തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകും. നഗരത്തിലെ ട്രിപ്പിൾ ലോക്ക്ഡൗണിനെത്തുർന്ന് സെക്രട്ടറിയേറ്റ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിലാണിത്. ട്രിപ്പിൾ ലോക്ക്ഡൗണിന് ശേഷം പരീക്ഷാഫലപ്രഖ്യാപനം സംബന്ധിച്ച് തുടർന്നുള്ള തീരുമാനമുണ്ടാവുമെന്ന് ജോയിന്റ് ഡയരക്ടർ ഓഫ് എക്സാമിനേഷൻ, എസ്എസ് വിവേകാനന്ദൻ അറിയിച്ചു.
“തലസ്ഥാനത്ത് ലോക്ക്ഡൗൺ കാരണം ഞങ്ങൾക്ക് പ്ലസ് ടു ഫലം പുറത്തിറക്കാൻ കഴിയില്ല. മൂല്യനിർണ്ണയാനന്തര പ്രക്രിയ ഇപ്പോഴും അവശേഷിക്കുന്നു. ലോക്ക്ഡൗൺ എടുത്തുകഴിഞ്ഞാൽ ഫലപ്രഖ്യാപനത്തിനുള്ള തീരുമാനം എടുക്കും,” എസ്എസ് വിവേകാനന്ദൻ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ഫലം ജൂലൈ 10ന് പ്രഖ്യാപിക്കാനായിരുന്നു തീരുമാനം.
Read More: NEET, JEE Main Exam 2020: നീറ്റ്, ജെഇഇ മെയിൻ പരീക്ഷകള്‍ സെപ്റ്റംബറില്‍
തലസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് പ്രകാരം 13ന് ട്രിപ്പിൾ ലോക്ക്ഡൗൺ അവസാനിക്കും. നഗരത്തിലെ കോവിഡ് വ്യാപനം വർധിക്കുകയാണെങ്കിൽ ഫലപ്രഖ്യാപനവും അതിനനുസരിച്ച് വൈകാനാണ് സാധ്യത.
മാർച്ചിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് പ്ലസ് ടു, വിഎച്ച്എസ്ഇ അടക്കമുള്ള ഹയർ സെക്കന്‍ഡറി പരീക്ഷകൾ മാറ്റിവച്ചിരുന്നു. പിന്നീട് മേയ് അവസാനത്തോടെ പരീക്ഷ നടത്തി. മെയ് 30 നായിരുന്നു പരീക്ഷ സമാപിച്ചത്.
Read More: സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകൾ ഒക്ടോബര്‍ നാലിന്
ഇതേ സമയത്ത് നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലം ജൂൺ 30 ന് പ്രഖ്യാപിച്ചിരുന്നു. മൊത്തം 98.82 ശതമാനം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചിരുന്നു. ജൂൺ അവസാനത്തോടെയാണ് എസ്എസ്എൽസി പരീക്ഷകൾ 30നും ഹയർ സെക്കൻഡറി പരീക്ഷകൾ ജൂലൈ 10നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
ഹയർ സെക്കൻഡറി ഫലം പുറത്തുവന്നാൽ keralaresults.nic.in എന്ന വെബ്‌സൈറ്റ് വഴി അവ പരിശോധിക്കാൻ കഴിയും. കേരള സർക്കാരിന്റെ മറ്റ് വെബ്സൈറ്റുകളിലും ഫലം ലഭ്യമാവും. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala .gov.in, examresults.net/kerala എന്നീ വെബ്സൈറ്റുകൾ വഴിയാണ് ഫലം ലഭ്യമാവുക. വിദ്യാഭ്യാസ വകുപ്പിന്റെ സഫലം ആപ്പ് വഴിയും ഫലം അറിയാനാവും.
Read More: DHSE Kerala Plus Two HSE, VHSE results postponed due to lockdown