലാക്കി ആ സമയം പഠനത്തിനായി മാറ്റി വയ്ക്കുക.

പഠിക്കുന്ന സമയത്ത് മറ്റു ചിന്തകൾ വേണ്ട. പഠിക്കാൻ ഇരിക്കുന്നതിന് മുൻപായി ശ്വസന വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും. അത് നമ്മുടെ ഏകാഗ്രത വർധിപ്പിക്കും. ഊർജ്ജസ്വലരായി വേണം പഠിക്കാൻ ഇരിക്കാൻ. കിടന്നും ചാരിക്കിടന്നുമൊക്കെ പഠിക്കുന്നത് ശരീരത്തിനും മനസ്സിനും നല്ലതല്ല. ശരീരം നേരെ വരുന്ന രീതിയിൽ നിവർന്നിരുന്നു പഠിക്കാൻ ശ്രമിക്കുക.

Advertisment

പഠിച്ചു പോവുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ട സൂത്രവാക്യങ്ങളും നിർവചനങ്ങളുമെല്ലാം എഴുതി കൂടി പഠിക്കാൻ ശ്രമിക്കുക. പെട്ടെന്ന് ഓർക്കാനായി ഇവമുറിയിൽ ഒട്ടിച്ചുവയ്ക്കുകയുമാവാം. അതുപോലെ ഓരോ അധ്യായത്തിലെയും പ്രധാന പോയിന്റുകളും ഈ രീതിയിൽ ഓർത്തുവയ്ക്കാം. പ്രധാനപ്പെട്ട നിർവചനങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്ന രീതിയിൽ പറഞ്ഞു നോക്കുക.പറയുമ്പോൾ ചില കാര്യങ്ങൾ മറന്നു പോയിട്ടുണ്ടാകാം. ആ സമയം എനിക്ക് അത് ഓർമ്മയില്ല എന്ന ബോധത്തോടെ നമ്മൾ വീണ്ടും ഒന്ന് നോക്കുക. ഇത്‌ വഴി കാര്യങ്ങൾ കൃത്യമായി തലച്ചോറിൽ രജിസ്റ്റർ ചെയ്യും.

ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ധരിക്കാനുള്ള യൂണിഫോം, ബാഗ് തുടങ്ങിയവയൊക്കെ മുൻകൂട്ടി തയ്യാറാക്കി വയ്ക്കുക. പരീക്ഷ ദിവസത്തിനു തലേദിവസം നേരത്തെ കിടക്കാനും പരീക്ഷദിവസം നേരത്തെ ഉണരാനും മറക്കരുത്. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപെങ്കിലും സ്കൂൾ പരിസരത്ത് എത്തിച്ചേരുക.

പരീക്ഷയുടെ ആദ്യത്തെ 15 മിനിട്ട് കൂൾ ഓഫ് ടൈമാണ്. ആ സമയം മനസ്സിനെ റിലാക്സ് ആക്കാനും ചോദ്യങ്ങൾ ശ്രദ്ധാപൂർവം വായിക്കാനുമായി വിനിയോഗിക്കുക.

ഒരു ചോദ്യവും വിട്ടുകളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അറിയാവുന്ന ഉത്തരങ്ങൾ ആദ്യം തന്നെ എഴുതുക. അറിയാത്ത ചോദ്യങ്ങൾ ഒന്നുകൂടി മനസ്സിരുത്തി വായിച്ച് അറിയാവുന്ന രീതിയിൽ ഉത്തരം നൽകാൻ ശ്രമിക്കുക. മാർക്കിന് അനുസൃതമായി വേണം ഉത്തരങ്ങൾ സമയബന്ധിതമായി ഏഴുതുവാൻ. ഉത്തരപേപ്പർ കൊടുക്കുന്നതിന് മുമ്പായി എല്ലാം ഒന്ന് കൂടി കൃത്യമായി പരിശോധിക്കുക.

എഴുതി കഴിഞ്ഞ പരീക്ഷയെക്കുറിച്ച് കൂടുതൽ ആലോചിച്ച് സമ്മർദ്ദത്തിലാവരുത്. അടുത്ത പരീക്ഷയ്ക്കായി മനസ്സിനെ സജ്ജീകരിക്കുകയും ഒരുങ്ങുകയും ചെയ്യുക.

Sslc Exam Sslc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: